തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ, മഹാരാഷ്ട്രയുടെ രാഷ്ട്രീയക്കളം ജാതിപ്പോരാട്ടങ്ങളുടെ വേദിയായി. ഒബിസി സംവരണം ആവശ്യപ്പെട്ട് മുന്നാക്ക സമുദായമായ മറാഠകളും അവർ തങ്ങളുടെ സംവരണം കവരുമെന്നു ഭയന്ന് ഒബിസി വിഭാഗങ്ങളും നേർക്കുനേർ നിൽക്കുന്നു. സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കാണ് ഒബിസി. ജനസംഖ്യയുടെ 28% വരുന്ന മറാഠകളാകട്ടെ മഹാരാഷ്ട്രയിലെ ഏറ്റവും സ്വാധീനശക്തിയുള്ള സമുദായവും. ഇരുവരെയും പിണക്കാനാകില്ല.
- Also Read അമേരിക്കയെ വിറപ്പിച്ച് സൈനിക പരേഡ്; സ്റ്റെൽത്ത് വിമാനങ്ങളും മാരക ഡ്രോണുകളും, ഒപ്പം റോബട് സൈന്യവും!
അതിനാൽ, ഒബിസി സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മറാഠാ വിഭാഗം മുംബൈയിൽ തുടക്കമിട്ട സമരം തൽക്കാലം കുറുക്കുവഴിയിലൂടെ പരിഹരിച്ചിരിക്കുകയാണ് ബിജെപി നേതാവായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മറാഠ്‌വാഡ മേഖലയിൽ താമസിക്കുന്ന മറാഠ സമുദായാംഗങ്ങളുടെ മുതുമുത്തച്ഛൻമാരുടെ പേര് ഹൈദരാബാദ് ഗസറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കു സംവരണം ലഭിക്കുമെന്നാണ് സർക്കാർ വാഗ്ദാനം. മറാഠകളിൽ സാമ്പത്തികമായി പിന്നാക്കമായവരെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി നൈസാം ഭരണകാലത്ത്, 1918ൽ ഇറക്കിയ വിജ്ഞാപനമാണ് ഹൈദരാബാദ് ഗസറ്റ്. മറാഠാ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ
അഞ്ചു ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ മറാഠാ സമുദായ നേതാവ് മനോജ് ജരാങ്കെ പാട്ടീലും 60,000 അനുയായികളും സർക്കാർ വാഗ്ദാനം സ്വീകരിച്ച് മുംബൈയിൽനിന്നു പിരിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ഫഡ്നാവിസ്. നാലു കോടിയോളം വരുന്ന, സംസ്ഥാനത്തെ മുഴുവൻ മറാഠകൾക്കും ഒബിസി ക്വോട്ടയിൽ സംവരണം നൽകണമെന്നായിരുന്നു സമരം തുടങ്ങുമ്പോഴുള്ള ജരാങ്കെയുടെ ആവശ്യം. ഭാഗികമായി മാത്രം ആവശ്യങ്ങൾ അംഗീകരിക്കുകയാണു സർക്കാർ ചെയ്തത്.
ജരാങ്കെ, ഫഡ്നാവിസ് സമാസമം
മറാഠ സംവരണ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയ പ്രക്ഷോഭങ്ങൾക്കു പലവട്ടം സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. സർക്കാർ വാഗ്ദാനങ്ങളിൽ മയങ്ങി മടങ്ങുന്ന പതിവുകാഴ്ചയിൽനിന്നു വ്യത്യസ്തമായിരുന്നു ഇത്തവണ സമരം. 400 കിലോമീറ്റർ അകലെ ജൽനയിൽനിന്ന് 29നു മുംബൈയിലെത്തിയതാണ് മനോജ് ജരാങ്കെ പാട്ടീൽ. ഭരണസിരാകേന്ദ്രമായ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്ത് 5000 പേരുടെ ഒരു ദിവസത്തെ സമരത്തിനായിരുന്നു സർക്കാർ അനുമതി. എന്നാൽ, അത് അനിശ്ചിതകാല നിരാഹാരസമരമായി. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽനിന്ന് 60,000 മറാഠാ സമുദായാംഗങ്ങളെങ്കിലും എത്തി.
