LHC0088 • 2025-10-9 06:21:02 • views 85
കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണം ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനും സമർപ്പിക്കുന്നതായി ഡോ.പി.ടി.വിപിനെ(34) കൊടുവാൾ കൊണ്ട് വെട്ടിയ പ്രതി കോരങ്ങാട് ആനപ്പാറ പൊയിൽ കെ.വി.സനൂപ്. പ്രതികാരം കൊണ്ടാണ് ഡോക്ടറെ വെട്ടിയത്. മകൾ അനന്യയെ ചികിത്സിച്ചതിൽ ആശുപത്രിയിൽ പിഴവുണ്ടായതായും താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി ബാലുശേരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി സനൂപ് പ്രതികരിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഐഎംഎ കോഴിക്കോട്ട് നടത്തിയ പ്രതിഷേധം. ചിത്രം: മനോരമ
ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാത്ത തരത്തിലാണ് സനൂപ് മൊഴിയെടുക്കുന്നതിനിടെയും പൊലീസിനോട് പ്രതികരിച്ചതെന്നാണ് വിവരം. സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
- Also Read ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കെജിഎംഒഎ
∙ ഡോ.വിപിനേറ്റത് 10 സെന്റിമീറ്റർ നീളത്തിലെ മുറിവ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോ.പി.ടി.വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു നടത്തിയ സിടി സ്കാനിങ്ങിലും തലയോട്ടിക്ക് കാര്യമായ പരുക്കില്ലെന്നാണ് വിലയിരുത്തൽ. ഡോ.വിപിൻ അപകടനില തരണം ചെയ്തതായും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. അണുബാധ ഉണ്ടാവാതിരിക്കാനാണ് ഡോക്ടറെ മൈനർ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഡോ. വിപിനെ ന്യൂറോ സർജറി ഐസിയുവിലാണ് ചികിത്സിക്കുന്നത്. രക്തസമ്മർദ്ദം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
- Also Read \“എന്റെ മോളെ കൊന്നവനല്ലേ...\“: സനൂപ് ആശുപത്രിയിൽ എത്തിയത് മക്കളുമായി; കൊടുവാൾ സൂക്ഷിച്ചത് ബാഗിൽ
∙ ഡോ.വിപിനെ വെട്ടിയത് ആളു മാറി
ഉച്ചയ്ക്ക് ഒന്നരയോടെ സൂപ്രണ്ടിന്റെ ഓഫിസിനു മുന്നിലെത്തിയ ഉടൻ വാതിൽ തുറന്നു പെട്ടെന്നു കടന്നെത്തിയാണ് സനൂപ് ഡോ.വിപിനെ വെട്ടിയത്. സനൂപിന്റെ മകളെ താലൂക്ക് ആശുപത്രിയിൽ പരിശോധിച്ച ഡോക്ടർ അടുത്തിടെ കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. ഈ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിനും ഡിഎംഒയ്ക്കും സനൂപ് നേരത്തെ പരാതി നൽകിയിരുന്നു. പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് സനൂപ് പ്രകോപിതനായി ആക്രമണത്തിനെത്തിയതെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ മുറിയിലേക്ക് കടന്നെത്തി ഡോക്ടറുടെ വസ്ത്രം ധരിച്ചയാളെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. രാവിലെ പതിനൊന്നു മണിയോടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ആശുപത്രി പരിസരത്തെത്തിയ സനൂപ് പല തവണ ആശുപത്രിക്കുള്ളിലെത്തി സൂപ്രണ്ടിനെ അന്വേഷിച്ചതായും സൂചനയുണ്ട്. ഒടുവിൽ ഒന്നരയോടെയാണ് സൂപ്രണ്ടിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി ഡോ.വിപിനെ വെട്ടിയത്.
