നിലമ്പൂരിലെത്തുന്ന ഗവർണർക്ക് രാവിലത്തെ പ്രധാന പരിപാടി നായാട്ടാണ്. അതിനായി ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ കാട്ടിൽ മാനിനെ ഒരുക്കി നിർത്തും. ഇവയെ വെടിവച്ചുകൊല്ലുകയാണ് ഗവർണറുടെ ചുമതല. ഗവർണർ നായാട്ടിനു പോകുമ്പോൾ പത്നി നിലമ്പൂരിൽനിന്ന് എടക്കര വരെ മോട്ടർ വാഹനത്തിൽ ഊരുചുറ്റും’
ബ്രിട്ടിഷ് ഭരണകാലത്ത് മദ്രാസ് ഗവർണറായിരുന്ന ജോർജ് ഗഷാൻ 1927ൽ ഷൊർണൂർ–നിലമ്പൂർ റെയിൽപാതയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായി നിലമ്പൂരിൽ എത്തിയപ്പോൾ ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ് ഈ കൗതുകവിവരണം. സന്ദർശനത്തിനു മുന്നോടിയായി അന്നത്തെ മലബാർ കലക്ടറുടെ ഓഫിസിൽനിന്ന് മലപ്പുറം സൂപ്രണ്ട് ഓഫ് പൊലീസ് സി.ജി.ടോട്ടൻ ഹാമിന് അയച്ച കത്തിലെ പരാമർശങ്ങളാണിവ. കോഴിക്കോട് റീജനൽ ആർക്കൈവ്സിലെ രേഖകൾ പരിശോധിക്കുന്നതിനിടയിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി പ്രഫ. എം.സി.വസിഷ്ഠ് ആണ് ഇതടക്കമുള്ള കത്തുകൾ കണ്ടെത്തിയത്. ബ്രിട്ടിഷ് ഭരണകാലത്തെ വിവിഐപി സൗകര്യങ്ങളും അന്നത്തെ മലപ്പുറത്തെ സ്ഥിതിഗതികളും സംബന്ധിച്ച ഒട്ടേറെ ചരിത്രസൂചനകൾ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകളിലുണ്ട്. ഷൊർണൂർ–അങ്ങാടിപ്പുറം റെയിൽപാതയുടെ ഉദ്ഘാടനത്തിനെത്തുന്ന മദ്രാസ് ഗവർണർക്ക് ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച് മലപ്പുറം സ്പെഷൽ സൂപ്രണ്ട് ഓഫ് പൊലീസിന് അയച്ച കത്ത്
ഉദ്ഘാടനം ഷൊർണൂരിൽ, നിലമ്പൂരിൽ നായാട്ട് മാത്രം
1927 ഫെബ്രുവരി 3ന് ആണ് ഷൊർണൂർ– അങ്ങാടിപ്പുറം പാത ഗവർണർ ഉദ്ഘാടനം ചെയ്തത്. അതിനായി മദ്രാസിൽനിന്ന് തീവണ്ടിയിൽ ഗവർണറും സംഘവും അന്നു രാവിലെ 9.55ന് ഷൊർണൂരിൽ എത്തുമെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. ഷൊർണൂരിലായിരുന്നു ഉദ്ഘാടനം. അതിനുശേഷം രാവിലെ 11.10ന് പ്രത്യേക തീവണ്ടിയിൽ ഷൊർണൂരിൽനിന്ന് അങ്ങാടിപ്പുറത്തേക്ക് ഗവർണറും സംഘവും തിരിക്കും. ഉച്ചയ്ക്ക് 12ന് അങ്ങാടിപ്പുറത്തെത്തും. അവിടെ ഉച്ചഭക്ഷണവും വിശ്രമവും. തുടർന്ന് മോട്ടർ വാഹനത്തിൽ അവിടെനിന്ന് മലപ്പുറം, മഞ്ചേരി വഴി നിലമ്പൂരിലേക്കു പോകും. ഇതിന്റെ വിശദമായ റൂട്ട് മാപ്പും ഓരോ ജംക്‌ഷനുകളിൽ ഒരുക്കേണ്ട പൊലീസ് സുരക്ഷയെക്കുറിച്ചും പരാമർശങ്ങളുണ്ട്.
