ചന്ദനം തേച്ചു മുഖം മിനുക്കിയെത്തിയ നിയമ ഭേദഗതി. അതാണ് ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന വനം, വന്യജിവി നിയമഭേദഗതി ബില്ലുകളുടെ കരടു വായിക്കുമ്പോൾ മനസ്സിലാവുന്നത്. ചന്ദന ‘മേക്കപ്പ്’ ചുരണ്ടിനോക്കിയാൽ ഈ ഭേദഗതിക്കുള്ളിൽ കർഷകരെ ആശങ്കയിലാക്കുന്ന മറ്റൊരുമുഖം തെളിഞ്ഞുവരും.
- Also Read റാഗിങ്ങിനോടും ജാതിവിവേചനങ്ങളോടും സഹിഷ്ണുത വേണ്ട; നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി
രണ്ടു നിയമങ്ങളിലെ ഭേദഗതികളാണു വനംവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്ന്: 1961ലെ കേരള വനംനിയമം (നിയമസഭാ ബിൽ നമ്പർ 269). രണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം (ബിൽ നമ്പർ 270).
കുറച്ചുമാസം മുൻപു സംസ്ഥാന സർക്കാർ കേരള വനനിയമ ഭേദഗതിക്കു നീക്കം നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അധികാരപരിധി കൂട്ടുന്നതും ‘ഫോറസ്റ്റ് രാജ്’ നടപ്പാക്കാനിടയാക്കുന്നതുമായ ഭേദഗതിയെന്ന ശക്തമായ വിമർശനത്തെത്തുടർന്നു സർക്കാർ പിന്നാക്കം പോയി. ആ പഴയ ഭേദഗതി ഇപ്പോൾ പുതിയ കുപ്പിയിൽ; അടപ്പ് ചന്ദനം കൊണ്ടുള്ളതാണെന്നുമാത്രം. അഡ്വ. ജോസ് ജെ. ചെരുവിൽ
വനം നിയമത്തിൽ ‘ഫോറസ്റ്റ് ഓഫിസർ’ എന്ന പദവിയുടെ നിർവചനത്തിലുള്ള മാറ്റമാണ് ഈ ഭേദഗതിയുടെ പ്രധാനഭാഗം. അതിൽ ഇങ്ങനെ പറയുന്നു: ‘വനം ഉദ്യോഗസ്ഥൻ – എന്നാൽ സർക്കാർ ഉത്തരവുപ്രകാരം നിയമിക്കപ്പെട്ട, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, അഡിഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, വന്യജീവി വാർഡൻ, അസിസ്റ്റന്റ് വന്യജീവി വാർഡൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ, ടിംബർ ഡിപ്പോ ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, വാച്ചർ എന്നിവരോ വനം ഉദ്യോഗസ്ഥന്റെ ഏതെങ്കിലും പ്രവർത്തനം നിർവഹിക്കാൻ നിയോഗിക്കപ്പെട്ട ഏതൊരു വ്യക്തിയോ ആണ്.’
- Also Read മറയൂർ – ഉദുമൽപേട്ട പാതയിൽ ഭീതിയുണർത്തി ഒറ്റയാൻ; വാഹനത്തിനു നേരെ പാഞ്ഞടുത്തു
അതായത്, പുതിയ ഭേദഗതി നിലവിൽ വന്നാൽ, ഫോറസ്റ്റ് വാച്ചറെയും താൽക്കാലികമായോ ദിവസവേതനത്തിലോ നിയമിക്കപ്പെടുന്ന വാച്ചർമാർ അടക്കമുള്ളവരെയും ‘വനം ഉദ്യോഗസ്ഥർ’ എന്നു വിവക്ഷിക്കാം. അതായത്, വനവും വന്യജീവികളുമായി പോരടിച്ചും നിർദയ നിയമങ്ങളുമായി മല്ലിട്ടും ജീവിക്കുന്ന കർഷകജനതയ്ക്കുമേൽ ‘കുതിര കയറാൻ’ ആർക്കും കഴിയും എന്ന സ്ഥിതിയാകും. ഇതിനെതിരെയാണു മുൻപും എതിർപ്പുണ്ടായതും സർക്കാർ ഭേദഗതിയിൽനിന്നു പിന്നോട്ടുപോയതും. ഇപ്പോൾ ആ ഭേദഗതിക്ക് വളഞ്ഞവഴി സ്വീകരിക്കുന്നു. Editorial, Malayalam News, M Leelavathi, Cyber Attack, Social Media, cyber attacks, M Leelavathy cyber attack, online harassment Kerala, Kerala cybercrime, social media attacks, faceless attacks