കോട്ടയം ∙ആലപ്പുഴയിൽനിന്ന് ഇന്നലെ വൈകിട്ട് 5.15നു കോടിമതയിലേക്ക് പുറപ്പെട്ട ബോട്ടിന് ചുങ്കത്ത് മുപ്പത് പാലം കടക്കാനായില്ല. 4 വിദേശ ദമ്പതികൾ അടക്കം സ്ത്രീകളും കുട്ടികളും മൂന്നു മണിക്കൂറോളം ബോട്ടിൽ കുടുങ്ങി.
സന്ധ്യയോടെ വീശിയടിച്ച കാറ്റിലും മഴയിലും നഗരത്തിലെ വൈദ്യുതി നിലച്ചിരുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലം ഇതോടെ ചലിക്കാതെയായി. രാത്രി 10 വരെ ശ്രമിച്ചിട്ടും ഈ ഭാഗത്തെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. യാത്രക്കാരെ അവിടെ ഇറക്കി ഓട്ടോറിക്ഷയിൽ കോടിമതയിലേക്ക് എത്തിക്കുകയായിരുന്നു.
വൈദ്യുതി ഇല്ലെങ്കിൽ പുത്തൻ തോടിനു കുറുകെയുള്ള പൊക്കുപാലം പൊങ്ങില്ല. പിന്നെ വൈദ്യുതി വരുന്നതും കാത്ത് ബോട്ടിൽ ഇരിക്കുകയേ നിവൃത്തിയുള്ളു. പാലം വലിച്ചുപൊക്കുന്ന രീതിയും ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ പൊക്കണമെങ്കിൽ 16 പേരിൽ കുറയാതെ അംഗബലം വേണം. പിന്നീട് ഈ സംവിധാനം നിലച്ചു. വൈദ്യുതി ഉപയോഗിച്ച് മാത്രമായി പ്രവർത്തനം.
നഗരസഭയുടെ പരിധിയിൽ പുത്തൻ തോടിനു കുറുകെയാണ് പാലം. പുത്തൻ തോട്ടിലൂടെയാണ് കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ്. പാലം ഉയർത്തിയാണു ബോട്ട് പോകുന്നത്. 15 വർഷം മുൻപ് 48 ലക്ഷം രൂപ മുടക്കി നഗരസഭ പണിത പാലമാണിത്. വൈദ്യുതി ഉപയോഗിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. എന്നാൽ തുടക്കം മുതൽ പാലം നാട്ടുകാർക്കും ബോട്ട് യാത്രക്കാർക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ADVERTISEMENT Go AD-FREE
മിക്കപ്പോഴും വൈദ്യുതത്തകരാർ മൂലം പാലം പ്രവർത്തിക്കാറില്ല. ഈ സമയങ്ങളിൽ കാഞ്ഞിരം ബോട്ട് ജെട്ടിയിൽനിന്നു സർവീസ് ആരംഭിക്കുകയാണ് പതിവ്. ചിലപ്പോൾ പള്ളം വഴിയാക്കും. പാലത്തിനായി എല്ലാ വർഷവും നഗരസഭ ലക്ഷങ്ങൾ മുടക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. English Summary:
Chungam Muppathu Palam malfunction due to a power failure left passengers, including tourists, stranded on a Kottayam-bound boat for hours. The recurring issue with the electrically operated bridge highlights the need for a permanent solution from the municipality. |
|