കൊച്ചി ∙ ശബ്ദ മലിനീകരണം തടയാൻ വായു മലിനീകരണമാകാമോ? എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കാൻ ഉത്തരവിട്ട മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യമാണിത്. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത റോഡ് റോളറും കൊണ്ടാണോ എയർഹോണുകൾ നശിപ്പിക്കുന്നത് എന്ന ചോദ്യമുയർത്തി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെ മോട്ടർ വാഹന വകുപ്പ് റോഡ് റോളർ ഉടമയ്ക്ക് നോട്ടിസ് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും 250 രൂപ പിഴയടയ്ക്കണമെന്നുമാണ് എറണാകുളം ആർടിഒ നൽകിയ നിർദേശം.
- Also Read അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം
കഴിഞ്ഞയാഴ്ച കോതമംഗലത്ത് മന്ത്രി പങ്കെടുത്ത ചടങ്ങിനിടെ ഹോൺ മുഴക്കിയെത്തിയ ബസ് അലോസരം സൃഷ്ടിച്ചതിനെ തുടർന്നാണ് എയർ ഹോൺ പരിശോധനയ്ക്ക് നിർദേശം നൽകിയത്. തുടർന്ന് എറണാകുളം ആർടിഒയുടെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും സ്ക്വാഡുകൾ 500ലേറെ വാഹനങ്ങളിൽ നിന്ന് എയർഹോണുകൾ പിടികൂടി. പിഴയിനത്തിൽ വാഹനങ്ങൾക്ക് 4,48,000 രൂപയും ചുമത്തി. ഇതിനു പിന്നാലെയായിരുന്നു റോഡ് റോളറുകൾ ഉപയോഗിച്ച് എയർ ഹോണുകൾ ഞെരിച്ചമർത്തി പൊട്ടിച്ചു കളയുന്ന പരിപാടി. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കമ്മട്ടിപ്പാടത്തിനടുത്തും മട്ടാഞ്ചേരിയിലും പറവൂരിലുമായിരുന്നു ഇത്തരത്തിൽ എയർ ഹോണുകൾ നശിപ്പിച്ച പരിപാടി നടത്തിയത്.
- Also Read മോദിയെ ഉപദേശിച്ച് തുടങ്ങിയ ‘സ്റ്റാർട്ടപ്’; പരിശീലകന്റെ പാർട്ടിതന്നെ കളത്തിൽ; ബിഹാറിൽ വിജയിക്കുമോ പ്രശാന്ത് കിഷോറിന്റെ പരീക്ഷണം?
എന്നാൽ ഇതിനിടെ, മട്ടാഞ്ചേരിയിൽ ഉപയോഗിച്ച റോഡ് റോളറിന്റെ മലിനീകരണ സർട്ടിഫിക്കറ്റിന്റെ കാലാവധി ഇക്കഴിഞ്ഞ ജൂണിൽ അവസാനിച്ച കാര്യം ചിലർ കണ്ടെത്തി. കോൺഗ്രസ് നേതാവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിന്റെ മുഖ്യ എതിരാളിയുമായിരുന്ന ജ്യോതികുമാർ ചാമക്കാലയും വിമർശനവുമായി രംഗത്തെത്തി.
‘‘എന്തെല്ലാം കോമാളിത്തരങ്ങൾ കാണണം... സംസ്ഥാനത്തെ വാഹനങ്ങളിൽ ഉപയോഗിക്കുന്ന എയർഹോണുകൾ പിടിച്ചെടുത്ത് റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കണമെന്ന് മന്ത്രി ഉത്തരവിറക്കുന്നു.... അതനുസരിച്ച് കൊച്ചിയിൽ എംവിഐ പിടിച്ചെടുത്ത എയർഹോണിന്റെ കോളാമ്പികൾ മാത്രം ഒരു റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നു; അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു... എന്നാൽ കോളാമ്പികൾ നശിപ്പിക്കാൻ എംവിഐ ഏർപ്പാടാക്കിയ റോഡ് റോളറിന്റെ മലിനീകരണ സർട്ടിഫിക്കേറ്റ് കാലാവധി നാലു മാസം മുൻപ് കഴിഞ്ഞു പോലും.... ശബ്ദമലിനീകരണം തടയാൻ വായുമലിനീകരണം ആകാം....’, എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്.
വിമർശനങ്ങൾ ഉയർന്നതോടെ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർ വാഹന ഉടമയോട് ഏഴു ദിവസത്തിനുള്ളിൽ മലിനീകരണ സർട്ടിഫിക്കറ്റ് എടുക്കാൻ നിർദേശിക്കുകയായിരുന്നു. പിഴ അടച്ച് മലിനീകരണ സർട്ടിഫിക്കറ്റ് എടുത്തതായാണ് മനസിലാക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒയുടെ ഓഫിസും വ്യക്തമാക്കി. English Summary:
Controversy over Air Horn Destruction by Road Roller:The Kerala Transport Minister\“s initiative to destroy air horns using a road roller has sparked controversy due to the road roller\“s lack of a valid pollution certificate. |