cy520520                                        • 2025-10-23 02:51:01                                                                                        •                views 335                    
                                                                    
  
                                
 
  
 
    
 
  
 
തിരുവനന്തപുരം∙ അയ്യനെ കാണാൻ ആദ്യമായി ശബരിമലയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കൈപിടിച്ചു കയറ്റിയത് എഡിസിയായ സ്ക്വാഡ്രൺ ലീഡർ സൗരഭ് എസ്.നായർ. തിരുവനന്തപുരം സ്വദേശിയായ സൗരഭ് രാഷ്ട്രപതിയുടെ ഓഫിസിലെത്തിയിട്ട് ഒരു വർഷമാകുന്നു. ശബരിമല സന്ദർശിക്കാൻ രാഷ്ട്രപതി തീരുമാനിച്ചതോടെ കേരളത്തിലേക്ക് അനുഗമിക്കാനുള്ള നിയോഗം സൗരഭിലേക്ക് എത്തുകയായിരുന്നു.  
  
 -  Also Read  മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം; വിമർശനത്തിനൊടുവിൽ എക്സിൽനിന്ന് പിൻവലിച്ചു   
 
    
 
പമ്പയില്‍ നിന്നു കെട്ടു നിറച്ച ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. രാഷ്ട്രപതി കെട്ടു നിറച്ചപ്പോൾ, ദക്ഷിണ എടുത്തു കൊടുത്തശേഷം പൂജാരിക്കു കൈമാറാനായി പറഞ്ഞത് സൗരഭാണ്. പമ്പയില്‍നിന്നും പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. കാനനപാതയിലൂടെയുള്ള യാത്രയിൽ ഓരോ സ്ഥലത്തെപ്പറ്റിയും സൗരഭ് രാഷ്ട്രപതിയോട് വിശദീകരിച്ചു.   
 
ഉച്ചയ്ക്ക് 11.45 ന് രാഷ്ട്രപതി സന്നിധാനത്ത് എത്തി. സൗരഭ് രാഷ്ട്രപതിയെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി. ഇടയ്ക്ക് അൽപനേരം നിന്നശേഷം രാഷ്ട്രപതി വീണ്ടും പടികൾ കയറി. ക്ഷേത്രത്തിനു മുന്നിലെത്തിയ രാഷ്ട്രപതിക്ക് ആചാരങ്ങളെക്കുറിച്ച് വിശദീകരിച്ചതും സൗരഭാണ്. മേൽശാന്തി തീർഥം നൽകിയപ്പോൾ അത് കുടിക്കാനായി സൗരഭ് പറയുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ക്ഷേത്രത്തിന്റെ പ്രത്യേകതകളും സൗരഭ് വിവരിച്ചു. മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, പിഎസ്ഒ വിനയ് മാത്തൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വാവരു സ്വാമിയുടെ നടയിലും രാഷ്ട്രപതി എത്തി.  
  
 -  Also Read  വക്താക്കളായി ചെറുപ്പക്കാരെ ഇറക്കും, ചാണ്ടിക്കും ഷമയ്ക്കും വലിയ ദൗത്യം; ഇത് രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടല്ല   
 
    
 
ശബരിമലയിലെത്തുന്നതിനു മുൻപു തന്നെ ഐതിഹ്യങ്ങളും ആചാരങ്ങളും രാഷ്ട്രപതി മനസ്സിലാക്കിയിരുന്നു. ഓഫിസിലുള്ള മലയാളി ഉദ്യോഗസ്ഥരാണ് ഇതിനു സഹായിച്ചത്. രാഷ്ട്രപതിയുടെ എഡിസി ആയി തിരഞ്ഞെടുക്കപ്പെടുന്നത് ഒരു യുവ സൈനിക ഉദ്യോഗസ്ഥനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി എഡിസിമാർ മേജർ (കരസേന), ലഫ്റ്റനന്റ് കമാൻഡർ (നാവികസേന), സ്ക്വാഡ്രൺ ലീഡർ (വ്യോമസേന) റാങ്കുകളിലുള്ള യുവ ഉദ്യോഗസ്ഥരായിരിക്കും. പ്രോട്ടോക്കോൾ ചുമതലകൾ, ഭരണപരമായ ഏകോപനം, സുരക്ഷ എന്നിവയെല്ലാം എഡിസിയുടെ ചുമതലയാണ്.  
  
 -  Also Read  കമ്യൂണിസ്റ്റുകൾ ക്ഷേത്ര സ്വത്തു മുതൽ ശ്മശാനം വരെ കക്കുന്നവരായി: ബി.ഗോപാലകൃഷ്ണൻ   
 
    
 
രാഷ്ട്രപതിയുടെ ദൈനംദിന ഷെഡ്യൂളുകളും ഔദ്യോഗിക യോഗങ്ങളും കൈകാര്യം ചെയ്യുന്നത് എഡിസിമാരാണ്. ചടങ്ങുകളിൽ ഒപ്പം പങ്കെടുക്കുന്നതും സംസ്ഥാന സന്ദർശനങ്ങൾ ഏകോപിപ്പിക്കുന്നതും ഇവരായിരിക്കും. രാഷ്ട്രപതി ഭവനും സർക്കാരും തമ്മിലുള്ള ആശയവിനിമയങ്ങൾ നടക്കുന്നത് പ്രധാനമായും എഡിസിയിലൂടെയായിരിക്കും. മികച്ച സർവീസ് റെക്കോര്‍ഡ് ഉള്ളവരെ മാത്രമേ എഡിസിയായി തിരഞ്ഞെടുക്കൂ. എഡിസി പദവിയിലേക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. സേനകളിൽനിന്ന് വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് നിയമനം.  
 
വിവിധതലത്തിലുള്ള അഭിമുഖ പരീക്ഷകൾ പാസാകണം. മികച്ച ആശയവിനിമയ ശേഷിയുണ്ടാകണം. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയണം. രാഷ്ട്രപതിക്ക് 5 എഡിസിമാരുണ്ട്. മൂന്നുപേർ ആർമിയിൽനിന്നും ഒരോ ആളുകൾ  വീതം നേവിയില്‍നിന്നും വ്യോമസേനയിൽനിന്നുമാണ്. English Summary:  
President Draupadi Murmu\“s Sabarimala Visit: President Murmu\“s Sabarimala visit was facilitated by Squadron Leader Sourabh S Nair. He guided her through the traditions and rituals during her pilgrimage to the Sabarimala Ayyappan temple.  |   
                
                                                    
                                                                
        
 
    
                                     
 
 
 |