കോട്ടയം ∙ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസ്, കെപിസിസിയുടെ ഇലക്‌ഷൻ വാർറൂം ചെയർമാന്റെ പേരു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും പോലും അമ്പരപ്പിലായി. ഹർഷ കനാദം എന്ന പേര് അവരിൽ മിക്കവർക്കും അപരിചിതമായിരുന്നു. അതാരാണെന്ന ചോദ്യത്തിന്, സുനിൽ കനഗോലുവിന്റെ ആളായിരിക്കുമെന്നാണ് ചില മുൻനിര നേതാക്കൾ പോലും പറഞ്ഞത്. കർണാടക സ്വദേശിയാണെന്ന് അറിഞ്ഞതോടെ ഫോൺവിളികൾ ബെംഗളൂരുവിലേക്കു നീണ്ടു. രണ്ടുതവണ കർണാടക നിയമസഭാ സ്പീക്കറും ഒരു തവണ ആരോഗ്യ – കുടുംബക്ഷേമ വകുപ്പു മന്ത്രിയുമായിരുന്ന കെ.ആർ. രമേശ് കുമാറിന്റെ മകനാണ് ഹർഷ രമേശ് കനാദം എന്ന ഹർഷ കനാദം.  
  
 -  Also Read  തിരഞ്ഞെടുപ്പിന് സജ്ജമാകാൻ കോൺഗ്രസ്; ഹർഷ കനാദം കേരളത്തിലെ വാർ റൂമിന്റെ ചെയർമാൻ   
 
    
 
രമേശിന്റെ തട്ടകമായ ശ്രീനിവാസ്പുരിൽ അദ്ദേഹത്തിനു വേണ്ടി പ്രവർത്തിച്ചാണ് ഹർഷ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ആറു തവണ എംഎൽഎയായ രമേശ് കുമാറിന്റെയത്ര തഴക്കം ഹർഷയ്ക്ക് രാഷ്ട്രീയത്തിലില്ല. തനി രാഷ്ട്രീയക്കാരനല്ലാത്തതു കൊണ്ടാണ് കേരളത്തിലെ നേതാക്കൾക്ക് അദ്ദേഹത്തെ തിരിച്ചറിയാനാകാതെ പോയത്. പാർട്ടി വാർ റൂമുകളുടെ ചുമതലക്കാരായി മുഴുവൻ സമയ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിനു പകരം പ്രഫഷനലുകളെ നിയോഗിച്ചാണ് അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും എഐസിസി ആദ്യ നീക്കം നടത്തിയിരിക്കുന്നത്. ഐടി പ്രഫഷനലായ ഹർഷ കർണാടകയിലെ അറിയപ്പെടുന്ന വ്യവസായിയുമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതതു സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് പാർട്ടി വാർ റൂമിന്റെ താക്കോൽ ഏൽപിച്ചിരുന്നത്. കേരളത്തിൽ എം. ലിജു വാർ റൂം ചെയർമാനും മണക്കാട് സുരേഷ് കോ ചെയർമാനുമായിരുന്നു. എൽഡിഎഫും ബിജെപിയും സർവസജ്ജമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുമ്പോൾ പിടിച്ചുനിൽക്കാൻ വാർറൂമിൽ പ്രഫഷനൽ തന്നെ വേണമെന്ന് ഇത്തവണ എഐസിസി തീരുമാനിക്കുകയായിരുന്നു. ഹർഷയ്ക്കു സഹായത്തിനായി കേരള നേതാക്കൾ ഒപ്പമുണ്ടാകും.   
 
ഡി.കെ.ശിവകുമാറിനോടും സിദ്ധരാമയ്യയോടും ഒരുപോലെ അടുപ്പമുള്ള ഹർഷ കഴിഞ്ഞ നിയമസഭാ – പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കർണാടകയിലെ വാർറൂമിൽ സജീവമായിരുന്നു. ശിവകുമാറിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയൽപക്കമായ കേരളത്തിലേക്ക് ഹർഷയെ നിയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഹരിയാന – മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇരു സംസ്ഥാനങ്ങളിലെയും എഐസിസി നിരീക്ഷകനായിരുന്നു ഹർഷ. മഹാരാഷ്ട്രയിൽ വിവിധ നിയോജക മണ്ഡലങ്ങളുടെ കോ ഓർഡിനേറ്ററായും പ്രവർത്തിച്ചു.     ഹർഷ കനാദം ( Photo: Special Arrangement )  
 
സഗിനാവ് വാലി സർവകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം വ്യവസായ രംഗത്തേക്കിറങ്ങിയ ഹർഷ അറിയപ്പെടുന്ന ബിസിനസ് അനലിസ്റ്റ് കൂടിയാണ്. പൗൾട്രി ഫാമിലൂടെയാണ് വ്യവസായ രംഗത്തേക്ക് ഇറങ്ങിയത്. ഹോസ്പിറ്റാലിറ്റി, ഊർജം തുടങ്ങി മേഖലകളിലും തിളങ്ങി. പല സ്ഥാപനങ്ങളിലും ബിസിനസ് ഡവലപ്പ്മെന്റ് മാനേജറായും പ്രവർത്തിച്ചു. സിസ്റ്റം എൻജിനീയറിങ്, പ്രോജക്ട് മാനേജ്മെന്റ്, പ്രോസസ് ഇംപ്രൂവ്മെന്റ്, ടീം മാനേജ്മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം കർണാടകയ്ക്കു പുറമെ എഐസിസിയുടെ ഡൽഹി വാർ റൂമിന്റെയും പ്രധാനഘടകമാണ്.   
  
