ശ്രീകണ്ഠപുരം∙ ദുരന്തസ്മാരകം പോലെ കാടുപിടിച്ചു കിടക്കുകയാണു ചെങ്ങളായി ചേരൻകുന്നിൽ വിവാദ പെട്രോൾ പമ്പിനായി പാട്ടത്തിനെടുത്ത സ്ഥലം. ഈ പെട്രോൾ പമ്പിനുള്ള നിരാക്ഷേപപത്രം (എൻഒസി) വൈകിയതിന്റെ പേരിലാണ് ഒരു വർഷം മുൻപ് അന്നത്തെ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി ആക്ഷേപിച്ചത്. വിഷാദഭാരത്തോടെ ആ രാത്രി കഴിച്ചുകൂട്ടിയ എഡിഎം പിറ്റേന്നു പുലർച്ചെ ജീവനൊടുക്കി. പെട്രോൾ പമ്പിന് എൻഒസി ലഭിച്ചെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. നവീൻ ബാബുവിന്റെ മരണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2024 ഒക്ടോബർ 15നു പുലർച്ചെയാണ് അദ്ദേഹത്തെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  
  
 -  Also Read  ‘വേദന സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു; നീതി ഇപ്പോഴും അകലെ, നിർണായക വിവരങ്ങൾ മറച്ചുവച്ചു’   
 
    
 
പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോൾ പമ്പിന് അപേക്ഷ നൽകിയിരുന്നത്. എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിനു സഹപ്രവർത്തകർ കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പു യോഗത്തിൽ ക്ഷണിക്കപ്പെടാതെയെത്തി പി.പി.ദിവ്യ ആക്ഷേപ പ്രസംഗം നടത്തിയത് ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. ‘എൻഒസി എങ്ങനെ കിട്ടിയെന്നുള്ളത് അറിയാം, വെയ്റ്റ്, വെറും രണ്ടുദിവസം കാത്തിരിക്കണം’ എന്ന ഭീഷണിയോടെയാണു ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്.    നവീൻ ബാബു ( Photo Arranged)  
 
പെട്രോൾ പമ്പ് ബെനാമി ഇടപാടാണെന്നും ബെനാമിയെ കണ്ടെത്തണമെന്നും നവീൻ ബാബുവിന്റെ കുടുംബം തുടക്കംമുതലേ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്നു വകുപ്പുതല അന്വേഷണത്തിലും വിജിലൻസ് സ്പെഷൽ സെല്ലിന്റെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.  
  
 -  Also Read  നവീൻ ബാബു വിടവാങ്ങിയിട്ട് ഒരു വർഷം; ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ, പൊതുരംഗത്ത് കൂടുതൽ സജീവമായി പി.പി. ദിവ്യ   
 
    
 
വില്ലൻ കൊടുംവളവ്  
 
പെട്രോൾ പമ്പിന് എൻഒസി വൈകാൻ കാരണമായതു സ്ഥലത്തെ കൊടുംവളവായിരുന്നു. ഇവിടെ പെട്രോൾ പമ്പ് സ്ഥാപിച്ചാൽ വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടസാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു വകുപ്പുകൾ എൻഒസിയെ എതിർത്തിരുന്നു. ഇതു കാരണമാണ് എഡിഎം തീരുമാനം വൈകിപ്പിച്ചത്. English Summary:  
Cherankunnu Petrol Pump Controversy: A Memorial of Tragedy. Naveen Babu death anniversary marks one year since the tragic suicide of the Kannur ADM. The controversy surrounding a delayed petrol pump NOC and subsequent public criticism led to his untimely demise.  |