വണ്ടിപ്പെരിയാർ∙ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. എട്ടു മണിയോടെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. നാലു മണിയോടെയാണ് തമിഴ്നാട് സർക്കാർ ആദ്യ മുന്നറിയിപ്പ് നൽകിയത്. ഇതോടെയാണ് 8 മണിക്ക് ഡാമിലെ 13 ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. സെക്കന്റിൽ 5000 ഘനയടി ജലം തുറന്നുവിടാനാണ് തീരുമാനം. 1733 ക്യൂസെക്സ് വെള്ളം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും അധികൃതർ അറിയിച്ചു.
- Also Read മുല്ലപ്പെരിയാറിൽ പുതിയ ടണൽ നിർമിക്കാൻ ചർച്ച വേണം: മേധാപട്കർ
ശക്തമായ മഴയെ തുടർന്ന് കല്ലാർ ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തി. മലവെള്ളപാച്ചിലിൽ വണ്ടിപ്പെരിയാറിൽ വീടുകളിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കുമളിയിൽ ശക്തമായ മഴ പെയ്തതോടെ 5 കുടുംബങ്ങളെയും വീട്ടിൽ നിന്ന് മാറ്റിപാർപ്പിച്ചു. പാറക്കടവ്, മുണ്ടിയെരുമ, കൂട്ടാർ മേഖലയിലും ശക്തമായ മഴയാണ് പെയ്തത്. ഇവിടെ വളർത്തുമൃഗങ്ങൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയി. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മഴയുടെ ശക്തി കുറവാണ്. ആളപായം സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം.
- Also Read ഒരുവർഷം പിന്നിട്ട് മാലിപ്പുറത്തെ മുല്ലപ്പെരിയാർ സമരം
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കു പുറമെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോതമംഗലത്തും ശക്തമായ മഴയാണ് രാത്രി പെയ്തത്. കുടമുണ്ടപാലത്ത് വെള്ളം കയറിയതോടെ കാർ ഒഴുക്കിൽപ്പെട്ടു. രക്ഷാപ്രവർത്തകർ എത്തിയാണ് കാർ പുറത്തെത്തിച്ചത്. English Summary:
Idukki Rain caused severe damage and flooding in several parts of the district: The Mullaperiyar Dam is set to open its spillway shutters, releasing a significant amount of water. Authorities have issued warnings and are relocating residents from affected areas to ensure their safety. |