കൊച്ചി∙ ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാൻ കാരണമായി ഹൈക്കോടതി  കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ഗോൾഡ് പ്ലേറ്റിങ് നടത്തിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനം  എന്നിവരുടെ മാത്രമല്ല, ദേവസ്വത്തിലെ ഉന്നതരുടെ പങ്കും കൃത്യമായി അന്വേഷിക്കണമെന്നാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് ഇന്ന് വ്യക്തമാക്കിയത്.  
  
 -  Also Read  ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സർക്കാർ   
 
    
 
എഡിജിപി എച്ച്.വെങ്കിടേഷ് എസ്ഐടിക്ക് നേതൃത്വം നൽകും. കേരള പൊലീസ് അക്കാദമി അസി.ഡയറക്ടറും മുൻ വിജിലൻസ് എസ്പിയുമായ എസ്.ശശിധരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. വാകത്താനം പൊലീസ് ഇൻസ്പെക്ടർ അനീഷ്, കൈപ്പമംഗലം ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ, തൈക്കാട് സൈബർ പൊലീസ് അസി. സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ സേവനവും അന്വേഷണ സംഘത്തിന് തേടാവുന്നതാണ്. ഒന്നര മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും അന്വേഷണം.  
  
 -  Also Read  ശബരിമല സ്വർണപ്പാളി വിവാദം; സഭയിൽ ബഹളം, സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം   
 
    
 
2019ൽ ഗോൾഡ് പ്ലേറ്റിങ് നടത്തി ശബരിമലയിൽ തിരികെ എത്തിച്ചത് അഴിച്ചുകൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളല്ല എന്ന് തങ്ങൾക്ക് നേരത്തെ തോന്നിയ സംശയം നീതീകരിക്കുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന തെളിവുകളെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പങ്ങൾ പൈസക്കായി ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാം എന്ന വലിയ സാധ്യതയും നിലനിൽക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ശബരിമല സന്നിധാനം സ്വർണം പൊതിഞ്ഞതു സംബന്ധിച്ച് അയച്ചിരിക്കുന്ന കത്ത് തന്നെ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നുള്ളതിന് തെളിവാണെന്ന് കോടതി വിലയിരുത്തി.  
  
 -  Also Read  ശബരിമല: നിഷ്പക്ഷ അന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി   
 
    
 
1.564 കിലോഗ്രാം സ്വർണമാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഈ ദ്വാരപാലക ശിൽപ്പങ്ങളാണ് വീണ്ടും സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ 2019ൽ കൊടുത്തു വിടുന്നത്. എന്നാൽ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ എന്നതിനു പകരം ചെമ്പുപാളികൾ എന്നു മാത്രമാണ് രേഖപ്പെടുത്തിയത് എന്നതും ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയിൽ നിന്ന് വിട്ടുകൊടുത്ത് ഒരു മാസവും 9 ദിവസവും കഴിഞ്ഞാണ് ചെമ്പുപാളികൾ ചെന്നെയിലെത്തിച്ചിരിക്കുന്നതും.  
  
 -  Also Read   വിദേശത്തേക്ക് ‘ശുഭയാത്ര’, നോർക്ക തരും വായ്പ; ഇങ്ങനെ ചെയ്താൽ മാസം കയ്യിലെത്തും 30,000 രൂപ; എങ്ങനെ ചേരാം പ്രവാസി സ്പെഷൽ സ്കീമുകളിൽ?   
 
    
 
2019 ഡിസംബറിൽ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അയച്ച മറ്റൊരു ഇമെയിലും കോടതി പരാമർശിച്ചു. ശബരിമല സന്നിധാനത്തെ വാതിലും ദ്വാരപാലക ശിൽപ്പങ്ങളും സ്വർണപ്പണി ചെയ്തതിന്റെ ബാക്കിയായി തന്റെ പക്കൽ കുറച്ചു സ്വർണം ബാക്കിയുണ്ടെന്നും തനിക്ക് അറിയാവുന്ന ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ ഈ സ്വർണം വിട്ടു നൽകാനാകുമോ എന്നും ചോദിച്ചായിരുന്നു ഈ ഇമെയിൽ. ഇതിന് വളരെ വേഗത്തിലാണ് ദേവസ്വം ഉന്നതർ നടപടി സ്വീകരിച്ചത് എന്നത് തങ്ങളെ ഞെട്ടിപ്പിച്ചെന്നും കോടതി വിലയിരുത്തി. 2024 സെപ്റ്റംബറിൽ ഗോൾഡ് പ്ലേറ്റിങ്ങിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പീഠം കൈമാറിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ പങ്കും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. English Summary:  
High Court Orders SIT Investigation into Sabarimala Gold Scam: Sabarimala Gold Scam involves a special investigation team formed to investigate the gold plating scam of Dwarapalaka idols at Sabarimala temple. |