പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ രംഗത്തുള്ളത് 1250ലേറെ സ്ഥാനാർഥികൾ. അന്തിമ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 121 മണ്ഡലങ്ങളിലാണ് നവംബർ 6ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.   
  
 -  Also Read  എൻഡിഎ ജയിച്ചാൽ നിതീഷ് തന്നെയാകുമോ മുഖ്യമന്ത്രി? തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന് അമിത് ഷാ   
 
    
 
സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കിയ ഭരണപക്ഷമായ എൻഡിഎ സഖ്യം തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയപ്പോൾ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൽ ഇനിയും അന്തിമ ധാരണയായിട്ടില്ല. ഇന്ത്യ സഖ്യത്തിലെ സീറ്റ് പങ്കുവയ്ക്കൽ സംബന്ധിച്ച് പല കക്ഷികൾക്കിടയിലും അതൃപ്തിയുണ്ട്. അതിനിടെ, സഖ്യത്തിനൊപ്പമുണ്ടാകുമെന്നു നേരത്തെ പറഞ്ഞ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചു. ജയസാധ്യതയുള്ള 6 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നാണ് പ്രഖ്യാപനം.   
  
 -  Also Read   ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?   
 
    
 
ആദ്യഘട്ടത്തിലെ ആറു സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ സ്ഥാനാർഥികൾ തന്നെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമുണ്ട്. ലാൽഗഞ്ച്, വൈശാലി, രാജ്പകാർ, ബച്വാര, രോസ്റ, ബിഹാർശരിഫ് സീറ്റുകളിലാണ് സഖ്യത്തിനുള്ളിൽ മത്സരം. അതേസമയം, സഖ്യത്തിനുള്ളിൽ പ്രശ്നങ്ങളില്ലെന്നും സീറ്റ് ധാരണകൾ പൂർത്തിയാക്കിയെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം കൂടി പൂർത്തിയാക്കാനേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.  
 LISTEN ON  English Summary:  
Bihar Election First Phase Nomination Deadline Ends: Over 1250 file nominations for 1st phase of polls in Bihar Assembly Election. The NDA alliance aims for dominance, while the India alliance faces internal disagreements ahead of the November elections. |