ക്രമസമാധാന പാലനം, കുറ്റാന്വേഷണം, കുറ്റകൃത്യം തടയൽ എന്നീ ചുമതലകൾക്കായി നിയമിക്കപ്പെട്ട പൊലീസിൽനിന്നു ക്രിമിനൽ സ്വഭാവമുള്ള ചുരുക്കം ചിലരെ പിരിച്ചുവിട്ടാൽ തകരുന്നതാണോ സേനയുടെ ‘മനോവീര്യം’?. അല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആന്ധ്ര പൊലീസിനെക്കുറിച്ചു ഹൈദരാബാദ് യൂണിവേഴ്സിറ്റി 2018ൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് പൊലീസിന്റെ മനോവീര്യം മൂന്നു കാര്യങ്ങളെ ആശ്രയിച്ചാണെന്നാണ്. പൊലീസ് വകുപ്പിലെ നേതൃഗുണം, നീതി നടപ്പാക്കൽ, സുതാര്യത എന്നിവയാണവ. നീതി നടപ്പാക്കാൻവേണ്ടി സുതാര്യമായ ഒരു പ്രക്രിയയിലൂടെ, കാക്കിയണിഞ്ഞ ക്രിമിനലുകളെ വകുപ്പിൽനിന്നു നിഷ്കരുണം പുറത്താക്കിയാൽ ഭൂരിപക്ഷം വരുന്ന, ധാർമികത കൈവിടാതെ നിയമപ്രകാരം പ്രവർത്തിക്കണമെന്നാഗ്രഹിക്കുന്ന പൊലീസ് സേനാംഗങ്ങളും മേലധികാരികളും അതു സ്വാഗതം ചെയ്യും. സേനയിൽ അംഗീകരിക്കപ്പെടാനും ഔദ്യോഗികമായി ഉയരാനും ക്രിമിനൽ സ്വഭാവരീതികൾ തടസ്സമാകും എന്നത് അവർക്കു വലിയൊരു ആശ്വാസമായി മാറും.  
  
 -  Also Read  മാസം തോറും 140 കോടി അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: മുന്നറിയിപ്പുമായി സൈബർ കൗൺസിൽ   
 
    
 
തൊട്ടാൽ പൊട്ടുന്ന ഒന്നല്ല പൊലീസിന്റെ മനോവീര്യം എന്നു നാം മനസ്സിലാക്കണം. ഒരു പരിധിവരെ, തങ്ങളുടെ കൊള്ളക്കൊയ്ത്ത് നിർബാധം തുടരാൻ പൊലീസിലെ ക്രിമിനലുകൾതന്നെ ഉയർത്തുന്ന പൊള്ളയായ വാദമാണ് ‘നടപടിയെടുത്താൽ പൊലീസിന്റെ മനോവീര്യം തകരും’ എന്നത്. എന്നാൽ, നേതൃഗുണം പ്രകടമാക്കേണ്ട മേലധികാരികൾപോലും ഇതിലെ പൊള്ളത്തരം മനസ്സിലാക്കുന്നില്ല. മറ്റു വകുപ്പുകളിൽനിന്നു ഭിന്നമായി, പലതലത്തിലുള്ള ‘മേൽനോട്ട’ത്തിനുള്ള സംവിധാനം പൊലീസിലുണ്ട്. വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്ക് കാര്യക്ഷമമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണിത്.     ഏബ്രഹാം മത്തായി നൂറനാൽ  
 
എസ്ഐ, സിഐ, ഡിവൈഎസ്പി തലങ്ങളിലുള്ളവരാണ് മിക്കപ്പോഴും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നത്. അവരതു വേണ്ടരീതിയിൽ നിർവഹിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ എസ്പി, ഡിഐജി, ഐജി, എഡിജിപി, ഡിജിപി തുടങ്ങി പലതലങ്ങളിലുള്ളവരുടെ മേൽനോട്ടവുമുണ്ട്. ഇങ്ങനെ പൊലീസ് നടപടികളിലൂടെ ഏതെങ്കിലും പൗരന്റെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പാക്കേണ്ട ചുമതല മേലധികാരികളിൽ നിക്ഷിപ്തമാകുന്നു. അത്തരത്തിൽ നോക്കുമ്പോൾ, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെ പൊലീസിൽനിന്നു പിരിച്ചുവിടുമ്പോൾതന്നെ, മേൽനോട്ടത്തിൽ പരാജയപ്പെട്ട മേലധികാരികൾക്കെതിരെയും അച്ചടക്കനടപടി എടുക്കേണ്ടതാണ്.   
  
 -  Also Read  \“ജർമനിയിലേക്ക് പറക്കാൻ വീസ റെഡി\“: മലയാളി തട്ടിയത് 60 ലക്ഷം രൂപ; ആഡംബരജീവിതത്തിന് \“പൂട്ടിട്ട് \“ പൊലീസ്   
 
    
 
ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളിലൊന്നിലും മേൽനോട്ടക്കാരായ ഉദ്യോഗസ്ഥർ വിവരമറിഞ്ഞയുടൻ സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തിയതായി കാണുന്നില്ല. അവർ തൊട്ടും തലോടിയുമുള്ള റിപ്പോർട്ടുകൾ തയാറാക്കി മുകളിലേക്ക് അയയ്ക്കുന്നു.Malayalam News, Kerala Politics, Current Affairs Kerala, Malayala Manorama Online News, CPI Kerala, Kerala Government, Political Satire Malayalam, Online Malayalam Articles, Kerala Latest News, VD Satheesan, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ  
 