online, cyberbullying Kerala, M Leelavathy Gaza statement, Onam Gaza controversy, Dr M Leelavathy criticism, cyber ethics Kerala, justice online harassment, IT Act India cybercrime, Kerala cyber police, social media harassment laws, Kerala culture cyber, hate speech online, defamation online India, online mob trials, fake accounts cyberattack, സൈബർ ആക്രമണം, എം ലീലാവതി സൈബർ ആക്രമണം, ഓൺലൈൻ ഉപദ്രവം കേരളം, കേരള സൈബർ കുറ്റകൃത്യം, സോഷ്യൽ മീഡിയ ആക്രമണങ്ങൾ, മുഖമില്ലാത്ത സൈബർ ആക്രമണങ്ങൾ, ലീലാവതി ടീച്ചർ, ഗാസ ഓണം വിവാദം, സൈബർ എത്തിക്സ് കേരളം, ഐടി നിയമം സൈബർ, കേരള സൈബർ പോലീസ്, സോഷ്യൽ മീഡിയ ദുരുപയോഗം, ഓൺലൈൻ അപകീർത്തിപ്പെടുത്തൽ, വ്യാജ അക്കൗണ്ടുകൾ, സംസ്കാരശൂന്യമായ സൈബർ ആക്രമണങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Dr. M. Leelavathy and the Invisible Stones of Cyber Attack: A Call for Cyber Ethics in Kerala
സ്വകാര്യഭൂമിയിൽ നട്ടുപിടിപ്പിച്ചതോ സർക്കാരിന്റെ സ്വത്തെന്നു രേഖപ്പെടുത്താത്തതോ ആയ ചന്ദനമരങ്ങൾ മുറിക്കാമെന്ന ഭേദഗതി കർഷകർക്കു വളരെ ഗുണകരമാണെന്നു തീർച്ച. ഇത്തരമൊരു ഭേദഗതി വരുമെന്നു പ്രതീക്ഷിച്ച് വർഷങ്ങൾക്കുമുൻപേ ചന്ദനമരം വച്ചുപിടിപ്പിച്ച കർഷകർ ധാരാളമുണ്ട്. പക്ഷേ, ആ ഇളവിന്റെ മറവിൽ ഫോറസ്റ്റ് ഓഫിസർമാരുടെ അധികാരപരിധി വർധിപ്പിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.
വനംനിയമ ഭേദഗതിയിലൂടെ വരേണ്ടിയിരുന്ന മാറ്റങ്ങളെന്ത്? വനഭൂമിയും റവന്യു ഭൂമിയും തമ്മിൽ കൃത്യമായി വേർതിരിച്ച്, കർഷകനു നേരം വെളുക്കുമ്പോൾ തന്റെ ഭൂമിയും ജീവിതവും നഷ്ടമാകുമെന്ന ഭയമില്ലാതെ കിടന്നുറങ്ങാനുള്ള അവസ്ഥ സൃഷ്ടിക്കാൻ ഭേദഗതിയിൽ ശ്രമമുണ്ടാകേണ്ടിയിരുന്നു. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടത്തി, കർഷകന് അർഹതപ്പെട്ട ഭൂമിയുടെ അവകാശം പതിച്ചുനൽകുന്നതിനുള്ള തടസ്സം നീക്കാൻ വഴിതേടണമായിരുന്നു. വനവുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കാൻ വനഭൂമിയുള്ള എല്ലാ ജില്ലകളിലും ട്രൈബ്യൂണലുകൾ ഏർപ്പെടുത്താമായിരുന്നു. 1971ൽ കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ് ആൻഡ് അസൈൻമെന്റ്) നിയമപ്രകാരം സർക്കാർ ആയിരക്കണക്കിനു ഹെക്ടർ ഭൂമി ഏറ്റെടുത്തു വനംവകുപ്പിനെ ഏൽപിച്ചിരുന്നു. ഭൂരഹിതരായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഭാവിയിൽ പതിച്ചുനൽകാൻ ഏൽപിക്കപ്പെട്ട ഈ ഭൂമി വനംഭൂമിയായി അഡ്മിനിസ്ട്രേറ്റീവ് റെക്കോർഡിൽ രേഖപ്പെടുത്തി വനമാക്കി മാറ്റിയിരിക്കുന്നു. ഈ ഭൂമി പാവപ്പെട്ട കർഷകത്തൊഴിലാളികൾക്കു പതിച്ചുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കാമായിരുന്നു. ഇതൊന്നും ഉണ്ടായില്ല എന്നത് ഈ ഭേദഗതിയെ അപൂർണവും നിരാശാജനകവുമാക്കുന്നു.
