കോഴിക്കോട് /കുവൈത്ത് ∙ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കു കുവൈത്തിൽനിന്നും നേരിട്ടുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ കുവൈത്ത് വയനാട് ജില്ലാ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. പൊതുവേ യാത്രാ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയനാട്ടുകാരായ പ്രവാസികളുടെ ആകെയുള്ള ആശ്രയമാണ് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ. വിമാനങ്ങൾ നിർത്തലായാൽ വയനാട്ടുകാരായ കുവൈത്ത് പ്രവാസികൾ ബെംഗളൂരൂ പോലുള്ള ഇതരസംസ്ഥാനത്തെ വിമാനത്താവളങ്ങൾ ആശ്രയിക്കേണ്ടിവരും.  
 
ചുരം കയറാതെ വയനാട്ടിൽ എത്താൻ പ്രവാസികൾ ബെംഗളൂരൂ വിമാനത്താവളത്തെ ആശ്രയിക്കുന്നുണ്ട്. ബെംഗളൂരൂ വിമാനത്താവളത്തിൽനിന്നും മൈസൂർവരെ ബസ് സൗകര്യം ലഭ്യമാണ്. ഇത് വയനാട്ടിലെ ബത്തേരി വരേയോ കർണ്ണാടകത്തിലെ ഗുണ്ടൽപേട്ട് വരെയോ ആക്കിയാൽ വയനാട്ടിൽനിന്നുള്ള പ്രവാസികൾക്ക് ബെംഗളൂരൂവിനെ കൂടുതലായി ആശ്രയിക്കുവാൻ സാധിക്കുമായിരുന്നു. പക്ഷേ രാത്രി യാത്രാ നിരോധനം മറുവശത്തു വെല്ലുവിളിയായി നിൽക്കുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇല്ലാതായാൽ കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ വയനാട്ടുകാരായ ആയിരക്കണക്കിനു പ്രവാസികൾ കഷ്ടപ്പെടും എന്നതിൽ സംശയമില്ല.  
 
വ്യോമയാന മന്ത്രാലയം ഈ വിഷയത്തിൽ പ്രവാസികൾക്കു ഗുണകരമായ തീരുമാനം എത്രയും വേഗം കൈക്കൊള്ളണമെന്നും വിഷയത്തിൽ എംപി പ്രിയങ്കാ ഗാന്ധി ഇടപെടണമെന്നും കുവൈത്തിൽനിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്നും കുവൈത്ത് വയനാട് ജില്ലാ അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജിനേഷ് ജോസ്, ജനറൽ സെക്രട്ടറി ഗിരീഷ് ആണ്ടൂർവളപ്പിൽ, ട്രഷറർ ഷൈൻ ബാബു , വൈസ് പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ , ജോയിന്റ് സെക്രട്ടറി എബി ജോയി പുൽപ്പള്ളി, ജോയിന്റ് ട്രഷറർ ഷിനോജ് ഫിലിപ്പ്, വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഷിബു മാത്യു , വനിതാവേദി പ്രസിഡന്റ് ഷീജ സജി എന്നിവർ ആവശ്യപ്പെട്ടു. 
  
  English Summary:  
Air India Express flight cancellations impacting NRIs, especially from Wayanad. The decision to halt direct Air India Express flights from Kuwait to Kozhikode and Kannur airports has sparked strong protests, particularly affecting the Wayanad diaspora who rely on these routes. |