വാഷിങ്‌ടൻ ∙ വ്യാപാരം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്‌ച മോദിയുമായി ഫോണിൽ നിരവധി കാര്യങ്ങൾ സംസാരിച്ചെന്നും വ്യാപാരത്തെ കുറിച്ചാണ് കൂടുതൽ സമയവും ചർച്ച നടത്തിയതെന്നു പറഞ്ഞ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്നും പറഞ്ഞു. ‘റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങില്ല. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിക്കണമെന്ന് എന്നെപ്പോലെ തന്നെ അദ്ദേഹവും ആഗ്രഹിക്കുന്നു’ – ട്രംപ് പറഞ്ഞു.   
  
 -  Also Read  ട്രംപ്–പുട്ടിൻ ബുഡാപെസ്റ്റ് കൂടിക്കാഴ്ച റദ്ദാക്കി; തീരുമാനത്തിനു പിന്നിൽ അറസ്‌റ്റ് ഭീതി?   
 
    
 
റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകിയെന്നും അതൊരു വലിയ ചുവടുവയ്‌പ്പാണെന്നും ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇറക്കുമത ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.  
 
എന്നാൽ ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണം. ‘‘എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. English Summary:  
Trump: Modi Assured Limits on Russian Oil, Wants Ukraine War to End |