അവഗണനയുടെ താവളം 
  
 കണ്ണൂർ വിമാനത്താവളത്തിൽ ഓരോ വിമാനം ഇറങ്ങുമ്പോഴും ഉള്ളുപിടയുന്ന ഇരുനൂറിലേറെ കുടുംബങ്ങളുണ്ട്. റൺവേ വികസനത്തിന് സ്ഥലം വിട്ടുനൽകി 8 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ  
  
 -  Also Read  പ്രിയങ്ക പറഞ്ഞു: റിമൂവ് ഹിം ഇമ്മീഡിയറ്റ്ലി; വഴിമാറി അപ്പച്ചൻ, രാജി സ്വീകരിച്ചത് നേതൃത്വം അറിയിച്ചില്ല   
 
    
 
ആകെയുള്ള ഭൂമി വിമാനത്താവളത്തിന്റെ നാലാംഘട്ട വികസനത്തിനു വിട്ടുനൽകിയപ്പോൾ അതിൽനിന്നു ലഭിക്കുന്ന പണംകൊണ്ടു ജീവിതം പച്ചപിടിക്കുമെന്നായിരുന്നു കണ്ണൂർ കാനാട് സ്വദേശി ഇ.കെ.ലേഖയുടെ പ്രതീക്ഷ. എന്നാൽ, ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെവരെ കണ്ടിട്ടും പ്രയോജനമുണ്ടായില്ല. പെട്രോൾ പമ്പിലെ ജോലികൊണ്ടാണു ലേഖ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.  
  
 -  Also Read  പുതുച്ചേരി കാർ ഇടപാട്: മന്ത്രി ഗണേഷ് കുമാറിന്റെ സത്യവാങ്മൂലവും റജിസ്ട്രേഷൻ രേഖയുമായി വൈരുധ്യം   
 
    
 
സമാന അനുഭവമുള്ള 210 കുടുംബങ്ങൾ മട്ടന്നൂരിലുണ്ട്. വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്തതിനാൽ ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ ഇവർക്കു കഴിയുന്നില്ല.  
 
3050 മീറ്റർ റൺവേ 4000 മീറ്റർ ആക്കാനായി കീഴല്ലൂർ വില്ലേജിലെ കാനാട്, കോളിപ്പാലം മേഖലയിലെ 245 ഏക്കറാണ് ഏറ്റെടുക്കാൻ ധാരണയായത്. 2017ൽ നടപടിക്രമങ്ങൾ ആരംഭിച്ചു. വസ്തുവകകളുടെ മൂല്യനിർണയവും നടത്തി. 8 വർഷത്തിനിടെ ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുകയും നിവേദനങ്ങൾ നൽകുകയും ചെയ്തെങ്കിലും തുടർനടപടി ഉണ്ടാകുന്നില്ല. നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയോ ഭൂമി തിരികെനൽകുകയോ ചെയ്തില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന് ഇവിടത്തുകാർ പറയുന്നു.  
 
നഷ്ടപരിഹാരത്തിനു 942.63 കോടി രൂപ വേണ്ടിവരുമെന്നാണു സർക്കാർ നേരത്തേ നിയമസഭയിൽ അറിയിച്ചത്. സാമ്പത്തികപ്രതിസന്ധി കാരണം വൻതുക കണ്ടെത്താനുള്ള പ്രയാസമാണ് ഏറ്റെടുക്കൽ നടപടികൾ നിലച്ചതിന്റെ കാരണം.  
 
2017 മേയ് 21ന് വേനൽമഴയിൽ വിമാനത്താവള പ്രദേശത്തുനിന്ന് ഉരുൾപൊട്ടൽ കണക്കെ വെള്ളവും കല്ലും മണ്ണും കുത്തിയൊഴുകിവന്നപ്പോൾ പ്രാണരക്ഷാർഥം വീടൊഴിഞ്ഞുപോയ 6 കുടുംബങ്ങളുണ്ട്. 6 മാസത്തിനകം നഷ്ടപരിഹാരവും പുനരധിവാസവും ശരിയാക്കാമെന്നു കലക്ടർ ഉൾപ്പെടെ ഉറപ്പുനൽകിയെങ്കിലും ഒന്നുമുണ്ടായില്ല. വീടുകൾ വാസയോഗ്യമല്ലെന്നു കണ്ടാണ് ഇവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. വാടകവീട്ടിലേക്കാണു പലരും മാറിയത്. വിമാനത്താവള കമ്പനിയായ കിയാൽ വാടക നൽകാനും ധാരണയായിരുന്നു. എന്നാൽ 8 മാസം മാത്രമാണു വാടക ലഭിച്ചത്.  
 
