കൊച്ചി∙ കുണ്ടന്നൂരിൽ മുഖംമൂടി സംഘം തോക്കൂചൂണ്ടി തട്ടിയെടുത്ത പണം കൊണ്ടു വാങ്ങിയ ഏലയ്ക്ക ഇനി എന്തു ചെയ്യും? നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ അട്ടിയിട്ടു വച്ചിരിക്കുകയാണ് 578 കിലോ വരുന്ന 10 ചാക്കോളം ഏലം. പിടികൂടിയ പ്രതികളെയും 14 ലക്ഷം രൂപയ്ക്ക് ഇടുക്കിയിൽനിന്ന് വാങ്ങിയ ഏലവും ഒരുമിച്ചാണ് മരട് പൊലീസ് കൊച്ചിയിലെത്തിച്ചത്. നിലവിൽ തൊണ്ടിമുതലാണ് ഏലം എന്നതിനാൽ ഇത് വിറ്റഴിക്കാൻ പൊലീസിന് അധികാരമില്ല. കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഈ ഏലം വിറ്റ് പണം അത് നഷ്ടമായ സ്റ്റീൽ കമ്പനി ഉടമയ്ക്കു നൽകാൻ കഴിയൂ. ഇതിനായി വൈകാതെ കോടതിയെ സമീപിച്ചേക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതുവരെ മരട് പൊലീസിന്റെ കസ്റ്റഡിയിൽ തന്നെയായിരിക്കും ഏലച്ചാക്കുകൾ.
- Also Read പൊലീസ് സ്റ്റേഷനോ സുഗന്ധ വ്യഞ്ജന കടയോ? വരാന്ത നിറഞ്ഞ് 580 കിലോ ഏലം; 14 ലക്ഷത്തിന്റെ തൊണ്ടിമുതൽ
കവർച്ച ചെയ്ത 81 ലക്ഷം രൂപയിൽ ഏലം ഉൾപ്പെടെ 67 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കവർച്ച നടത്തിയശേഷം പണം പലതായി ഭാഗിച്ചാണ് സംഘം വിവിധ സ്ഥലങ്ങളിലേക്കു കടന്നത്. ഇതിൽ ഇടുക്കിയിലേക്കു പോയ കേസിലെ പ്രധാന പ്രതി ജോജിയുടെ പക്കലുണ്ടായിരുന്ന പണത്തിൽനിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് ഏലം വാങ്ങുകയായിരുന്നു. സുഹൃത്ത് കൂടിയായ മുരിക്കാശേരി സ്വദേശി ലെനിൻ ബിജു ആയിരുന്നു ഇതിന്റെ ഇടനിലക്കാരൻ. പണം കഴിയുന്നത്ര കൈയിൽ കരുതാതെ എവിടെയെങ്കിലും നിക്ഷേപിക്കുക എന്നതായിരുന്നു ഏലം വാങ്ങലിന്റെ പിന്നിൽ. ജോജിക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കിയത് ലെനിൻ ആണ്. ജോജിയും ലെനിനും ഒരുമിച്ച് അറസ്റ്റിലാവുകയായിരുന്നു. ഏലം പിടികൂടിയ സ്ഥിതിക്ക് ഇതു നശിച്ചു പോകാതെ വിറ്റഴിച്ച് പണം സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകുക എന്നതാണ് പൊലീസിനു മുന്നിലുള്ള വെല്ലുവിളി.
- Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?
81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നിലവിൽ 11 പേരെയാണ് മരട് പൊലീസ് പിടികൂടിയിട്ടുള്ളത്. ജോജിയിൽനിന്ന് ഏലത്തിനു പുറമെ 30 ലക്ഷത്തോളം രൂപയും നാട്ടിക സ്വദേശിയിൽനിന്ന് 20 ലക്ഷം രൂപയുമാണ് പിടികൂടിയിട്ടുള്ളത്. സംഭവത്തില്‍ ഉൾപ്പെട്ട മൂന്നു മുഖംമൂടിധാരികളിൽ രാഹുൽ എന്നയാളെ മാത്രമേ ഇനി പിടികൂടാനുള്ളൂ. മുഖംമൂടി സംഘത്തിൽ ഉൾപ്പെട്ട സംഘത്തിലെ മുരിക്കാശേരി സ്വദേശി ജെയ്സൽ ഫ്രാൻസിസ്, ഉടുമ്പൻച്ചോല സ്വദേശി അബിൻസ് കുര്യാക്കോസ് എന്നിവരെ നേരത്തേ ബെംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ജയ്സൽ, അബിൻസ് എന്നിവരെ ആദ്യവും പിന്നാലെ അഭിഭാഷകനായ നിഖിൽ നരേന്ദ്രനാഥ്, ബുഷ്റ എന്നിവരെ രണ്ടാമതും ജോജിയെ മൂന്നാമതായും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. ഇന്നോ നാളെയോ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും.
- Also Read തോക്കുചൂണ്ടി 81 ലക്ഷം കവർന്ന സംഭവം; ഒന്നാം പ്രതി ഉൾപ്പെടെ 4 പേർ കൂടി പിടിയിൽ
English Summary:
Kundannur Robbery Case : Kundannur robbery case unveils stolen money invested in cardamom. The police seized the cardamom, and are seeking court permission to sell it and return the money to the steel company owner. |