ഉടനടി വെടിവയ്ക്കൽ നടപ്പാകാൻ സാധ്യതയില്ല
വന്യജീവി സംരക്ഷണനിയമം (1972) ഭേദഗതിചെയ്യുന്നതിൽ രണ്ടു കാര്യങ്ങളാണു സവിശേഷ ശ്രദ്ധ അർഹിക്കുന്നത്. ഒന്ന്, സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഷെഡ്യൂൾ രണ്ടിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വന്യജീവികളുടെ എണ്ണം മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാണെന്നു സർക്കാരിനു ബോധ്യപ്പെടുന്നെങ്കിൽ ആറുമാസംവരെ ആ മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാമെന്ന ഉപവകുപ്പ് ചേർക്കുന്നു എന്നതാണ്. ‘ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ’ എന്ന വാക്കിനെ സ്വാഗതം ചെയ്യുന്നു. ഇത്തരത്തിലൊന്ന് വന്യജീവി നിയമത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ആദ്യമായാണ്. ഇത്രയേറെ വന്യജീവികളെ കേരളം പോലൊരു സംസ്ഥാനത്തിന് ഉൾക്കൊള്ളാനാവുമോയെന്നു ശാസ്ത്രീയമായി പഠിച്ച് അവയുടെ പെരുകൽ നിയന്ത്രിക്കണമെന്ന നിലപാട് കർഷകരും കർഷകസംഘടനകളും ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്നതാണ്.
പക്ഷേ, അപകടകാരികളായ മൃഗങ്ങളെ ജനവാസമേഖലയിൽ കണ്ടാലുടൻ വെടിവച്ചുകൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള ഭേദഗതികൾ നടപ്പാകാനുള്ള സാധ്യത വിരളമാണ്. കാരണം, ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കൺകറന്റ് ലിസ്റ്റിൽ (കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരേപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ളവ) പെടുന്നതാണ് വന്യജീവി സംരക്ഷണം. കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും ഇതിൽ നിയമനിർമാണം നടത്താം. എന്നാൽ, കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയത്തിൽ വരുത്തുന്ന ഭേദഗതിയിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 254 പ്രകാരം കേന്ദ്ര നിയമത്തിനാണു പ്രാബല്യം.
നിയമം ഇല്ലാത്തതല്ല പ്രശ്നം; നിലപാട് ഇല്ലാത്തതാണ്
വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയാലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലേ കേന്ദ്രനിയമത്തിനു വിരുദ്ധമായി അതു കേരളത്തിൽ മാത്രമായി നിലനിൽക്കുകയുള്ളൂ. രാഷ്ട്രപതി കേന്ദ്രസർക്കാരിന്റെ ഉപദേശം തേടി തീരുമാനമെടുക്കുന്നതിനാൽ ഈ ഭേദഗതിയുടെ ഭാവിയിൽ വലിയ പ്രതീക്ഷയില്ല. കാരണം, ഈ വിഷയത്തിൽ കേരളം മുൻപ് അയച്ച കത്തുകൾക്കെല്ലാം നിലവിലുള്ള നിയമത്തിലെ സെക്‌ഷനുകൾ ഉപയോഗിച്ചു സംസ്ഥാനത്തിനു പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ എന്നാണ് കേന്ദ്രം മറുപടി നൽകിയിട്ടുള്ളത്. കൃഷിക്കും ജീവനും സംരക്ഷണം നൽകാൻ സെക്‌ഷൻ 11.2 (സെൽഫ് ഡിഫൻസ്) എന്ന മാർഗവും ഉപയോഗിക്കാം. അതുമല്ലെങ്കിൽ കലക്ടർമാരുടെ അധികാരമോ ദുരന്തനിവാരണനിയമമോ ഉപയോഗിക്കാം.
മൃഗം കാട്ടിൽ അതിന്റെ ആവാസവ്യവസ്ഥയിൽ (ഹാബിറ്റാറ്റ്) ആയിരിക്കുമ്പോൾ മാത്രമേ വന്യജീവിയായി പരിഗണിക്കപ്പെടേണ്ടതുള്ളൂ (കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 2003ലെ ഭേദഗതി പ്രകാരം) എന്നതടക്കമുള്ള സാധ്യതകൾ ഉപയോഗിക്കാം. ഇതൊക്കെ, ഒരു നിയമഭേദഗതിയും ഇല്ലാതെ സംസ്ഥാന സർക്കാരിനു ചെയ്യാവുന്നതാണ്. അപ്പോൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു നിലമൊരുക്കലും ഈ ഭേദഗതിയിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നുകൂടി ലളിതമായി പറയാം: നിയമം ഇല്ലാത്തതല്ല, നിലപാട് ഇല്ലാത്തതാണ് സർക്കാരിന്റെ യഥാർഥപ്രശ്നം.
(കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ലീഗൽ സെൽ ഡയറക്ടറാണു ലേഖകൻ) English Summary:
Kerala Forest and Wildlife Act Amendment: Kerala Forest and Wildlife Act Amendment focuses on the proposed amendments to forest and wildlife protection laws, highlighting concerns for farmers and the potential expansion of forest officer powers. The article explores the implications of these changes and discusses alternative solutions for addressing human-wildlife conflict and protecting agricultural land. It suggests that the real issue is not the lack of laws, but the lack of political will. |