കൊച്ചി ∙ മാറേണ്ടത് ജീവനക്കാരുടെ തൊഴിൽ സംസ്കാരം തന്നെയാണെന്നും എന്നാൽ, ബസിന്റെ മുൻവശത്ത് വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലംമാറ്റുന്നത് ഉചിതമായ നടപടിയാണോയെന്നും ഹൈക്കോടതി. കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ഗ്ലാസിന് പിന്നിൽ വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയ നടപടിയിൽ ഡ്രൈവർ ജയ്മോൻ ജോസഫിന്റെ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ അഭിപ്രായം. ഹർജി വിധി പറയാനായി മാറ്റി.   
  
 -  Also Read  ‘കുടിക്കാൻ കുപ്പിവെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും’; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയിൽ   
 
    
 
വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലംമാറ്റിയത് ഉചിതമായോ എന്ന് ആരാഞ്ഞ ജസ്റ്റിസ് എൻ.നഗരേഷ്, മാറേണ്ടത് ജീവനക്കാരുടെ തൊഴിൽ സംസ്കാരമാണെന്നു വാക്കാൽ അഭിപ്രായപ്പെട്ടു. സ്ഥലംമാറ്റുന്നതു തെറ്റല്ലെന്നും എന്നാൽ അതിനു മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു. വെള്ളക്കുപ്പിയല്ലേ സൂക്ഷിച്ചത് മദ്യ കുപ്പിയല്ലല്ലോ, തൊഴിൽ സംസ്കാരമാണ് മാറേണ്ടത്, അതിനാണു നടപടി വേണ്ടതെന്നും കോടതി പറഞ്ഞു.   
  
 -  Also Read  ‘ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെ എന്നറിയില്ല, ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല, നിയമ വിരുദ്ധ കസ്റ്റഡിയാകും’   
 
    
 
പൊൻകുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടർച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുൻപിൽ സൂക്ഷിച്ചതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വാഹനം തടഞ്ഞു നിർത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന സർക്കുലർ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലംമാറ്റത്തിൽ മന്ത്രിക്കു പങ്കില്ലെന്നുമാണ്  കെഎസ്ആർടിസിയുടെ അഭിഭാഷകൻ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലംമാറ്റാറുണ്ടെന്നും കെഎസ്ആർടിസി വിശദീകരിച്ചു. തുടർന്നാണ് ഹർജി വിധി പറയാൻ മാറ്റിയത്.   
  
 -  Also Read   ‘വീട്ടുകാർ എന്തു തെറ്റു ചെയ്തു?’ ഷാഫിയെ സിപിഎം ‘ടാർഗറ്റ്’ ചെയ്യുന്നത് എന്തുകൊണ്ട്? രാഷ്ട്രീയം യുദ്ധക്കളമാകുമ്പോൾ മുന്നണിമര്യാദകളും മായുന്നോ?   
 
    
 
മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചിരുന്നതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കു സ്ഥലംമാറ്റിയത്. ഇതിനെതിരെയാണ് ജയ്മോൻ ഹൈക്കോടതിയെ സമീപിച്ചത്. 210 കിലോമീറ്റർ ദൂരം വാഹനമോടിക്കുമ്പോൾ നല്ല ചൂടുസമയത്തിനൊപ്പം എഞ്ചിനില്‍ നിന്നു വരുന്ന ചൂടുമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്ര ദൂരം വാഹനമോടിക്കുന്ന ഡ്രൈവർക്ക് കുടിവെള്ളം വയ്ക്കാൻ ക്യാബിനിൽ മറ്റു സ്ഥലമില്ലെന്നും ഹർജിയിൽ പറയുന്നു.  English Summary:  
High Court Questions KSRTC Driver Transfer Over Water Bottle: KSRTC driver transfer due to keeping a water bottle in the bus has been questioned by the High Court. The court questioned whether transferring an employee for such a minor infraction is justified and emphasized the need to improve the work culture. The case is now pending judgment. |