- Also Read കാറിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം: വയോധികനെ മർദിച്ച സംഭവത്തിൽ 4 പേരെ പിടികൂടി പൊലീസ്
∙ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ സൂപ്രണ്ട്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽനിന്നു തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗോപാലകൃഷ്‌ണൻ. ആശുപത്രിയിൽ തന്നെ പ്രതിമാസ അവലോകന യോഗത്തില്‍ പങ്കെടുക്കാൻ പോയതിനാല്‍ മാത്രമാണ് അക്രമത്തിൽപ്പെടാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ മുകളിലത്തെ നിലയിൽ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. രണ്ടു മണിയായപ്പോൾ യോഗം ഏകദേശം പൂർത്തിയാകാറായി. ഇതിനിടെ അത്യാഹിത വിഭാഗത്തിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് രോഗിക്കൊപ്പമുള്ളവർ സൂപ്രണ്ടിന്റെ മുറിയിലേക്ക് വന്നു. ഈ സമയം മുകളിലത്തെ നിലയിൽ പ്രതിമാസ യോഗത്തിന്റെ റിപ്പോർട്ട് പരിശോധിക്കുകയായിരുന്നതിനാൽ സെക്കൻഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.വിപിനാണ് ഇതുമായി ബന്ധപ്പെട്ട വിഷയം കേൾക്കുന്നതിനായി സൂപ്രണ്ടിന്റെ മുറിയിലെത്തിയത്.
ഡോ.വിപിൻ അത്യാഹിത വിഭാഗത്തിലെ രോഗിയുടെ കൂടെ വന്നവരുമായി ആ വിഷയം ചർച്ച ചെയ്യുകയായിരുന്നു. രണ്ട് ലാബ് ടെക്‌നീഷ്യന്മാരും മുറിയിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് പുറത്തുനിന്നു കടന്നെത്തിയ സനൂപ് മുറിയിലെത്തി ബാഗിൽ നിന്നും കൊടുവാളെടുത്ത് ഡോ. വിപിന്റെ തലയ്ക്ക് വെട്ടിയത്. ലാബ് ടെക്‌നീഷ്യന്മാർ ബലപ്രയോഗത്തിലൂടെ ഇയാളെ പിടിച്ചു മാറ്റിയില്ലെങ്കിൽ സനൂപ് വീണ്ടും ഡോ.വിപിനെ വെട്ടുമായിരുന്നു. ബഹളം കേട്ട് ഓടി വന്നു നോക്കുമ്പോൾ മുറിയിൽ രക്തം ചിതറിയ നിലയിലായിരുന്നു. ഉടൻതന്നെ പൊലീസ് എത്തി സനൂപിനെ പിടിച്ചു കൊണ്ടുപോയി. ഡോ.വിപിന് പ്രാഥമിക ചികിത്സ ഉറപ്പാക്കി ആംബുലൻസ് വിളിച്ച് ചില ഡോക്ടർമാർക്കൊപ്പം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തലയിലേറ്റ വെട്ട് സാരമുള്ളതാണെങ്കിലും തലച്ചോറിനെ വലിയ രീതിയിൽ ബാധിച്ചില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ട് വർഷമായി ഒപ്പം ജോലി ചെയ്‌തു വന്ന വിപിനാണ് ഇത്തരത്തിൽ തനിക്കു പകരം വെട്ടേറ്റതെന്നും സൂപ്രണ്ട് പറഞ്ഞു.
- Also Read കയ്യിലിരിക്കുന്ന പണം മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ ഇരട്ടിക്കുമോ? പ്രവാസികൾക്കുണ്ട് ഈ മികച്ച പ്ലാനുകൾ; നികുതിയിൽ റീഫണ്ടും
∙ മരണ സർട്ടിഫിക്കറ്റിൽ സനൂപിന് ആശയക്കുഴപ്പം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മകളുടെ മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തത് സംബന്ധിച്ച് ഡോക്ടറെ ആക്രമിച്ച പ്രതി സനൂപിന് ആശയക്കുഴപ്പമുണ്ടായിരുന്നതായി താലൂക്ക് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അനൂപിന്റെ മകളെ ഓഗസ്റ്റിൽ പനിബാധയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഒപിയിലാണ് എത്തിച്ചത്. പരിശോധനകൾക്കിടെ കുട്ടിക്ക് അപസ്‌മാരം വന്നു. രോഗം ഗുരുതരമാണെന്ന വിലയിരുത്തലിൽ വൈകിട്ട് മൂന്നു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിൽ ഓഗസ്റ്റ് 14ന് മകളുടെ മരണം സംഭവിച്ചതിനു ശേഷം മറ്റു മക്കൾക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനാൽ അവരുടെ ചികിത്സ പൂർത്തിയായ ശേഷം സെപ്റ്റംബർ പകുതിയോടെയാണ് പിതാവ് സനൂപ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കാണാൻ എത്തിയത്. മകളുടെ മരണ സർട്ടിഫിക്കറ്റ് തേടിയാണ് എത്തിയതെന്നും മകളുടെ മരണകാരണം വ്യക്തമല്ലെന്നും പറഞ്ഞായിരുന്നു സനൂപ് സൂപ്രണ്ടിനെ കണ്ടത്. