സംസ്ഥാനത്തും രാജ്യാന്തര തലത്തിലും നിരവധി കാര്യങ്ങൾ സംഭവിച്ച ദിനമാണ് കടന്നുപോകുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു, പേരാമ്പ്ര സംഘർഷത്തിന്റെ ദൃശ്യം പുറത്തുവിട്ട് കോൺഗ്രസ്, ബിഹാറിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി, കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച, ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ തുടങ്ങിയവയായിരുന്നു പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.  
 
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടായേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്.  
 
പേരാമ്പ്രയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷം സംബന്ധിച്ച് പൊലീസിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസ് ഷെല്ലുകളുമാണ് പേരാമ്പ്രയിൽ പൊട്ടിത്തെറിച്ചത്. സംഘർഷത്തിനിടെ ഗ്രനേഡ് എറിഞ്ഞത് പൊലീസ് മാത്രമാണെന്നു പറഞ്ഞ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പ്രവീൺകുമാർ പേരാമ്പ്രയിൽ പൊലീസ് ഗ്രനേഡ് എറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.  
 
ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ.  
 
ബിഹാറിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. ഒഴിവാക്കിയവരുടെ വിവരം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ആരെയൊക്കെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് അറിയിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.  
 
പട്ടാപ്പകൽ അഫ്സത്ത് അരമണിക്കൂർ വീട്ടിൽനിന്നു മാറി നിന്നപ്പോൾ കള്ളൻ കൊണ്ടുപോയത് 20 പവൻ സ്വർണാഭരണവും 6 ലക്ഷം രൂപയും. പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ സ്ട്രീറ്റ് നമ്പർ 23 സിയിലെ സി.എം.കെ.അഫ്സത്തിന്റെ വീട്ടിലാണ് ബുധൻ വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിൽ മോഷണം നടന്നത്. മാല, വള, മോതിരങ്ങൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.  English Summary:  
Today\“s Recap: 16-10-2025 |