റൺവേ വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അതിനൊപ്പം മാത്രമേ ഈ 6 കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാനാകൂ എന്നുമാണ് അധികൃതരുടെ നിലപാട്. വേദനയോടെ വീടൊഴിഞ്ഞവരിൽ പി.കെ.നാരായണിയമ്മയും തമ്പായിയമ്മയും ഇന്നു ജീവിച്ചിരിപ്പില്ല.  
 
നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായ കീഴല്ലൂർ നല്ലാണിയിലെ കെ.സനിലിന്റെ കുടുംബത്തിന് കൂനിൻമേൽകുരു പോലെയാണ് കേരള ബാങ്കിന്റെ ജപ്തിഭീഷണി എത്തിയത്. 2016ൽ ബിസിനസ് തുടങ്ങാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ 31.68 ലക്ഷം രൂപ കുടിശികയായി. വീടുൾപ്പെടെ 1.23 ഏക്കർ ബാങ്ക് കൈവശപ്പെടുത്തിയതായാണ് ജപ്തി നോട്ടിസിലുള്ളത്. 10 സെന്റ് വിറ്റാൽ തീർക്കാവുന്ന കടമേ തങ്ങൾക്കുള്ളൂവെന്ന് സനിൽ പറയുന്നു. എന്നാൽ, വിമാനത്താവളത്തിന് ഏറ്റെടുത്ത സ്ഥലം വിൽക്കാനാകുന്നില്ല. വിമാനത്താവളത്തിന്റെ തൊട്ടരികിൽ അരയേക്കർ സ്ഥലംകൂടി സനിലിനുണ്ടെങ്കിലും ഇതും ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.    മട്ടന്നൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഇ.കെ.ലേഖ.  
 
വരിഞ്ഞുമുറുക്കി, ചങ്ങലയിൽ 
  
 കെഎസ്ഇബി പദ്ധതിക്കായി ആരോ എന്നോ നീട്ടിപ്പിടിച്ച ചങ്ങലയിൽ ഇന്നും കുരുങ്ങിക്കിടക്കുകയാണ് ഇടുക്കിയിലെ ഒരുകൂട്ടം ജീവിതങ്ങൾLiving Will, Advance Healthcare Directive, End-of-Life Care, Palliative Care, Right to Die, Malayala Manorama Online News, Kerala Healthcare, Elderly Care Kerala, Healthcare Decisions, Medical Ethics, ലിവിങ് വിൽ, സൗഖ്യ മരണം, ആരോഗ്യ പരിചരണം, വൃദ്ധജന സംരക്ഷണം, മെഡിക്കൽ എത്തിക്സ്, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News     
 
ഇടുക്കിയിലെ അണക്കെട്ടുകൾ സമൃദ്ധമാകുമ്പോൾ കെഎസ്ഇബിക്കു സന്തോഷമാണ്; ജലനിരപ്പ് പൂർണതയിലെത്തുമ്പോൾ, സമീപത്തെ ജണ്ടയിൽനിന്ന് 200 മീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ കൈവശാവകാശ രേഖയുള്ള അയ്യായിരത്തിലേറെ കുടുംബങ്ങൾക്കു സങ്കടവും. പട്ടയത്തിനായുള്ള കാത്തിരിപ്പിലാണു പതിറ്റാണ്ടുകളായി ഇവർ.  
 
കെഎസ്ഇബി പദ്ധതിക്കായി ആരോ എന്നോ നീട്ടിപ്പിടിച്ച ചങ്ങലനീളത്തിൽ തങ്ങളുടെ ഭൂമി ഉൾപ്പെട്ടതാണ് ഇവർക്കു കുരുക്കായത്. പദ്ധതിക്കായി കണ്ടെത്തിയിട്ട് വേണ്ടെന്നുവച്ച സ്ഥലമാണ് ഇവരുടേത്. ഡാമുകളിലേക്കുള്ള മണ്ണൊലിപ്പു തടയാൻ ജണ്ടയിൽനിന്ന് 10 ചെയിൻ ദൂരം (ഒരു ചെയിൻ 20 മീറ്റർ എന്ന നിലയിൽ 200 മീറ്റർ) ഏറ്റെടുക്കാനുള്ള വൈദ്യുതി ബോർഡ് തീരുമാനം 1974ൽ ചീഫ് എൻജിനീയർ ഇട്ടി ഡാർവിൻ ഒഴിവാക്കി. 1982ൽ പട്ടയനടപടികൾ ആരംഭിക്കുകയും ചെയ്തു. പക്ഷേ, മുന്നോട്ടുപോയില്ല.  
 
