പൊതുവിദ്യാലയങ്ങളിലെ അഞ്ചു വർഷത്തിലേറെ സർവീസ് ബാക്കിയുള്ള അധ്യാപകരെല്ലാം ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) എന്ന യോഗ്യതാപരീക്ഷ പാസായിരിക്കണമെന്ന സുപ്രീം കോടതി വിധി അധ്യാപകസമൂഹത്തിൽ വലിയ ആശങ്കയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇതിനകം യോഗ്യത നേടാത്തവർ രണ്ടു വർഷത്തിനകം ‘ടെറ്റ്’ പാസായിരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ഈ വ്യവസ്ഥ പാലിക്കാത്തവർ സർവീസിൽനിന്നു പുറത്താകുമെന്നു മുന്നറിയിപ്പുമുണ്ട്. അഞ്ചു വർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ളവർ പോലും സ്ഥാനക്കയറ്റം വേണമെങ്കിൽ ‘ടെറ്റ്’ യോഗ്യത നേടിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി വന്ന് രണ്ടാഴ്ചയ്ക്കുശേഷവും ഒട്ടേറെ അവ്യക്തതകൾ പരിഹാരമില്ലാതെ തുടരുകയാണ്. വിധി സംബന്ധിച്ചു നിയമോപദേശം തേടുമെന്നും പുനഃപരിശോധനാ ഹർജി നൽകുന്നതു പരിഗണിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ നടപടികൾ ഇതുവരെയുണ്ടായിട്ടില്ല. ‘ടെറ്റ്’ അടിസ്ഥാനയോഗ്യതയായി നിശ്ചയിക്കുന്നതിനു മുൻപു സർവീസിൽ കയറിയ അധ്യാപകർക്കും പുതിയ കോടതിവിധിയോടെ ഇതു ബാധകമായെന്നതാണു പ്രധാന പ്രതിസന്ധി.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ് വരെയുള്ള അധ്യാപകരുടെ അടിസ്ഥാന യോഗ്യതയായി ‘ടെറ്റ്’ നിശ്ചയിച്ച് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) വിജ്ഞാപനം പുറത്തിറക്കിയത് 2010 ഓഗസ്റ്റ് 23ന് ആണ്; കേരളത്തിൽ ‘കെ–ടെറ്റ്’ യോഗ്യത ബാധകമാക്കിയതാകട്ടെ 2012 ഏപ്രിൽ മുതലും. അതിനുമുൻപു സർവീസിൽ പ്രവേശിച്ചവരെ സർക്കാർ പരീക്ഷയിൽനിന്ന് ഒഴിവാക്കുകയും അതിനുശേഷം സർവീസിൽ പ്രവേശിച്ചവർക്കു യോഗ്യത സമ്പാദിക്കാൻ പലതവണ പരീക്ഷ നടത്തുകയും ചെയ്തു. അക്കൂട്ടത്തിൽ 1734 അധ്യാപകർ ഇപ്പോഴും ‘കെ–ടെറ്റ്’ നേടിയിട്ടില്ലെന്നും 2012 മാർച്ച് വരെ സർവീസിൽ പ്രവേശിച്ചവരിൽ എത്രപേർ തുടരുന്നുവെന്നു വിവരം ശേഖരിച്ചുവരികയാണെന്നുമാണ് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയത്.Social Media Neglect, Online Relationships, Digital Communication, Friendship in Digital Age, Social Media Etiquette, Malayala Manorama Online News, Digital Relationships Problems, Social Media Conflicts, Online Friendship Issues, Digital Disconnect, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വരുന്നതിനുമുൻപു സർവീസിൽ പ്രവേശിച്ചവരുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുമെന്നതിനപ്പുറം അക്കാദമിക് രംഗത്ത് വലിയ പ്രതിസന്ധി തന്നെയുണ്ടായിരിക്കുന്നുവെന്നു മന്ത്രിതന്നെ സമ്മതിച്ചിട്ടുണ്ട്.
നൂതന അധ്യാപന സങ്കൽപങ്ങളും കുട്ടികളുടെ മനഃശാസ്ത്രം സംബന്ധിച്ച മാറിയ കാഴ്ചപ്പാടുകളും സാങ്കേതികവിദ്യാ മുന്നേറ്റവും വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി അഴിച്ചുപണിയുന്ന ഇക്കാലത്ത് അധ്യാപകർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്.
അത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യുകയും വേണം. എന്നാൽ, നിശ്ചിതയോഗ്യത മാനദണ്ഡമാക്കിയുള്ള തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ നിയമിതരായ അധ്യാപകർ പിന്നീടുവന്ന ഒരു നിയമപ്രകാരം കൂടി യോഗ്യത നേടിയില്ലെങ്കിൽ ജോലിയിൽനിന്നു പുറത്താകുമെന്ന സാഹചര്യമാണിപ്പോൾ. പതിറ്റാണ്ടുകളായുള്ള അധ്യാപനത്തിലൂടെ നേടിയ അനുഭവസമ്പത്തിന്റെകൂടി വെളിച്ചത്തിലല്ലേ സർവീസിലുള്ള അധ്യാപകരുടെ മൂല്യം നിശ്ചയിക്കേണ്ടതെന്ന ചോദ്യമാണുയരുന്നത്.
സർവീസിന്റെ അവസാനകാലത്ത് ഇത്തരം ഒരു കടമ്പകൂടി കടന്നില്ലെങ്കിൽ ജോലിയും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്നത് അന്യായവും മനുഷ്യത്വരഹിതവുമാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ന്യായമായ ഈ ആശങ്ക പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഇടപെടേണ്ടതുണ്ട്. അതനുസരിച്ചുള്ള തുടർനടപടികളിൽ കാലതാമസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും സർക്കാരുകൾക്കുണ്ട്.
അപ്രതീക്ഷിതമായ കോടതിവിധി പോലെതന്നെ തുടർനടപടികളിലുള്ള അനിശ്ചിതത്വവും അധ്യാപകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. English Summary:
Kerala Teachers Face TET Dilemma: Call for Urgent Government Action |