കൊല്ലം∙ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിലെത്തിച്ചത് പൊലീസ് ആണെന്നും ഈ സർക്കാരാണ് അയ്യപ്പസംഗമം നടത്തിയത് എന്നുമായിരുന്നു വിവാദ പ്രസംഗം.
- Also Read പോറ്റിയുടെ വീട്ടിൽനിന്ന് സ്വർണവും പണവും കണ്ടെത്തി, ഇലക്ട്രോണിക്സ് രേഖകള്‍ പിടിച്ചെടുത്തു; വസ്തു ഇടപാടിലും പരിശോധന
താൻ പറഞ്ഞ കാര്യം നേരത്തെ വി.ഡി.സതീശനും ഷിബു ബേബി ജോണും പറഞ്ഞിട്ടുണ്ടെന്നും അവർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത സൈബർ ആക്രമണമാണ് തനിക്ക് നേരെയുള്ളതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ‘‘പ്രസ്താവനയിൽ ഞാൻ അടിയുറച്ചു നിൽക്കുന്നു. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ രഹ്ന ഫാത്തിമയ്ക്കും ബിന്ദു അമ്മിണിയ്ക്കും പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. പിന്നീട് വി.ഡി.സതീശനും പറഞ്ഞു. ഇവർ രണ്ടുപേരും പറഞ്ഞപ്പോഴുമുണ്ടാകാത്ത കനത്ത ആക്രമണമാണ് സിപിഎം സൈബർ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്’’ –എംപി പറഞ്ഞു.
- Also Read തെക്കനേഷ്യയിൽ ഇന്ത്യയ്ക്ക് പുതിയ ഭീഷണി: താലിബാനെ ഡല്‍ഹിയിലേക്കു ക്ഷണിച്ചത് വെറുതെയല്ല; പിന്നിൽ ‘അട്ടിമറി’ നയതന്ത്രം
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എംപിയുടെ വിവാദ പ്രസംഗമുണ്ടായത്. പൊറോട്ടയും ബീഫും നൽകി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയിൽ എത്തിച്ച സർക്കാർ വിശ്വാസത്തെ വികലമാക്കി. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്പയിൽ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തതെന്നും എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചിരുന്നു. English Summary:
NK Premachandran On Sabarimala Women Entry: Kollam MP N.K. Premachandran stands firm on his controversial Sabarimala women\“s entry statement, alleging police provided porotta and beef to activists. He dismisses cyber attacks. |