ഈ കുരുക്കിൽപെട്ട് സ്വന്തം ഭൂമിയിൽ അഭയാർഥികളായി ജീവിക്കുന്ന 10 ചെയിൻ മേഖലയിലുള്ളവരുടെ പ്രതിനിധിയാണ് അടിമാലി ആയിരമേക്കർ മന്നാങ്കണ്ടം കീത്താപ്പള്ളിൽ ജീജ മാത്യു. ജീജയുടെ ഒരേക്കർ ഭൂമിയിലെ 10 സെന്റ് കല്ലാർകുട്ടി ഡാമിന്റെ 10 ചെയിൻ മേഖലയിൽ ഉൾപ്പെട്ടെന്ന റവന്യു വകുപ്പിന്റെ കണ്ടെത്തലാണു പട്ടയം കിട്ടാൻ തടസ്സമായിരിക്കുന്നത്. ഭൂമിയിൽ കൃഷി ചെയ്യാനാകുന്നതു മാത്രമാണ് ആശ്വാസം. എന്നാൽ, കൃഷിക്കു വായ്പ കിട്ടുന്നില്ല.  
 
കർഷകനായ ഭർത്താവ് ബേബി സെബാസ്റ്റ്യൻ കെട്ടിടനിർമാണത്തൊഴിലാളിയുമാണ്. 3 വർഷം മുൻപ് പണിക്കിടെ വീണു കാലിനു പരുക്കേറ്റു. 2 വർഷത്തോളം നീണ്ട ചികിത്സയ്ക്കു പണം കണ്ടെത്താൻ ഏറെ വിഷമിച്ചു. ഇപ്പോഴും പൂർണസൗഖ്യമായിട്ടില്ല. ഭൂമി പണയംവച്ചു വായ്പ എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മെച്ചപ്പെട്ട ചികിത്സ നൽകാമായിരുന്നെന്നു ജീജ പറയുന്നു. ഏകമകൾ എലിസബത്തിന്റെ വിദ്യാഭ്യാസ ആവശ്യത്തിനും വായ്പ എടുക്കാനായില്ല. ബേബിയുടെ വീട്ടുകാരുടെ സഹായത്താലാണു മകൾക്കു വിദേശത്തു പഠനത്തിനു പോകാനായത്.  
 
വർണ്ണക്കുറ്റി തകർത്ത സ്വപ്നങ്ങൾ  
 
ലൈഫ് പദ്ധതിയിൽ വീട് സ്വപ്നം കണ്ട്, അതു നിർമിക്കാനായി വാങ്ങിയ സ്ഥലത്തു തീരദേശ ഹൈവേയുടെ പിങ്ക് കുറ്റി സ്ഥാപിച്ചതോടെ തകർന്നത് കൊടുങ്ങല്ലൂർ കാര വാ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ പോണത്ത് രാജ്കുമാറിന്റെ സ്വപ്നങ്ങളാണ്. ഉണ്ടായിരുന്ന സമ്പാദ്യവും വിവിധ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പയും സുഹൃത്തുക്കളിൽനിന്നു വാങ്ങിയ കടവും ചേർത്തുവച്ചാണ് 10 വർഷം മുൻപ് രാജ്കുമാർ എടവിലങ്ങ് പഞ്ചായത്തിലെ 13–ാം വാർഡിൽ 5 സെന്റ് സ്ഥലം വാങ്ങിയത്. ഒന്നര വർഷം മുൻപ് ‘ലൈഫ്’ വീട് നിർമിക്കാൻ 4 ലക്ഷം രൂപയും അനുവദിച്ചു. ഇതിനിടെയാണു ഹൈവേയുടെ കുറ്റി രാജ്കുമാറിന്റെ 5 സെന്റിലും സ്ഥാപിച്ചത്. വീടുനിർമാണത്തിനുള്ള രേഖകൾക്കായി വില്ലേജ് ഓഫിസിൽ എത്തിയപ്പോഴാണ് പിങ്ക് കുറ്റി തന്റെ സ്വപ്നങ്ങൾ മണ്ണിലാഴ്ത്തിയതു മനസ്സിലായത്.  
 
കാര വാ കടപ്പുറത്തുനിന്ന് എറിയാട് പുതിയ റോഡിലേക്ക് അലൈൻമെന്റ് ചരിഞ്ഞു കയറിയതാണു രാജ്കുമാറിനു വിനയായത്. നിക്ഷിപ്ത താൽപര്യങ്ങൾ മൂലമാണ് അലൈൻമെന്റിൽ മാറ്റം സംഭവിച്ചതെന്നാണ് ആരോപണം. തീരദേശ ഹൈവേ പൂർണമായും തീരദേശത്തുകൂടി വേണമെന്നാവശ്യപ്പെട്ടു തീരദേശ അവകാശ സംരക്ഷണസമിതി നടത്തുന്ന സമരത്തിലാണ് രാജ്കുമാറിന്റെ പ്രതീക്ഷ.  
 
