ന്യൂഡൽഹി∙ കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണു ജയശങ്കറിന്റെ പ്രഖ്യാപനം. താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായിട്ടാണ് ഈ നീക്കം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അമീർ ഖാൻ മുത്താഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഭിപ്രായപ്പെട്ടു.
- Also Read ഗാസ വെടിനിർത്തൽ സ്വാഗതം ചെയ്ത് യുഎഇ: ട്രംപിന് അഭിനന്ദനം; അടിയന്തര ധാരണകൾക്ക് എല്ലാ കക്ഷികളും തയാറാകണമെന്ന് ആഹ്വാനം
നേരത്തേ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു. അഫ്ഗാനിൽ, താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷത്തിനുശേഷം 2022ൽ ഇവിടെ ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചു. പിന്നീടിതുവരെ അവിടെ എംബസി എന്ന നിലയിൽ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം അവിടെ സഹായവുമായി എത്തിയത് ഇന്ത്യയാണ്. രാജ്യാന്തര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് അമീർ ഖാൻ മുത്താഖിയുടെ ഇന്ത്യാ സന്ദർശനം.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
റഷ്യയിൽ നടന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് മുത്താഖി എട്ടു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയത്. 2021 ഓഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിലേറിയ ശേഷം ഒരു താലിബാൻ നേതാവ് ഇന്ത്യയിലേക്കു നടത്തുന്ന ആദ്യ സന്ദർശനമാണിത്. താലിബാൻ അധികാരമേറ്റതിനു പിന്നാലെ അഫ്ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. എന്നാൽ മാനുഷിക സഹായങ്ങൾ അഫ്ഗാനിൽ വിതരണം ചെയ്യുന്നതിനും മറ്റുമായുള്ള പരിമിത ഇടപെടലുകൾ ഇന്ത്യ നടത്തുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ വർഷം ആദ്യം ദുബായിൽ വച്ചു മുത്തഖിയുമായി ചർച്ച നടത്തിയിരുന്നു.
അതിനിടെ, അഫ്ഗാനികൾ ഇന്നലെയും ഇന്നും നാളെയും ഇന്ത്യയ്‌ക്കൊപ്പമാണെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രംഗത്തുവന്നു. പതിറ്റാണ്ടുകളായി അഫ്ഗാൻ അഭയാർഥികൾക്ക് പിന്തുണ നൽകിയിട്ടും അഫ്ഗാനികൾ ചരിത്രപരമായി ഇന്ത്യയുമായി കൂടുതൽ അടുക്കുകയും പാക്കിസ്ഥാനോട് ശത്രുത പുലർത്തുകയുമാണെന്ന് ആസിഫ് ആരോപിച്ചു. English Summary:
Indian Embassy in Kabul: Indian Embassy Kabul is being upgraded following discussions between S Jaishankar and the Taliban Foreign Minister. |