ചെന്നൈ∙ കരൂരിൽ വിജയ്‌യുടെ റാലിക്കിടെ 41 പേർ മരിച്ച സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച തീരുമാനം സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയ്ക്കു വൻ തിരിച്ചടിയാകുകയാണ്. കേസിൽ മദ്രാസ് ഹൈക്കോടതി നിർദേശ പ്രകാരം എസ്ഐടി രൂപീകരിച്ചു നടത്തിയ അന്വേഷണം പാതിവഴിയിൽ എത്തിയ ഘട്ടത്തിലാണ് കരൂരിലെ സത്യമറിയാൻ സിബിഐ എത്തുന്നത്. കേസിൽ സ്വതന്ത്ര അന്വേഷണം എന്ന ആവശ്യമാണ് വിജയ് അധ്യക്ഷനായ ടിവികെ പാർട്ടി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും സിബിഐ എത്തുന്നതോടെ പന്ത് ഡിഎംകെയുടെ കോർട്ടിനു പുറത്തെത്തുകയാണ്.  
  
 -  Also Read  കരൂർ ദുരന്തം: അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി, അന്വേഷണ മേൽനോട്ടം മൂന്നംഗ സമിതിക്ക്   
 
      തിക്കിലും തിരക്കിലും തകർന്ന വേദി. സമീത്തു നിൽക്കുന്ന മരത്തിലും ആളുകൾ കയറിയിരുന്നു. മരക്കൊമ്പ് പൊട്ടി സ്റ്റേജിനു മുകളിലേക്കു വീണിരുന്നു. (ചിത്രം: ഗിബി സാം ∙ മനോരമ)  
 
∙ നേരറിയാൻ സിബിഐ 
  
 ദുരന്തം ഉണ്ടായി തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി വിജയ് രംഗത്ത് വന്നിരുന്നു. റാലിക്കിടെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിരുന്നു എന്നതായിരുന്നു ടിവികെയുടെ ആരോപണം. ഇതോടെയാണ് തമിഴ്നാട് പൊലീസ് അന്വേഷണവും പിന്നീട് പ്രഖ്യാപിക്കപ്പെട്ട എസ്ഐടി അന്വേഷണവും ടിവികെ എതിർത്തതും സുപ്രീം കോടതിയെ സമീപിച്ചതും. കേസിൽ സിബിഐ രംഗപ്രവേശം ചെയ്യുന്നതോടെ അന്വേഷണത്തിന്റെ പിടിവള്ളി ഡിഎംകെയുടെ കയ്യിൽനിന്ന് പൂർണമായും കൈവിട്ടുപോകുകയാണെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.  
  
 -  Also Read  കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ടിവികെ   
 
      കരൂരിൽ ടിവികെ നയിച്ച് റാലിയിലേക്ക് ആംബുലൻസ് എത്തിയപ്പോൾ. (Photo by AFP)  
 
∙ആറ് മാസം, ‘തമിഴക തേർതലം’ ഒരുങ്ങുമ്പോൾ 
  
 തമിഴ്നാട്ടിൽ ആറ് മാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് സിബിഐ അന്വേഷണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. കേസിൽ വിജയ്‌യെ നേരിട്ടു പ്രതി ചേർത്തിട്ടില്ലെങ്കിലും എസ്ഐടി അന്വേഷണവുമായി സഹകരിക്കാമെന്ന് വിജയ് നേരത്തേ തന്നെ നിലപാട് എടുത്തിരുന്നു. ദുരന്തമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും ചെന്നൈയിൽ തന്നെ വിജയ് തുടരുകയാണ്. ഈ ഘട്ടത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എസ്ഐടി റിപ്പോർട്ടിലൂടെ വിജയ്ക്കു തിരിച്ചടി നൽകാമെന്നായിരുന്നു ഡിഎംകെയുടെ കണക്കുകൂട്ടൽ. പ്രചാരണത്തിൽനിന്ന് വിജയ്‌യെ മാറ്റിനിർത്താൻ കരൂർ ദുരന്തം ഉപയോഗിക്കാമെന്ന ഡിഎംകെയുടെ കണക്കൂകൂട്ടലും ഇതോടെ പാളിപ്പോകുകയാണെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.    വിജയ് (PTI Photo/R Senthilkumar)  
 