ഒന്നരവർഷം മുൻപ് പറമ്പിൽ ‘പതിച്ച’ കുറ്റി ഉറക്കം കെടുത്തിയ കഥയാണു പൊതുപ്രവർത്തകനായ തൃശൂർ വാടാനപ്പള്ളി കുട്ടംപറമ്പത്ത് ശ്രീജിത്തിനു പറയാനുള്ളത്. വീടുൾപ്പെടുന്ന 6 സെന്റിൽ കുറ്റി സ്ഥാപിച്ചപ്പോൾ മാത്രമാണു തീരദേശ ഹൈവേക്കായുള്ള സ്ഥലമേറ്റെടുക്കലിനെപ്പറ്റി ശ്രീജിത്ത് അറിഞ്ഞത്. കുറ്റിയിൽനിന്നു 3 മീറ്റർ അകലെ മാറിയേ പുതിയ നിർമാണങ്ങൾ നടത്താനാകൂ എന്നതിനാൽ ‘ഠ’ വട്ടം സ്ഥലത്തു ശ്രീജിത്തിന് ഒന്നും ചെയ്യാനുമാകുന്നില്ല. കുറ്റിയടിക്കലിൽ രാഷ്ട്രീയ പകപോക്കലുണ്ടായെന്നു സംശയിക്കുന്നതായും കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ശ്രീജിത്ത് പറയുന്നു. തളിക്കുളം ബീച്ച് ഭാഗത്ത് നിലവിലെ റോഡിന്റെ ഇരുഭാഗങ്ങളിലും സ്ഥലം ഏറ്റെടുക്കുന്ന രീതിയിലാണ് അലൈൻമെന്റ്. എന്നാൽ, ചിലങ്ക ബീച്ച് റോഡിലൂടെ വാടാനപ്പള്ളി ബീച്ചിലെത്തുമ്പോൾ പാത നേരെ കടന്നുപോകുന്നതിനു പകരം അൽപം വളഞ്ഞ് ശ്രീജിത്തിന്റെ പറമ്പിലൂടെ കയറിയശേഷമാണു വീണ്ടും കടലോരത്തെത്തുന്നത്. അലൈൻമെന്റിൽ മനഃപൂർവം മാറ്റം വരുത്തിയെന്നാണ് ആരോപണം. സ്ഥലമെടുപ്പും അലൈൻമെന്റും സംബന്ധിച്ച് അധികൃതർ ചർച്ച നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നഷ്ടപ്പെടുന്ന സ്ഥലത്തിന്റെ വിസ്തൃതി, നഷ്ടപരിഹാരം എന്നിവ നിശ്ചയിച്ചിട്ടുമില്ല.  
 
തിരുവനന്തപുരം മുതൽ കാസർകോട് വരെ 625 കിലോമീറ്ററിലാണ് നിർദിഷ്ട തീരദേശ ഹൈവേ. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളും പാതയിൽപെടും. തൃശൂർ ജില്ലയിൽ മാത്രം പാത കുരുക്കിട്ടവരുടെ പ്രതിനിധികളാണു രാജ്കുമാറും ശ്രീജിത്തും. സംസ്ഥാനത്താകെ ഇതുപോലെ എത്രയോ പേർ?  
 
വേണ്ടത്ര ആലോചനയും ആസൂത്രണവുമില്ലാതെ കൊണ്ടുവരുന്ന പദ്ധതികൾക്കായി ഇടുന്ന കുറ്റികളിൽ തട്ടി വീഴുന്നത് സാധാരണക്കാരാണ്. പഠനം, വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങളിൽപോലും ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാതെ അവർക്കു മണ്ണിലേക്കു നോക്കിയിരിക്കേണ്ടിവരുന്നു. പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ, അനന്തമായി നീളുമ്പോൾ നഷ്ടപരിഹാരമോ പുനരധിവാസത്തിനുള്ള സഹായമോ ഇവർക്കു നിഷേധിക്കപ്പെടുന്നത് നീതികേടാണെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. 
  
 (പരമ്പര അവസാനിച്ചു) English Summary:  
Land acquisition issues: Land acquisition issues are causing immense suffering for many families in Kerala. Delayed compensation for land acquired for development projects like airports and highways is leaving people in dire straits. These families are struggling to make ends meet and are unable to sell or mortgage their land, hindering their ability to improve their lives.   |