കൊച്ചി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ 2 ഉദ്യോഗസ്ഥർ പിടിയിൽ. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്. കൊച്ചി കോർപറേഷന്റെ വിവിധ സോണൽ ഓഫിസുകളിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ പിടിയിലാകുന്ന സംഭവങ്ങളുടെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് ഇന്നത്തേത്.
- Also Read ശബരിമല: ചെമ്പാക്കിയത് ദേവസ്വം ബോർഡ്; കട്ടിളപ്പാളിയിൽ വിജിലൻസ് കണ്ടെത്തൽ
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തീർപ്പാക്കുന്നതിനു എളമക്കര സ്വദേശിയിൽ നിന്ന് ഇരുവർക്കുമായി 7,000 രൂപയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എളമക്കര സ്വദേശി ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവരുടെ സാമ്പത്തിക സ്രോതസുകളിലടക്കം പരിശോധനയുണ്ടാവുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
- Also Read 10,000 രൂപ കൈക്കൂലി; മുൻ അസി. എൻജിനീയർക്ക് 10 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
‘‘കഴിഞ്ഞ മേയ് മാസത്തിലാണ് അപേക്ഷ നൽകിയത്. ന്യായമായും നടത്തിത്തരേണ്ട കാര്യം മാസങ്ങളായി ചെയ്യാതിരിക്കുകയായിരുന്നു. ഇത്തവണ വളരെ ഭവ്യമായി അവർ കൈക്കൂലി ചോദിക്കുകയായിരുന്നു. അറിയാമല്ലോ, ഇവിടെ കാര്യങ്ങള്‍ നടക്കണമെങ്കിൽ ചില പതിവുകളൊക്കെയുണ്ട്. സൂപ്രണ്ടിന് 5000 രൂപയും എനിക്ക് 2000 രൂപയും എന്നാണ് മണികണ്ഠൻ പറഞ്ഞത്. സാധാരണക്കാരുടെ കൈയിൽ നിന്ന് ഇങ്ങനെ പണം പിടിച്ചുവാങ്ങുന്നതിരെയുള്ള എന്റെ ചെറിയൊരു പ്രതിഷേധമാണിത്’’– പരാതിക്കാരൻ പറഞ്ഞു.
- Also Read ടൗൺഷിപ്പിൽ വീടിന് കൈക്കൂലി; വിജിലൻസ് പരിശോധന തുടങ്ങി
മൂന്നാഴ്ച മുൻപാണ് കോർപറേഷന്റെ പള്ളുരുത്തി സോണൽ ഓഫിസിലെ റവന്യൂ വിഭാഗം ക്ലർക്ക് പ്രകാശൻ, കടയുടെ ലൈസൻസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ ആളിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലാകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെ വാഹനത്തിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിരുന്നു. മക്കളുമൊത്ത് തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി എറണാകുളം പൊന്നുരുന്നിയിൽ റോഡരികിൽ വച്ചായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്.
- Also Read രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?
മൊബൈൽ ഫോൺ ആക്സസറീസിന്റെ ഗോഡൗൺ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന സമയത്ത് ഇടപ്പള്ളി സോണൽ ഓഫിസിലെ 3 ഉദ്യോഗസ്ഥരും വിജിലൻസ് പിടിയിലായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്.മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്.ഷാനു, കണ്ടിജന്റ് ജീവനക്കാരൻ ജോൺ സേവ്യർ എന്നിവരെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് ലൈസൻസിനായി അര ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. English Summary:
Vigilance Raid Exposes Corruption in Kochi Municipal Corporation: Two officials were arrested for accepting a bribe. This highlights the ongoing issue of corruption within Kochi\“s zonal offices, emphasizing the need for greater oversight and accountability. |