വർഷങ്ങൾക്കു മുൻപ് എനിക്കുണ്ടായ ഒരനുഭവം ഓർക്കുന്നു. 1987ൽ പഞ്ചാബിൽ സ്ത്രീയെയും അവരുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും അകാരണമായി ലോക്കപ്പിലടച്ച എസ്ഐയെ ഞാനും അതേ ലോക്കപ്പിലടച്ചു. എന്റെ നടപടി വലിയ കോളിളക്കമുണ്ടാക്കി. അന്ന് അതെക്കുറിച്ച് ആക്ഷേപവുമായി ചെന്നവരുടെ മുന്നിൽവച്ച് അന്നത്തെ ഡിജിപി ഇന്ത്യ കണ്ട ഏറ്റവും പേരുകേട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ ജെ.എഫ്.റിബേറോ, ഫോണിൽ എന്നോടൊരു ചോദ്യം: ‘അയാൾക്കെതിരെ ഇനിയും കേസ് റജിസ്റ്റർ ചെയ്തില്ലേ?’. പുഞ്ചിരിക്കാൻ മാത്രമറിയാവുന്ന മേലധികാരികളെയല്ല, തക്കസമയത്ത് നടപടിയെടുക്കാൻ ശേഷിയും തന്റേടവുമുള്ളവരെയാണ് ഇന്നാവശ്യം. അത്തരക്കാരെ കീഴുദ്യോഗസ്ഥർ ആദരിക്കും; പെരുമാറ്റത്തിൽ അതീവജാഗ്രത പുലർത്തുകയും ചെയ്യും.   
 
പൊലീസ്, എക്സൈസ്, വനംവകുപ്പുകളിലെ ചുരുക്കം ചില ഉദ്യോഗസ്ഥർക്കെങ്കിലും തങ്ങളണിഞ്ഞിരിക്കുന്ന കാക്കി ജനങ്ങൾക്കുമേൽ കൈവയ്ക്കാനുള്ള ലൈസൻസാണെന്ന ധാരണയുണ്ട്. ക്രിമിനൽ കേസും പിരിച്ചുവിടലുമടക്കം കടുത്ത നടപടികളിലൂടെയേ ഇതിനു തടയിടാനാവൂ.  
  
 -  Also Read  രാജന്റെ മരണത്തിന് ഇടയാക്കിയ ഇൻസ്പെക്ടറുടെ കാർ പൊലീസ് സ്റ്റേഷനിൽ ഒളിപ്പിക്കാനും ശ്രമം   
 
    
 
യുഎൻ സേവനകാലത്ത് നൂറോളം വ്യത്യസ്ത പൊലീസ് സംവിധാനങ്ങളുമായി നേരിട്ട് ഇടപഴകാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. മർദനവും മൂന്നാംമുറയുമുൾപ്പെടെ പൊലീസ് അതിക്രമങ്ങൾ പൂർണമായി എവിടെയും നിർത്തലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അകാരണമായി ജനങ്ങളെ തല്ലിച്ചതയ്ക്കുകയും ആക്ഷേപിക്കുകയും പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന രീതി ഒട്ടുമിക്ക പൊലീസ് സേനകളും ഉപേക്ഷിച്ചുകഴിഞ്ഞു. കടുത്ത പൊലീസ് നടപടികൾക്കു പേരുകേട്ട അറബ്, ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും പൊതുജനങ്ങളെ അകാരണമായി വലിച്ചിഴച്ച് വണ്ടിയിൽ കയറ്റിയോ സ്റ്റേഷനകത്തു നിർത്തിയോ മർദിച്ചവശരാക്കുന്ന സംഭവങ്ങൾ കാര്യമായി നടക്കുന്നില്ല; അഥവാ അതിന് അനുവദിക്കുന്നില്ല.  
 
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, വിദ്യാസമ്പന്നരും ജനങ്ങളുമായി മാന്യമായി ഇടപഴകുന്നവരുമാണ്  കേരള പൊലീസ്. ആധുനികവൽക്കരണത്തിലും സൈബർ പൊലീസ് മേഖലയിലും സ്റ്റേഷനിൽ സിസിടിവിയടക്കം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും കേരളം മുന്നിലാണ്. പൊതുജന സേവനത്തിന്റെ തിളക്കമുള്ള കഥകൾ (പാലൂട്ടുന്ന, രക്തദാനം ചെയ്യുന്ന എത്രയോ ഉദാഹരണങ്ങൾ) നാം നിത്യേന കേൾക്കുന്നു. എന്നിരുന്നാലും, കാക്കിയുടെ കനത്തിൽ കൈതരിക്കുന്നവരും അവർക്കിടയിലുണ്ട്. അക്കൂട്ടരെ, കളപറിച്ചെറിയുന്നപോലെ കൈകാര്യം ചെയ്തേ മതിയാകൂ. 
  
 (മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ലേഖകൻ ജനീവയിൽ യുഎന്നിന്റെ സീനിയർ കൺസൽറ്റന്റാണ്) English Summary:  
Nottam: Kerala Police integrity is the main point. Removing criminal elements from the police force strengthens morale and ensures justice. Upholding the rule of law and transparency in police operations is crucial for public trust and effective law enforcement. |