ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടു. ഒകു കുടുംബത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തലിനു പിന്നാലെ ഇസ്രയേൽ ആക്രമണം നടന്ന സെയ്തൂൺ മേഖലയിലെ തങ്ങളുടെ വീട് പരിശോധിക്കാനായി പുറപ്പെട്ട കുടുംബമാണ് കൊല്ലപ്പെട്ടത്.   
  
 -  Also Read  ഇൻസ്റ്റാഗ്രാം വഴി പരിചയം, വിവാഹം കഴിഞ്ഞിട്ട് 9 മാസം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റി യുവാവ്   
 
    
 
അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ എഎഫ്‌പിയോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.   
 
വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിനു മേൽ പതിച്ചത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം.  
 
അതേ സമയം,  ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ സംശയാസ്പദമായ വാഹനത്തിനു നേരെ വെടിയുതിർത്തതായാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ അനുസരിച്ച് ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ തുടരുന്നുണ്ട്. English Summary:  
Israel Shells Northern Gaza: 11 Members of One Family Killed in Post-Ceasefire Attack  |