തിരുവനന്തപുരം ∙ ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ  പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്പി:പി.ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പതിനൊന്നരയോടെയാണു അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.   
  
 -  Also Read  ശബരിമലയിൽ ദ്വാരപാലക പാളികൾ ഇന്നു പുനഃസ്ഥാപിക്കും; മഹസറിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തും   
 
    
 
കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ദേവസ്വം വിജിലൻസ് സംഘം നേരത്തേ 2 തവണയായി 8 മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണിക്കൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കി. ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പോറ്റിയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കേസിന്റെ വിവരങ്ങളെല്ലാം പുറത്തുവരണ്ടേത്.   
  
 -  Also Read  39 ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റി സഞ്ചരിച്ച വഴികള്‍, കല്‍പേഷിന്റെ കയ്യിലെ സ്വര്‍ണം; ചുരുളഴിക്കാന്‍ എസ്‌ഐടി   
 
    
 
 പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്, നാഗേഷ് എന്നിവർ ഇപ്പോഴും കാണാമറയത്താണ്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു. രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു വീട്ടുകാരെ അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമം ലംഘിച്ചതായി ആരോപിച്ചു പോറ്റിയുടെ അഭിഭാഷകൻ വൈകിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടുകാർക്കു വിവരങ്ങൾ കൈമാറിയത്. English Summary:  
Unnikrishnan Potti Under Arrest: Unnikrishnan Potti arrest marks a crucial development in the Sabarimala Gold Theft Case. The Special Investigation Team (SIT) apprehended the prime suspect, Unnikrishnan Potti, and significant information and documents have been obtained. |