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്നല്ല മരണം സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതിനാൽ മരണമുണ്ടായ തദ്ദേശഭരണസ്ഥാപനമായ കോഴിക്കോട് കോർപ്പറേഷനിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും സൂപ്രണ്ട് സനൂപിനെ പറഞ്ഞു മനസിലാക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലുണ്ടായ വീഴ്ച കാരണമാകാം സർട്ടിഫിക്കറ്റും മറ്റും ലഭിക്കാത്തതെന്ന തെറ്റിദ്ധാരണ സനൂപിന്റെ മനസ്സിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
∙ ഭർത്താവ് മാനസികസമ്മർദത്തിലായിരുന്നു: സനൂപിന്റെ ഭാര്യ
മകള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരമായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അതിനുശേഷം സനൂപ് ആകെ അസ്വസ്ഥനായിരുന്നുവെന്നും സനൂപിന്‍റെ ഭാര്യ രംബീസ. കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി രണ്ടാഴ്ചയായി ഞങ്ങള്‍ ഓട്ടത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിക്ക് അമീബിക് അല്ലായിരുന്നുവെന്നാണ് ഒരു ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു. കുട്ടി പനി ബാധിച്ച് മരിച്ചു എന്നാണ് മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിൽ നിന്നും അറിഞ്ഞത്. യഥാസമയം ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ കുഞ്ഞു മരിക്കില്ലായിരുന്നു. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണമായിരുന്നു. അത് സമയത്തിനു കിട്ടിയില്ല. മകളുടെ മരണ സർട്ടിഫിക്കറ്റും കിട്ടിയില്ല. മരണ സർട്ടിഫിക്കറ്റിനായി ആശുപത്രികൾ കയറിയിറങ്ങേണ്ടി വന്നു. മനഃപൂർവം ഈ റിപ്പോർട്ടുകൾ വൈകിപ്പിക്കാൻ ശ്രമിച്ചതായാണ് ഭർത്താവ് പറഞ്ഞത്. പനി മാത്രമായിരുന്ന മകളെ രക്ഷിക്കാമായിരുന്നു. ഇതിനുള്ള ചികിത്സ താലൂക്ക് ആശുപത്രിയിൽ നൽകിയില്ലെന്നും രംബീസ പ്രതികരിച്ചു.
∙ സമഗ്ര അന്വേഷണം നടത്തുമെന്ന് ഡിഎംഒ, മിന്നൽ സമരം നടത്തി ഡോക്ടർമാർ
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവവത്തിൽ സമഗ്രഅന്വേഷണം നടത്തുമെന്നും റിപ്പോർട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്നും ഡിഎംഒ ഡോ.കെ.രാജാറാം വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സർക്കാർ ഡോക്ടർമാർ മിന്നൽ സമരം നടത്തി. അത്യാഹിത വിഭാഗമൊഴികെ മറ്റു വിഭാഗങ്ങളിലാണ് ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളും പണിമുടക്കി. ആരോഗ്യപ്രവർത്തകർ താമരശ്ശേരി ടൗണിൽ പ്രതിഷേധ സമരം നടത്തി. വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലെ ഒപി വിഭാഗങ്ങളിൽ പണിമുടക്ക് നടത്തുമെന്ന് കെജിഎംഒഎ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമാകും വ്യാഴാഴ്ച ജില്ലയിൽ പ്രവർത്തിക്കുക. സംസ്ഥാന വ്യാപകമായി കെജിഎംഒഎ വ്യാഴാഴ്ച പ്രതിഷേധദിനം ആചരിക്കും. സംഭവത്തിൽ പ്രതിഷേധിച്ച ഐഎംഎയും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. English Summary:
Doctor attack investigation focuses on the recent assault on a doctor at Tamaraserry Taluk Hospital in Kerala. The incident has raised concerns about hospital safety and led to protests by healthcare professionals. Authorities are conducting a thorough investigation into the attack and its causes. |
|