ന്യൂഡൽഹി ∙ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും പതാക ഒഴിവാക്കി. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. സന്ദർശകരാജ്യത്തിന്റെ ഔദ്യോഗിക പതാക കൂടിക്കാഴ്ചകളിൽ ഉണ്ടാകണമെന്നാണ് നയതന്ത്ര ചട്ടം. പരമാധികാരം, നിയമസാധുത, അംഗീകാരം എന്നിവയുടെ പ്രതീകങ്ങളായാണ് പതാകകൾ ഉപയോഗിക്കുന്നത്.
- Also Read ‘മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം, വോട്ടർ പട്ടിക ശരിയാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തം’
2021 ൽ ഭരണം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാകയ്‌ക്കു പകരം താലിബാൻ സർക്കാർ അവരുടെ പതാകയാണ് ഉപയോഗിക്കുന്നത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പതാകയ്‌ക്കൊപ്പം ഏതു പതാക ഉപയോഗിക്കുമെന്നതിലായിരുന്നു പ്രതിസന്ധി. ഒടുവിൽ ഇരുരാജ്യങ്ങളുടെയും പതാക ഒഴിവാക്കി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. അതേസമയം, ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ അമീർ ഖാൻ മുത്താഖി നടത്തിയ വാർത്താസമ്മേളനത്തിൽ മേശയിൽ താലിബാന്റെ ഇസ്‌ലാമിക് എമിറേറ്റ്സ് പതാക ഉപയോഗിച്ചു. മുമ്പ് കാബൂളിൽ അമീർ ഖാൻ മുത്താഖിയും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ താലിബാൻ പതാകയാണ് ഉപയോഗിച്ചത്.
- Also Read ഇന്ത്യ അടുത്ത സുഹൃത്ത്; പാക്കിസ്ഥാൻ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്: താക്കീതുമായി താലിബാൻ മന്ത്രി
എന്നാൽ, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഈ വർഷം ആദ്യം ദുബായിൽ മുത്തഖിയുമായി കൂടിക്കാഴ്‌ച നടത്തിയപ്പോൾ പതാകകളൊന്നും ഉപയോഗിച്ചിരുന്നില്ല.അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷൻ എംബസിയായി ഉയർത്താൻ അമീർ ഖാൻ മുത്താഖി - എസ്. ജയശങ്കർ ചർച്ചയിൽ തീരുമാനമായി. ഇന്ത്യയുടെ പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ നടത്തിയിരുന്ന വികസന പദ്ധതികൾ പുനരാരംഭിക്കാനും തീരുമാനിച്ചു. 2021 ൽ താലിബാൻ ഭരണം പിടിച്ചെടുത്തതിനു പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസിയിൽനിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു. 2022 ജൂണിൽ ഏതാനും ഉദ്യോഗസ്ഥരെ നിയമിച്ച് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നെങ്കിലും പൂർണ നിലയിൽ എംബസി പ്രവർത്തിച്ചിരുന്നില്ല. English Summary:
S. Jaishankar, Amir Khan Muttaqi Talks: Taliban-India discussions resolve the \“flag crisis\“, and the Indian mission in Afghanistan will be elevated to an embassy. This meeting involved discussions about restarting development projects in Afghanistan supported by India. The flag issue was resolved by omitting both countries\“ flags from the meeting. |