 -  Also Read  3 ദിവസം, 4 കേസുകൾ തലസ്ഥാന ജില്ലയിൽ 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം   
 
    
 
വാർ റൂം ചെയർമാൻ സ്ഥാനം ഒരു പദവി മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന് ഹർഷ കനാദം മനോരമ ഓൺലൈനോട് പറഞ്ഞു. യുഡിഎഫ് സർക്കാരിനെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുയാണ് ലക്ഷ്യം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ എല്ലാ മുതിർന്ന നേതാക്കളോടും ആശയവിനിമയം നടത്തും. നാളെ ഡൽഹിയിലെത്തി എഐസിസി നേതാക്കളെ കാണും. അതിനു ശേഷമാകും കേരളത്തിലേക്ക് എന്നു വരണമെന്ന് തീരുമാനിക്കുകയെന്നും ഹർഷ കനാദം പറഞ്ഞു.  
 
വാർ റൂം പറയും, പാർട്ടി കേൾക്കും 
  
 കാലങ്ങളായി കോൺഗ്രസ് തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത് സംസ്ഥാന ഘടകങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ സംസ്ഥാന പിസിസികളുടെ റിപ്പോർട്ടുകൾക്കൊപ്പം വാർ റൂമിൽനിന്നും റിപ്പോർട്ട് വാങ്ങാൻ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ രീതി അവലംബിക്കും. ഇതിനൊപ്പം സുനിൽ കനഗോലുവിന്റെ ടീമും വിവിധ ഘട്ടങ്ങളിൽ എഐസിസിക്ക് റിപ്പോർട്ടുകൾ നൽകും. കീഴ്ഘടകങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളും വാർ റൂമിൽ അറിയാനുള്ള സംവിധാനമാണു ലക്ഷ്യം.  
  
 -  Also Read   ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!   
 
    
 
ലോക്സഭയിൽ കിറുകൃത്യം 
  
 ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും മികച്ച സ്ഥാനാർഥികളെ അണിനിരത്താൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ട് പാർട്ടിക്കു സഹായകരമായിരുന്നു. കേരളത്തിൽ 16 സീറ്റുകളിൽ കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്നും തൃശൂരിലും ആലത്തൂരിലും തോൽക്കുമെന്നും വാർ റൂം നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ തൃശൂരിലെ മൂന്നാം സ്ഥാനം പ്രവചിച്ചിരുന്നില്ല. തിരുവനന്തപുരത്തും ആറ്റിങ്ങലിലും കടുത്ത മത്സരം നേരിടുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ലോക്സഭാ മണ്ഡലങ്ങളിലെ സംഘടനാ പിഴവുകൾ സ്ഥാനാർഥികളുടെയും നേതൃത്വത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതു വാർ റൂമായിരുന്നു. പ്രചാരണം കഴിഞ്ഞെത്തുന്ന സ്ഥാനാർഥികളുമായി മൂന്നു ദിവസത്തിലൊരിക്കൽ രാത്രി വൈകി സൂം മീറ്റിങ്ങുകളും നടത്തിയിരുന്നു.  
 
കനത്ത നിയന്ത്രണം, ഇനിയും കടുപ്പിക്കും 
  
 ബയോമെട്രിക് സംവിധാനത്തിൽ കൈവിരൽ പഞ്ച് ചെയ്തു മാത്രമേ വാർ റൂമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. വാർ റൂമിനു നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കൾക്കു മാത്രമായിരുന്നു പ്രവേശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ടെലികോളേഴ്സ് ഇവിടെ ഉണ്ടായിരുന്നു. ദിവസവും രാവിലെ 9 മണിയോടെ ജോലി തുടങ്ങുമ്പോൾ ഇവർക്കു വിവരശേഖരണത്തിനായി ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും നൽകും. വൈകിട്ട് ജോലി തീരുമ്പോൾ ഇതു തിരികെയേൽപിച്ചേ റൂമിനു പുറത്തു പോകാൻ കഴിയൂ. നിയമസഭാ തിരഞ്ഞെടുപ്പിൽ, വാർ റൂമിന്റെ ഘടനയും പ്രവർത്തനവും കുറച്ചുകൂടി കർശനമാക്കാനാണ് നിർദേശം. English Summary:  
Who is Harsha Kanadam?: KPCC War Room Chairman who is a professional with close ties to Karnataka politics and is expected to bring a data-driven approach to the upcoming Kerala Assembly elections.  |