ജറുസലം ∙ ഗാസയിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്കുണ്ടാകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അവരുടെ മണ്ണിൽ വിദേശ സൈനികരുടെ സാന്നിധ്യം സംബന്ധിച്ച് ഇസ്രയേലിനുന്മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ യുഎസ് നിർബന്ധിക്കില്ല.   
  
 -  Also Read  ട്രംപ്–പുട്ടിൻ ഉച്ചകോടി റദ്ദാക്കിയതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് റഷ്യ; ‘ശൈത്യകാലത്തിന് മുൻപ് ഊർജമേഖലയെ തകർക്കാൻ നീക്കം’   
 
    
 
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ പ്രതീക്ഷിച്ചതിലും നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്. കരാർ നിലനിൽക്കുമെന്നാണ് ശുഭപ്രതീക്ഷ’ – വാൻസ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതോടെയാണ് പ്രശ്നപരിഹാരത്തിന് വാൻസ് ഇസ്രയേലിലെത്തിയത്.   
 
അതേസമയം, രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്‌തമാക്കി. ഗാസയുടെ ഭാവി, രണ്ടു വർഷത്തെ യുദ്ധം താറുമാറാക്കിയ മേഖലയിൽ ആർക്കാണ് സുരക്ഷ ഉറപ്പാക്കാനാവുക എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ യുഎസ് വൈസ് പ്രസിഡന്റുമായി ചർച്ച നടത്തിയെന്ന് നെതന്യാഹു പറഞ്ഞു.   
 
തുർക്കിയും ഇസ്രയേലും തമ്മിൽ ഊഷ്മളമായിരുന്ന ബന്ധം ഗാസ യുദ്ധത്തോടെയാണു നഷ്ടമായത്. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്‍ വിമർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നഷ്ടമായത്. തുർക്കിയുടെ സമ്മർദത്തെത്തുടർന്നാണ് ഗാസ സമാധാന കരാറിനു വഴങ്ങാൻ ഹമാസ് തയാറായത്. ഗാസയിലെ സമാധാനസേനയിൽ തുർക്കി ഉണ്ടാവുമെന്നു തയീപ് എർദോഗൻ വ്യക്‌തമാക്കിയിരുന്നു.  
 
ഇതിനിടെ, കരാർ പ്രകാരം ഇസ്രയേൽ കൈമാറിയ മൃതദേഹങ്ങളിൽ തിരിച്ചറിയാത്ത 54 പലസ്തീൻകാരെയും ഇന്നലെ കബറടക്കി. 30 മൃതദേഹങ്ങൾ കൂടി ഗാസയിലെത്തിയിട്ടുണ്ട്. 28 ബന്ദികളിൽ 15 പേരുടെ മൃതദേഹങ്ങൾ ഹമാസും കൈമാറി.   
 
ശേഷിക്കുന്ന 13 മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണെന്നും വീണ്ടെടുക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്നും ജെ.ഡി. വാൻസ് പറഞ്ഞു. വെടിനിർത്തൽ ആരംഭിച്ചശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 88 പേരാണു കൊല്ലപ്പെട്ടത്.  English Summary:  
Gaza Ceasefire: US, Israel at Odds Over Turkey\“s Military Presence |