ന്യൂഡൽഹി∙ ശബരിമല സ്വർണപ്പാളി വിവാദത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണു നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Also Read ‘ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലിൽ തിരിമറി നടന്നു; 474.9 ഗ്രാം കാണാതായി’: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
‘‘ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്ന് അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതു ഹൈക്കോടതി തന്നെ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ടതില്ല. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തെ കുറിച്ച് ദേവസ്വം ബോർഡും ദേവസ്വം വകുപ്പും വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരും ഹൈക്കോടതിയും രണ്ടുഭാഗത്തല്ല. ഒരേ കാഴ്ചപ്പാടിലാണ്. കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമത്തിന്റെ വഴിക്ക് എത്തും.
- Also Read ‘അയ്യപ്പനെ കാണുന്നത് മൂത്ത സഹോദരനായി; സിനിമാതാരങ്ങളുടെ വീട്ടിലെ റെയ്ഡ് സ്വർണപ്പാളി വിവാദം മുക്കാൻ’
ശബരിമലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടയുടൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഠം കാണാനില്ലെന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയത്. പീഠം പോറ്റിയുടെ ബന്ധുഗൃഹത്തിലെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമായിരുന്നു അത്. ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ആളാണ് പോറ്റിയെന്ന് വ്യക്തമായിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കാനാണ് പോറ്റിയടക്കം ഇത്തരം ആരോപണം ഉന്നയിച്ചത്. കാണാതായ പീഠം പോറ്റിയുടെ ബന്ധുവീട്ടിൽ കണ്ടെത്തിയതോടെ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഇതിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ’’ –മുഖ്യമന്ത്രി പറഞ്ഞു.
- Also Read വള്ളം കയറി വന്നത് 4 കോടി രൂപ! പാടത്തു നിന്ന് കൃഷിയേക്കാളും ലാഭം, കൈനിറയെ കാശ്; ഒരു നാട് ‘കോടിപതി’യായ കഥ
ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ആർക്ക് വീഴ്ചയുണ്ടായി, ആർക്ക് വീഴ്ചയുണ്ടായില്ല എന്നത് ഇപ്പോൾ വ്യക്തമാക്കേണ്ട കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. വീഴ്ചകൾ സംബന്ധിച്ച് അന്വേഷണത്തിൽ കണ്ടെത്തും. എന്നാൽ, ഇതുവരെ വന്നയിടത്തോളം ബോർഡിനെ സംബന്ധിച്ച് വീഴ്ചയുള്ളതായി കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. English Summary:
Pinarayi Vijayan Alleges Conspiracy In Sabarimala Gold Plating Controversy: Kerala Chief Minister Pinarayi Vijayan alleges a conspiracy in the Sabarimala gold plating controversy, aiming to misdirect the Ayyappa Sangamam. An investigation is underway to identify those involved directly and indirectly, while the Devaswom Board has not been found at fault thus far. |
|