കൊച്ചി ∙ കേരളത്തിലെ പ്രമുഖ ബാങ്കിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പൊലീസ്. അസമിലെ മോറിഗാവ് ജില്ലയിലെ ലാഹോരിഘട്ട് സ്വദേശി സിറാജുൽ ഇസ്‍ലാമിനെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. തട്ടിപ്പിലെ പങ്കാളിയും ഇയാളുടെ ഇളയ സഹോദരനുമായ ഷെറിഫുൽ ഇസ്‍ലാം ഒളിവിലാണ്. കോഴി ഫാമും ഭൂമിയടക്കമുള്ള സ്വത്തുവകകളും വലിയ വീടുമൊക്കെയായി ആഡംബര ജീവിതമായിരുന്നു ഇവരുടേത്. കേരളത്തിലെത്തിച്ച പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  
  
 -  Also Read  യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക്കാരനെ കാണാനില്ല, കയ്യിൽ മുറിവ്, പിടിവലി നടന്ന ലക്ഷണങ്ങൾ   
 
    
 
അതിവിദഗ്ധമായാണ് സിറാജുൽ ഇസ്‍ലാം തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ആവശ്യക്കാർക്ക് ആധാറും പാൻകാർഡും എടുത്തുകൊടുക്കുന്ന ഏജൻസി നടത്തുകയായിരുന്നു ഇയാൾ. അങ്ങനെ ലഭിക്കുന്ന പാൻ കാർഡുകളിൽ മെച്ചപ്പെട്ട സിബിൽ സ്കോര്‍ ഉള്ളവ കണ്ടെത്തി അതിൽ സ്വന്തം ചിത്രം ചേർത്ത് ഡിജിറ്റൽ കെവൈസി പൂർത്തിയാക്കും. അതിനായി ആധാറിലും സ്വന്തം ചിത്രം പതിക്കും. തുടർന്ന് ഈ രേഖകൾ ഉപയോഗിച്ച്, ബാങ്കിന്റെ ഓൺലൈൻ ക്രെഡിറ്റ് കാർഡ് നൽകുന്ന പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്ത് വെർച്വൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കും. കാർഡ് ലഭിച്ചാലുടൻ അതിലെ പണം പ്രമുഖ ഡിജിറ്റൽ വാലറ്റ് ആപ്പിലേക്കും  അവിടെനിന്ന് സ്വന്തം അക്കൗണ്ടിലേക്കും മാറ്റും. ഇത്തരത്തിൽ 500 ലേറെ പേരുടെ പാൻകാർഡുകളാണ് പ്രതി തട്ടിപ്പിന് ഉപയോഗിച്ചത്.  
  
 -  Also Read  പിതാവ് മർദിച്ചതിൽ വൈരാഗ്യം; 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി കൊന്നു, ആക്രമിച്ചത് കത്തിയും ഇഷ്ടികയും ഉപയോഗിച്ച്   
 
    
 
2023 ലാണ് തട്ടിപ്പ് നടന്നതെന്ന് പ്രതിയെ പിടികൂടിയ പൊലീസ് സംഘം വ്യക്തമാക്കി. അപേക്ഷിക്കാതെതന്നെ, തന്റെ പേരിൽ ക്രെഡിറ്റ് കാർഡ് വീട്ടിലെത്തിയതോടെ ഒരാൾ ബാങ്കിനെ സമീപിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. സംശയം തോന്നിയ ബാങ്ക് അധികൃതർ പരിശോധന നടത്തിയപ്പോൾ വെർച്വൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചില ഇടപാടുകളിൽ സംശയം തോന്നി പൊലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയതത്. പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി. 27 കോടി രൂപ തട്ടിയെടുത്തതിൽ നാലു കോടി രൂപയോളം ഡിജിറ്റൽ വാലറ്റ് ആപ്പിൽനിന്ന് സിറാജുലിന്റെ അക്കൗണ്ട് വഴിയാണു പോയതെന്ന് അന്വേഷണ സംഘത്തിനു മനസ്സിലായി. അങ്ങനെ അസം പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ തുടരന്വേഷണത്തിലാണ് സിറാജുലിലേക്ക് എത്തിയത്. സമാനമായ തട്ടിപ്പുകേസുകളിൽ ഇയാൾ പ്രതിയാണെന്നും മനസ്സിലായി.  
 
ഇതോടെ ക്രൈംബ്രാഞ്ച് സിഐ രാജ്കുമാർ വി., എസ്ഐമാരായ മനോജ്, ജിജോമോൻ, സിപിഒ ജോമോൻ എന്നിവരടങ്ങുന്ന സംഘം അസമിലെത്തി. ലാഹോരിഘട്ട് പൊലീസിന്റെ സഹായത്തോടെ സിറാജുലിനെക്കുറിച്ച് വിശദമായി അന്വേഷിച്ച സംഘം 17 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സമ്പന്ന ജീവിതമാണ് പ്രതി നയിച്ചിരുന്നത്. യന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലും അലമാരയുമടക്കമുള്ള ആഡംബര വീടും ഒട്ടേറെ വാഹനങ്ങളും ഇയാൾക്കുണ്ട്. കോഴിഫാം ഭൂമി അടക്കമുള്ള സ്വത്തുക്കളും തട്ടിപ്പിലൂടെ സമ്പാദിച്ചാണെന്നാണ് കരുതുന്നത്. English Summary:  
Kerala Police arrest cyber fraud accused from Assam: ₹27 crore cyber fraud involving virtual credit cards, Aadhaar/PAN misuse from a prominent bank in Kochi. Kerala Police arrest Sirajul Islam From Assam. |