ഭോപാൽ ∙ പൊലീസ് കോൺസ്റ്റബിൾമാരുടെ ആക്രമണത്തിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ബന്ധുവായ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെട്ടു. ബാലഘട്ട് ജില്ലയിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ചേതൻ അഗ്ലക്കിന്റെ ഭാര്യയുടെ സഹോദരൻ ഉദിത് (22) ആണ് മരിച്ചത്. പ്രതികളായ കോൺസ്റ്റബിൾമാർ സന്തോഷ് ബമാനിയ, സൗരഭ് ആര്യ എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്യണമെന്ന് ഉദിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
- Also Read ഇൻസ്റ്റഗ്രാം വഴി പരിചയം; പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ അറസ്റ്റിൽ
സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഉദിത് നടത്തിയ നിശാപാർട്ടി പൊലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനു വഴിയൊരുക്കിയത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു എന്നാണ് വിവരം. ‘‘ഞങ്ങൾ ആറ് പേർ ഒരുമിച്ചു പാർട്ടി നടത്തുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ഞാൻ ഉദിതിനെ വീട്ടിൽ വിടാനായി ഇറങ്ങി. ഞാൻ കാർ സ്റ്റാർട്ട് ചെയ്യാൻ പോകുമ്പോഴേക്കും പൊലീസുകാർ എത്തി. ഉദിത് പരിഭ്രാന്തനായി വെളിച്ചമില്ലാത്ത ഇടവഴിയിലേക്ക് ഓടി. കോൺസ്റ്റബിൾമാർ ഉദിത്തിനെ പിന്തുടർന്ന് പിടികൂടി. നിമിഷങ്ങൾക്കുള്ളിൽ, അവനെ അടിക്കുന്നതിന്റെയും നിലവിളിയുടെയും ശബ്ദങ്ങൾ ഞങ്ങൾ കേൾക്കാൻ തുടങ്ങി. ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ ഉദിത്തിന്റെ ഷർട്ട് ഊരിമാറ്റിയിരിക്കുന്ന നിലയിലായിരുന്നു. ശരീരത്തിൽ പ്രത്യേകിച്ച് തലയിൽ മുറിവേറ്റ പാടുകളും ഞങ്ങൾ കണ്ടു’’ – ഉദിത്തിന്റെ സുഹൃത്ത് പറഞ്ഞു.
പൊലീസുകാർ പ്രശ്നം ഒത്തുതീർപ്പാക്കാൻ പതിനായിരം രൂപ ആവശ്യപ്പെട്ടതായി മറ്റൊരു സുഹൃത്ത് പറഞ്ഞു. ഉദിത് പണം നൽകാൻ വിസമ്മതിച്ചപ്പോൾ ശക്തമായി മർദ്ദിച്ചെന്നും ഇയാൾ പറയുന്നു. ആക്രമണം നടന്നയുടനെ ബോധം നഷ്ടപ്പെട്ട ഉദിത് കുഴഞ്ഞുവീണു. സുഹൃത്തുക്കൾ ഭോപ്പാലിലെ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി ഡപ്യൂട്ടി കമ്മിഷണർ വിവേക് സിങ് പറഞ്ഞു. മരണകാരണം മർദ്ദനമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ, അതനുസരിച്ച് നടപടിയെടുക്കുമെ. സുതാര്യത ഉറപ്പാക്കാൻ, അഞ്ചംഗ ഡോക്ടർമാരുടെ സംഘം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. അത് വിഡിയോയിൽ പകർത്തും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും വിവേക് സിങ് പറഞ്ഞു. ഉദിത്തിന്റെ പിതാവ് സർക്കാർ ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമാണ്. English Summary:
Bhopal Student Death: An engineering student was killed in Bhopal allegedly due to police brutality. The incident involved constables assaulting the student, raising concerns about police misconduct and leading to an investigation and suspension of the officers involved. |