തിരുവനന്തപുരം∙ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ‘‘സത്യം പുറത്ത് വരുന്നതുവരെ ദേവസ്വം ബോര്‍ഡിനെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളി, ശ്രീകോവിലിന്റെ കട്ടള എന്നിവയുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികള്‍ക്ക് വിധേയമാക്കി നഷ്ടപ്പെട്ടുപോയ സ്വര്‍ണ്ണം കണ്ടെത്തി തിരിച്ചു പിടിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.’’– പി.എസ്.പ്രശാന്ത് പറഞ്ഞു.   
  
 -  Also Read  ‘സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം ഗ്യാങ്, തങ്കവിഗ്രഹം കൊണ്ടുപോകാൻ അയ്യപ്പൻ സമ്മതിച്ചില്ല’   
 
    
 
‘‘ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ആണ് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശക്തമായ അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരങ്ങളേയും ക്ഷേത്രവിശ്വാസങ്ങളേയും തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന നടപടിയാണെന്നു ബോര്‍ഡ് യോഗത്തിനു ശേഷം അംഗങ്ങള്‍ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം വിശ്വാസികളുടെ വലിയ പിന്തുണയാണ് നേടിയത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് തുടര്‍ നടപടികളുമായി ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും മുന്നോട്ട് പോകുന്നതിനിടെയാണ് നിലവിലെ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നത്. ദ്വാരപാലക പീഠം കാണാനില്ല എന്ന വ്യാജ ആരോപണവുമായി ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ക്ക് മുൻപ് ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത് വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ്.’’ – പി.എസ്.പ്രശാന്ത് പറഞ്ഞു.  
  
 -  Also Read  ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ ഇനി സംരംഭം തുടങ്ങാം, ചെറുകിടക്കാർക്ക് \“മിഷൻ 10000’ ഉടൻ   
 
    
 
‘‘തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് തന്നെ ദ്വാരപാലക പീഠങ്ങള്‍ ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസിൽ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ പരാതിയും നല്‍കി. വസ്തുതകള്‍ ഇതായിരിക്കെ ദേവസ്വം ബോര്‍ഡിനെ ആകെ കരിവാരിത്തേക്കാനും സംശയ നിഴലില്‍ നിര്‍ത്താനും അതുവഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള 1252 ക്ഷേത്രങ്ങളെ തകര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. 1252 ക്ഷേത്രങ്ങളിലായി 6000-ലേറെ ജീവനക്കാരും  ഫാമിലി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ 5000-ലേറെ പെന്‍ഷന്‍കാരും ക്ഷേത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങളുമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേയും ക്ഷേത്രങ്ങളേയും തകര്‍ക്കാനുള്ള ശ്രമം ഇവരെക്കൂടിയാണ് ബാധിക്കുക’’ – ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അംഗങ്ങളായ അഡ്വ.എ.അജികുമാര്‍, അഡ്വ.പി.ഡി.സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.  
  
 -  Also Read  ഗൾഫ് സന്ദർശനം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബഹ്റൈനിലേക്ക്; സൗദി സന്ദർശനത്തിൽ അനിശ്ചിതത്വം   
 
    
 
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസം ഇല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് അതു തുറന്നു പറയണം. അല്ലെങ്കില്‍ ആറാഴ്ച ക്ഷമിക്കാനുള്ള മഹാമനസ്‌കത അദ്ദേഹം പറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണമായും പരിശുദ്ധമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. പക്ഷെ എത്രയോ കാലങ്ങള്‍ക്കു മുൻപുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. 1998ലാണ് സ്വര്‍ണം പൂശിയത്. അതു കഴിഞ്ഞ് ഇങ്ങോട്ടുവന്ന എല്ലാവരും പെര്‍ഫക്ട് ആയിരുന്നോ. ആയിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നല്ലോ. അന്നത്തെ കാലം മുതല്‍ അന്വേഷിക്കട്ടെ എന്ന നിലപാടാണ് ബോര്‍ഡിനുള്ളത്. രാഷ്ട്രപതി ശബരിമലയിലേക്കു വരാന്‍ പോകുകയാണ്. അവര്‍ വരുമ്പോള്‍ ഇതുപോലെ ഉള്ള പ്രശ്‌നമൊന്നും ഉണ്ടാകാന്‍ പാടില്ലെന്നും പ്രശാന്ത് പറഞ്ഞു. English Summary:  
Sabarimala Gold Controversy: Travancore Devaswom Board is facing allegations regarding temple mismanagement and missing gold. The board president, P.S. Prasanth, calls for an unbiased investigation into the matter and urges people to refrain from spreading false information. He emphasizes that the board is open to all kinds of investigation. |