1921ലെ മലബാർ കലാപത്തിനു ശേഷം ഇവിടെയെത്തുന്ന ഗവർണർക്ക് കനത്ത സുരക്ഷ തന്നെയാണ് ഒരുക്കിയിരുന്നത്. അന്നു വൈകിട്ട് 6.20ന് നിലമ്പൂരിൽ എത്തുമെന്നാണ് കത്തിലുള്ളത്. താമസവും അത്താഴവും നിലമ്പൂർ സർക്കീട്ട് ഹൗസിൽ. പിറ്റേന്നാണ് (ഫെബ്രുവരി 4ന്) രാവിലെ ഗവർണർക്ക് നായാട്ട് സൗകര്യം ഒരുക്കിയത്. നിലമ്പൂരിലെ ഏക പരിപാടിയും ഗവർണറുടെ നായാട്ടും ഭാര്യയുടെ ഊരുചുറ്റലും മാത്രമായിരുന്നുവെന്നതും കൗതുകം. ഫോറസ്റ്റ് ഓഫിസർ ടയർമാനും നിലമ്പൂരിലെ വർക്കിങ് പ്ലാൻസ് ഓഫിസർ മിസ്റ്റർ ബ്രൗണും ചേർന്നാണ് കാട്ടിൽ മാനിനെ ഒരുക്കിനിർത്തുകയെന്നുമാണ് കത്തിലുള്ളത്. പിറ്റേന്ന് വൈകിട്ട് 5.15ന് ആണ് ഗവർണർ നിലമ്പൂരിൽനിന്നു മടങ്ങിയത്. Tirur Beypore Railway Line, Kerala Railway History, Madras Railway Company, British Railway in Kerala, Oldest Railway Line in Kerala, Malayala Manorama Online News, Tirur Railway Station History, Beypore Port History, Indian Railways History, Nilambur Teak Transportation
ഗവർണർക്കു മാത്രം ഒരു തീവണ്ടി, അതിഥികൾക്ക് മറ്റൊരു വണ്ടി
ഷൊർണൂരിലെ ഉദ്ഘാടനത്തിനു ശേഷം അങ്ങാടിപ്പുറം വരെയുള്ള യാത്രയിൽ ഗവർണർക്ക് സഞ്ചരിക്കാൻ മാത്രമായി ഒരു തീവണ്ടി ഒരുക്കിയിരുന്നു. മറ്റ് അതിഥികൾ വേറൊരു തീവണ്ടിയിലുമായിരുന്നു. അങ്ങാടിപ്പുറത്ത് ഗവർണർക്ക് എംഎസ്പിയുടെ ഗാർഡ് ഓഫ് ഓണർ. നിലമ്പൂരിലേക്കുള്ള യാത്രയ്ക്ക് ഗവർണറുടെ വാഹനത്തിന് അകമ്പടിയായി 4 മോട്ടർ വാഹനങ്ങൾ എന്നിവയുമുണ്ടായിരുന്നു.
കനത്ത സുരക്ഷ, ഗതാഗത നിരോധനം
ഗവർണറുടെ സുരക്ഷയ്ക്കായി കനത്ത നിയന്ത്രണങ്ങളാണ് വഴിയിലുണ്ടായിരുന്നതെന്നും കത്തുകളിൽ സൂചിപ്പിക്കുന്നു. ഫെബ്രുവരി 3ന് വൈകിട്ട് 4 മുതൽ 4.45 വരെ അങ്ങാടിപ്പുറം–മലപ്പുറം റൂട്ടിലും 5 മുതൽ 5.30 വരെ മലപ്പുറം–മഞ്ചേരി റൂട്ടിലും 5.30 മുതൽ 6.20 വരെ മഞ്ചേരി–നിലമ്പൂർ റൂട്ടിലും മറ്റു ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. മടക്കയാത്രയിലും സമാന നിയന്ത്രണങ്ങളുണ്ടായിരുന്നു. ജംക്‌ഷനുകളിലും അങ്ങാടികളിലുമെല്ലാം കനത്ത പൊലീസ് സുരക്ഷയും റോന്തും ഒരുക്കിയിരുന്നു. അങ്ങാടിപ്പുറത്ത് കാർ, ലോറി പാർക്കിങ് ചുമതല ഒരു സബ് ഇൻസ്പെക്ടർക്കും 6 കോൺസ്റ്റബിൾമാർക്കുമായിരുന്നു.
പ്രസ് പാസ് അന്നും
ഗവർണർ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങും മറ്റും റിപ്പോർട്ട് ചെയ്യാൻ അന്നത്തെ പത്രപ്രതിനിധികൾക്ക് പ്രത്യേക പാസ് അനുവദിച്ചിരുന്നു. നീല നിറത്തിലുള്ള കാർഡിൽ ചുവന്ന അക്ഷരങ്ങൾ പ്രിന്റ് ചെയ്ത കാർഡാണ് വിതരണം ചെയ്തത്. മിലിറ്ററി സെക്രട്ടറിയുടെ ഒപ്പിട്ട പാസുകളാണ് നൽകിയിരുന്നത്. ജീവനക്കാർക്കും പ്രത്യേക പാസ് നൽകിയിരുന്നു.
നിലമ്പൂർ –ഷൊർണൂർ പാതയ്ക്ക് 98 വയസ്സ്
നിലമ്പൂർ–ഷൊർണൂർ പാത പൂർണമായും തുറന്നുകൊടുത്തിട്ട് ഈ വർഷം ഒക്ടോബർ 26ന് 98 വർഷമാകും. ഷൊർണൂരിൽനിന്ന് അങ്ങാടിപ്പുറത്തേക്കുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് 1927 ഫെബ്രുവരി 3ന് അന്നത്തെ മദ്രാസ് ഗവർണർ നിർവഹിച്ചത്. പിന്നീട് ആ വർഷം ഓഗസ്റ്റ് 3ന് അങ്ങാടിപ്പുറം–വാണിയമ്പലം റൂട്ടും ഒക്ടോബർ 26ന് നിലമ്പൂരിലേക്കുള്ള പാതയും തുറന്നുകൊടുത്തു. ഇതിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് അന്നത്തെ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനിയായ മദ്രാസ് ഗവർണർ നിർവഹിച്ചത്. English Summary:
Nilambur History unveils the details of the Madras Governor\“s visit to Nilambur in 1927, focusing on the arrangements made during the British era. The visit included a hunting expedition and highlighted the administrative practices of the time, offering insight into the region\“s past.  |
|