- Also Read സരിന് നേരെ ലൈംഗികാരോപണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ചു – പ്രധാന വാര്‍ത്തകൾ
കുടിക്കാനും കുളിക്കാനുമുള്ള വെള്ളവും മറ്റു സൗകര്യങ്ങളും വേണ്ടത്ര ഒരുക്കാതെ സർക്കാർ ആദ്യം അവഗണിക്കുകയും ഭക്ഷണത്തിനു കാര്യമായ ക്രമീകരണങ്ങളില്ലാതെ വലയുകയും ചെയ്തപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു ട്രക്കുകളിൽ മറാഠ സമുദായാംഗങ്ങൾ ഭക്ഷണവും ശുദ്ധജലവുമെത്തിച്ചു. ട്രെയിനുകളിലും ട്രക്കുകളിലും ആളുകൾ ഒഴുകിയെത്തി. റോഡുകൾക്കു കുറുകെ ട്രക്കുകൾ നിരത്തി മറാഠകൾ നഗരം കീഴടക്കി. എങ്ങും ഗതാഗതക്കുരുക്ക്; മാലിന്യക്കൂമ്പാരം. കച്ചവടക്കാർ കടകളും ഹോട്ടലുകളും അടച്ചു. സ്കൂളുകളും കോളജുകളും കോടതികളും ഓൺലൈനിലേക്കു മാറേണ്ട സ്ഥിതിയായി. ഇതോടെ, ബോംബെ ഹൈക്കോടതി വടിയെടുത്തു.
പിരിഞ്ഞുപോകാൻ കോടതി ചൊവ്വാഴ്ച കർശന നിർദേശം നൽകിയതിനു പിന്നാലെ പൊലീസ് ഒഴിപ്പിക്കൽ നടപടി തുടങ്ങി. ഇതു സമരക്കാരിൽ സമ്മർദം സൃഷ്ടിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്കെത്തിയത്. ബിജെപി മുൻ വക്താവായിരുന്ന ജസ്റ്റിസ് ആരതി സാഠെയുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചതെന്നും ശ്രദ്ധേയം. സർക്കാരിന്റെ ഉറപ്പുകൾ അംഗീകരിച്ച് സമരം പിൻവലിച്ചു മറാഠകൾ മടങ്ങുമ്പോൾ ഫഡ്നാവിസിനും പ്രക്ഷോഭനായകൻ മനോജ് ജരാങ്കെ പാട്ടീലിനും 50:50 വിജയം.Higher Education in Kerala, Research Institutions Kerala, Kerala University Research, Academic Collaboration Kerala, Interdisciplinary Programs Kerala, Research Opportunities for Students, Malayala Manorama Online News, Kerala Education System, Research and Development Kerala, Educational Reforms Kerala, Kerala Higher Education Research, Collaborative Research Programs, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
എട്ടിൽ 6 ആവശ്യങ്ങളും നേടിയെടുത്തെന്നു പാട്ടീൽ പറയുന്നു. ഉറപ്പുകൾ സർക്കാർ പാലിച്ചാൽ മറാഠ്‌വാഡ മേഖലയിലെ 10 ലക്ഷത്തോളം പേർക്ക് ഒബിസി സംവരണം ലഭിക്കും. സംവരണം 10 ലക്ഷത്തിൽ ഒതുക്കി പ്രക്ഷോഭകാരികളെ മടക്കിയയച്ചത് ഫഡ്നാവിസിന്റെ തന്ത്രജ്ഞത.
ഇടയുമോ ഒബിസി വിഭാഗങ്ങൾ ?
മറാഠകൾക്കു സംവരണം അനുവദിക്കുമ്പോൾ നിലവിലെ ഒബിസി വിഭാഗങ്ങൾക്കുള്ള ക്വോട്ട കുറയുമെന്നതിനാൽ അവർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ജരാങ്കെ പാട്ടീലിന്റെ ഗ്രാമത്തിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒബിസി നേതാക്കൾ സമരം തുടങ്ങിക്കഴിഞ്ഞു. മുംൈബയിലേക്ക് അവർ സംവരണ സംരക്ഷണ യാത്രകൾ ആസൂത്രണം ചെയ്യുന്നു. ബിജെപിയുടെ വോട്ടുബാങ്കായ ഒബിസികൾ ഇടയുന്നത് ഫഡ്നാവിസ് സർക്കാരിനു പുതിയ തലവേദനയാകും. എന്നാൽ, മല പോലെ വന്ന മറാഠകളെ എലി പോലെ മടക്കാനായെന്ന് ഒബിസി വിഭാഗങ്ങളോടു വിശദീകരിക്കാനാണ് ബിജെപിയുടെ ശ്രമം.