∙ആന്റി ഡിഎംകെ ഫാക്ടർ 
  
 സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടോ? ഡിഎംകെയ്ക്കെതിരെ അത്തരമൊരു പ്രചാരണമായിരുന്നു വിജയ്‌യുടെ റാലികളിൽ നിറഞ്ഞുനിന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40ൽ 40 സീറ്റും വിജയിച്ച് തമിഴകം പിടിച്ചെടുത്ത ഡിഎംകെ നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിക്ക് മുൻപിൽ പ്രത്യക്ഷത്തിൽ അത്തരമൊരു ഭരണവിരുദ്ധ വികാരം എന്ന വെല്ലുവിളിയില്ല. എന്നാൽ 2024ലെ സ്ഥിതിയല്ല തമിഴ്നാട്ടിൽ ഇപ്പോഴുള്ളത്. അന്ന് പ്രവർത്തകരോടു മനഃസാക്ഷി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട വിജയ് ഇന്ന് ആൾക്കൂട്ടവുമായി തമിഴ്നാട്ടിൽ കളം പിടിക്കുകയാണ്. അന്ന് ഇടഞ്ഞുനിന്നിരുന്ന അണ്ണാ ഡിഎംകെയും ബിജെപിയും ഇന്ന് മുന്നണി രൂപീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നു. ഡിഎംകെ എന്നതിനപ്പുറം ആന്റി ഡിഎംകെ ഫാക്ടറിന് തമിഴ്നാട്ടിൽ സ്വീകാര്യത ലഭിക്കുന്നു എന്നു ചുരുക്കം.    കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സെന്തിൽ ബാലാജി സമീപം (Photo : Special Arrangement)  
 
∙സിബിഐ വഴി എൻഡിഎ 
  
 സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ പന്ത് ഇപ്പോൾ ബിജെപിയുടെ കോർട്ടിലെത്തിയെന്നും ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുവഴി വിജയ്‌യെ എൻഡിഎയിൽ എത്തിക്കാൻ സാധിക്കുമോ? മില്യൻ ഡോളർ ചോദ്യമാണെങ്കിലും ഇതിനുള്ള സാധ്യത വിദൂരമല്ല. ആന്റി ഡിഎംകെ പ്രചാരണത്തിൽ തമിഴ്നാട്ടിൽ ഇപ്പോൾ മുൻപന്തിയിലുള്ളത് ബിജെപിയോ അണ്ണാ ഡിഎംകെയോ അല്ല. അത് വിജയ് ആണ്. ന്യൂനപക്ഷത്തിനിടയിലും ദലിതർക്കിടയിലും പിന്നാക്ക വിഭാഗങ്ങൾക്കിടയിലും ഒരു പോലെ സ്വീകാര്യനായ വിജയ്‌യെ വിട്ടുകളയണമോ എന്നതായിരിക്കും മറുചോദ്യം. കരൂർ ദുരന്തം ഉണ്ടായതു മുതൽ വിജയ്‌യോട് അനുകൂല നിലപാട് എടുക്കുകയാണ് അണ്ണാ ഡിഎംകെയും ബിജെപിയും. ഇതെല്ലാം കൂട്ടി വായിച്ചാൽ സിബിഐ വഴി എൻഡിഎ എന്നതിനുള്ള സാധ്യതകളും കാണുന്നുണ്ട്.    എടപ്പാടി പളനിസാമി (PTI Photo/R Senthil Kumar)  
 
∙കരൂർ - കൊങ്ങുനാട് ബെൽറ്റ് 
  
 ഡിഎംകെയ്ക്ക് കരൂർ എന്നാൽ സെന്തിൽ ബാലാജിയാണ്. കൊങ്ങുനാട് മേഖലയിൽ കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് ഡിഎംകെ നടത്തിയ മുന്നേറ്റത്തിന് അമരക്കാരൻ സെന്തിൽ ബാലാജി മാത്രമായിരുന്നു. ഇടക്കാലത്ത് അഴിമതി കേസിൽ ജയിലിൽ കിടന്നെങ്കിലും സെന്തിലിന്റെ പ്രഭാവത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. എന്നാൽ കരൂരുകാരനായ അണ്ണാമലെയ്ക്കു പോലും ഉയർത്താൻ കഴിയാതിരുന്ന വെല്ലുവിളിയാണ് വിജയ് അവിടെ നടത്തിയത്. ടിവികെ ആരോപിക്കുന്നതുപോലെ റാലിക്കിടെ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണം സിബിഐ അന്വേഷണത്തിനിടെ ശരിവച്ചാൽ അതിന്റെ ഒരറ്റത്ത് സെന്തിലിന്റെ പേരും ഉയരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. English Summary:  
TVK Rally Stampede : The decision to initiate a CBI probe, overseen by the Supreme Court, presents a major setback for DMK.  |