ബെംഗളൂരു∙ മനുഷ്യശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്ന് ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിക്ക് (31) നന്നായി അറിയാമായിരുന്നു. ആ അറിവ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതോടെ ഡോക്ടർ ജയിലിലായി.   
  
 -  Also Read  അനസ്തീസിയ മരുന്ന് കുത്തിവച്ച് ഭാര്യയെ കൊലപ്പെടുത്തി, ഡോക്ടറായ ഭർത്താവിനെ ആരും സംശയിച്ചില്ല, പക്ഷേ..., അറസ്റ്റ്   
 
    
 
ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ  (28) ചികിത്സയുടെ മറവിൽ അനസ്തീസിയ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. കൃതികയ്ക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വിവാഹത്തിനു മുൻപ് ഭാര്യയുടെ കുടുംബം ഇതു വെളിപ്പെടുത്താത്തതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.  
  
 -  Also Read  ട്രംപിന് കൂട്ടത്തിരിച്ചടി; കോടതിയിലും സെനറ്റിലും ‘തോറ്റു’, മോദിയുടെ ‘പ്രോമിസ്’ പ്രസ്താവനയ്ക്കു പിന്നാലെ കുതിച്ച് എണ്ണവില, മുന്നേറാൻ ഓഹരികളും   
 
    
 
ഏപ്രിൽ 23നാണ് കൃതികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 21ന് കൃതികയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് മുൻപ് ബോധം കെടുത്തുന്നതിന് നൽകുന്ന മരുന്ന് മഹേന്ദ്ര അമിത അളവിൽ നൽകി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നൽകി. കുത്തിവയ്പ്പ് നൽകിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നൽകി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.  
  
 -  Also Read   ‘പല കഥകളും പുറത്തുവിടുന്നില്ല, വായനക്കാരോട് ഭയാദരം; അനുഭവങ്ങളാണ് എന്റെ എഴുത്തിന്റെ ആസ്തി’: ഇ. സന്തോഷ് കുമാർ അഭിമുഖം   
 
    
 
അനസ്തീസിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. കൃതികയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്യലിൽ മഹേന്ദ്ര കുറ്റം സമ്മതിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകം. സ്വന്തമായി ഒരു സ്കിൻ ക്ലിനിക്ക് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു കൃതിക.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Indian__doctor എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
A doctor in Bengaluru has been arrested for allegedly murdering his wife by administering an overdose of anesthesia. The motive appears to be related to the wife\“s pre-existing health conditions, which the husband claimed were not disclosed before their marriage. |