കൊച്ചി ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ ട്രെയിനും പ്ലാറ്റ്ഫോമിനുമിടയിൽ കുരുങ്ങിയ യാത്രക്കാരന് അദ്ഭുത രക്ഷ. റെയിൽവേ പോർട്ടറുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ് വ്യാഴാഴ്ച രാവിലെ 11.15ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. ട്രെയിൻ നിർത്തിയപ്പോൾ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരൻ. പക്ഷേ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഓടിയെത്തിയ അദ്ദേഹം പിടിച്ചു കയറാൻ ശ്രമിച്ചെങ്കിലും നിലതെറ്റി താഴേക്കു വീണു.
- Also Read മലയാളികൾക്ക് ഇനി രാമേശ്വരത്തേക്ക് നേരിട്ട് എത്താം, അമൃത എക്സ്പ്രസ് ഇന്ന് മുതൽ
പ്ലാറ്റ്ഫോമില്‍ വീണു കിടക്കുന്ന യാത്രക്കാരനേയും കൊണ്ട് ട്രെയിൻ മുന്നോട്ടു പോയി. അതിനിടെ പ്ലാറ്റ്ഫോമിലൂടെ ഉന്തുവണ്ടി തള്ളിക്കൊണ്ടു വരുന്ന രമേഷ് എന്ന റെയിൽവേ പോർട്ടർ യാത്രക്കാരനെ വലിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രികരിൽ ഒരാൾ ഉടൻ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയും ചെയ്തു. പ്ലാറ്റ്ഫോമിലൂടെ ഉരഞ്ഞതിനെ തുടർന്ന് പരുക്കേറ്റെങ്കിലും യാത്രക്കാരൻ ഈ ട്രെയിനിൽ തന്നെ പിന്നീട് യാത്ര തുടർന്നു. English Summary:
Railway Porter\“s Heroic Rescue at Ernakulam Station: Train accident rescue highlights the quick thinking of a railway porter who saved a passenger from serious injury at Ernakulam North railway station. |