- Also Read പുട്ടിനെ കാണാൻ കിം ജോങ് ഉൻ ചൈനയിലേക്ക്; ഷിയുമായുള്ള മോദി കൂടിക്കാഴ്ച ‘ലജ്ജാകരമെന്ന്’ ട്രംപിന്റെ ഉപദേഷ്ടാവ് – പ്രധാനവാർത്തകൾ
മറാഠകൾക്ക് എന്തിന് സംവരണം?
പരമ്പരാഗതമായി ഭൂവുടമകളും കർഷകരുമാണ് മറാഠകൾ (മഹാരാഷ്ട്രക്കാരെ മറാഠികൾ എന്നു വിശേഷിപ്പിക്കുമ്പോൾ അവർക്കിടയിലെ ഒരു സമുദായമാണ് മറാഠ). എന്നാൽ, കാർഷികമേഖല തകർന്നതോടെ മറാഠ വിഭാഗത്തിന്റെ നട്ടെല്ലും തകർന്നു. ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ജീവനൊടുക്കുന്നതിലേറെയും മറാഠ സമുദായക്കാരാണ്. ഇത്തരത്തിൽ തങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്കു പോകുമ്പോൾ ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ പുതുതലമുറ സംവരണത്തിന്റെ ആനുകൂല്യത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനവും സർക്കാർ ജോലികളും നേടി പുരോഗതി പ്രാപിക്കുന്നു എന്ന മറാഠ വിഭാഗത്തിന്റെ തിരിച്ചറിവാണ് സംവരണ പ്രക്ഷോഭത്തിന്റെ കാതൽ.
മഹാരാഷ്ട്ര ഭരിച്ച മുഖ്യമന്ത്രിമാരിൽ ശരദ് പവാർ ഉൾപ്പെടെ പത്തിലേറെപ്പേർ മറാഠ വിഭാഗത്തിൽ നിന്നായിട്ടും അവരാരും സംവരണ ആവശ്യം നടപ്പാക്കാൻ തയാറായിരുന്നില്ല. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഭരണഘടനാ വ്യവസ്ഥയാണ് മറാഠ സംവരണത്തിനു തടസ്സം. സംസ്ഥാനത്തെ സംവരണം ഇതിനകം 50 % പരിധി പിന്നിട്ടിരിക്കുന്നതിനാൽ മറാഠകൾക്കു സംവരണം നൽകാൻ പാർലമെന്റിൽ ഭരണഘടനാ ഭേദഗതി മാത്രമാണ് പോംവഴി. അതുണ്ടായാൽ പല സംസ്ഥാനങ്ങളിലും മുന്നാക്ക സമുദായക്കാർ സംവരണപ്രക്ഷോഭവുമായി കളത്തിലിറങ്ങുമെന്നതിനാൽ അത്തരമൊരു നടപടി പ്രതീക്ഷിക്കാനാവില്ല.
ഇൗ സാഹചര്യത്തിലാണ് ഒബിസി ക്വോട്ടായിൽ സംവരണം ആവശ്യപ്പെട്ട് മറാഠ നേതാക്കൾ രംഗത്തെത്തിയത്. അതിൽ ഭാഗികജയം നേടിയ മനോജ് ജരാങ്കെ പാട്ടീൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ഇറക്കി രാഷ്ട്രീയക്കളത്തിലേക്ക് ഇറങ്ങുമോയെന്നാണ് ഇനിയുള്ള ചോദ്യം.
മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ വേറെയുമുണ്ട്. രണ്ടു പതിറ്റാണ്ടിന്റെ ഭിന്നത മറന്ന് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും ബന്ധുവും നവനിർമാൺ സേനാ മേധാവിയുമായ രാജ് താക്കറെയും തദ്ദേശതിരഞ്ഞെടുപ്പിൽ കൈകോർക്കുമെന്ന അഭ്യൂഹം ശക്തമാണ്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകവർച്ചയും ക്രമക്കേടും ആരോപിക്കുന്ന രാഹുൽ ഗാന്ധി ‘ഹൈഡ്രജൻ ബോംബിനായുള്ള’ ചേരുവകൾ സംസ്ഥാനത്തുനിന്നു സ്വരുക്കൂട്ടി വരികയാണ്. വിശദമായ പവർ പോയിന്റ് പ്രസന്റേഷനും അണിയറയിൽ ഒരുങ്ങുന്നുണ്ട്. English Summary:
Maharashtra kath: Maratha Reservation is a contentious issue in Maharashtra, with ongoing protests and political maneuvering. The recent protests led by Manoj Jarange Patil have put pressure on the state government. This has caused unrest among OBC groups fearing a reduction in their existing quotas. |