ഏഴാം ക്ലാസ് പൂർത്തിയാക്കിയപ്പോ, സ്കൂൾ മാറിയാലോ എന്ന ഒരു ആലോചന വന്നു. കാര്യം എട്ടാം ക്ലാസ്സിൽ എനിക്ക് knighthood തരാം എന്ന് പടിഞ്ഞാറെ കോട്ടയിലെ എൻഎസ്എസ് പബ്ലിക് സ്കൂള്‍ ഓഫർ വച്ചുവെങ്കിലും, കോട്ട വിട്ട് നേരെ ഗോദയിലേക്ക് ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. മാത്രമല്ല ലോകത്തെമ്പാടും മാറ്റത്തിന്റെ ഒരു കാറ്റ് സ്ട്രോങ് ആയി വീശ്ണ്‌ണ്ടാർന്നു. ആ സ്ഥിതിക്ക് പടിഞ്ഞാറ് വിട്ട് കിഴക്കൻ പ്രാന്ത പ്രദേശങ്ങളിലേക്ക്, കൃത്യമായി പറഞ്ഞാൽ തൃശൂർ ഗവ. മോഡൽ ഹൈസ്കൂളിലേക്ക് ഞാൻ ഇടത് വശത്തുകൂടി കേറിപ്പറ്റി. ‘‘നീയേയ്, എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റിയിൽ കൂടുതൽ പങ്കെടുക്കാനുള്ള ഓപ്പർച്യൂണിറ്റിക്കു വേണ്ടിയാണ് സ്കൂൾ മാറീത് എന്ന് പറഞ്ഞാ മതി’’– അച്ഛനും അമ്മയും എന്നെ ഇത് പറഞ്ഞു പഠിപ്പിച്ചു. ഞാനാണങ്ങ്യേ... ഏതാണ്ട് ഒരു ഫുൾ ടൈം എക്സ്ട്രാ മാത്രമായി ഇതിനകം മോർഫ് ചെയ്തിരുന്നു. ഷട്ടിൽ, വയലിൻ, പാട്ട്, സംസ്കൃതം, നാടകം, വേദാന്തം ഇത്യാദി ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത കാര്യങ്ങളിൽ വ്യാപൃതൻ. മോഡൽ സ്കൂളിന്റെ വിശാലമായ സൈക്കിൾ ഷെഡിൽ ഞാൻ പുത്തൻ നീല BSA SLR പാർക്ക് ചെയ്ത് പൂട്ടി, താക്കോൽ എടുത്തില്ല. ‘ടാ മൂര്യേ ഇങ്ങട് വന്നേരാ!’ ഇത് പറഞ്ഞോനാണ് ജോഷി. English Summary:
Thrissur Gov. Model School Memories: Sreevalsan J Menon | Column |