പത്തനംതിട്ട ∙ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശിൽപങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തത്. അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘ഏതെങ്കിലും ദിവ്യനെ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട; ഞങ്ങളുടെ അവസാന ചോദ്യം വരെ ഇതാണ്’
സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്. എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശിൽപങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാണയമൊക്കെ എറിഞ്ഞു വന്ന ചളുക്ക് നവീകരിക്കണമെന്ന് പറഞ്ഞിരുന്നു. ദ്വാരപാലകർ സ്വർണം പൊതിഞ്ഞ കവചമായിരുന്നു. വെറും ചെമ്പ് ഒരിടത്തും വയ്ക്കാറില്ലല്ലോ. കോടതിയിൽ വിശ്വാസമുണ്ട്, സത്യം തെളിയും. മുരാരി ബാബുവിന് പ്രത്യേക താൽപര്യമുണ്ടോയെന്ന് അറിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറിയാം. ശബരിമല കീഴ്‌ശാന്തിയുടെ കൂടെ അദ്ദേഹം കുറച്ചു വർഷം ഉണ്ടായിരുന്നു. ആ പരിചയത്തിലാണ് മകന്റെ കല്യാണം വിളിച്ചതെന്നും കണ്ഠരര് രാജീവര് പറഞ്ഞു.
- Also Read പോകുമ്പോൾ മുതൽ തിരിച്ചെത്തും വരെ പ്രവാസികൾക്കായി 3 ഫിനാൻഷ്യൽ പ്ലാനുകൾ; കയ്യിൽ കാശുണ്ടാകും, സമ്പാദ്യവും ഉറപ്പ്
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിനു സ്വമേധയാ വിശദീകരണ കുറിപ്പ് നൽകി. 1999ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയതാണല്ലോ എന്ന തന്റെ ആവർത്തിച്ചുള്ള സംശയത്തിനു പിന്നാലെ ഗോൾഡ് സ്മിത്തിന്റെ റിപ്പോർട്ടുണ്ടെന്ന് പറഞ്ഞാണ് മുരാരി ബാബു അനുമതി തേടിയതെന്നാണ് കുറിപ്പിൽ പറയുന്നത്. നേരിട്ടുള്ള പരിശോധനയിൽ സ്വർണപ്പാളി തന്നെയാണല്ലോ എന്നതിനു കാഴ്ചയിൽ മാത്രമാണെന്നും മുഴുവൻ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം.
അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങൾക്ക് മങ്ങലുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വർണം പൂശാന്‍ അനുമതി നൽകിയത്. സ്വർണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തന്റെ മുറിയിൽ വന്നിട്ടുണ്ട്. ചില പൂജകൾക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശിൽപം വീണ്ടും സ്വർണം പൂശാനുള്ള അനുമതി നൽകുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിരുന്നതായും തന്ത്രി വിശദീകരണ കുറിപ്പിൽ പറയുന്നു. English Summary:
Tantri\“s Clarification on Gold Plating Controversy at Sabarimala Temple: Tantri Kandaru Rajeevaru clarifies he did not authorize taking the Dwarapalaka sculptures to Chennai for gold plating. |