ദുബായ് ∙ യുഎഇ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ മുകല്ലയിൽ സൗദി അറേബ്യ ബോംബിട്ടു. ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ 2 കപ്പലുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആളപായമായോ വൻനാശമോ ഇല്ലെന്നാണു റിപ്പോർട്ട്. വിമതസേനയ്ക്കുള്ള ആയുധങ്ങളുമായാണു കപ്പലുകളെത്തിയതെന്ന സൗദിയുടെ ആരോപണം യുഎഇ വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. യെമനിൽനിന്നു യുഎഇ സേന പിൻവാങ്ങുമെന്നു പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
- Also Read ഹമാസുമായി സഹകരിക്കുന്നുവെന്ന് ആരോപണം; ഗാസയിൽ സന്നദ്ധ സംഘടനകളെ വിലക്കി ഇസ്രയേൽ
ദക്ഷിണ യെമൻ പ്രത്യേക രാജ്യമാക്കാൻ ലക്ഷ്യമിടുന്ന സൗദിവിരുദ്ധ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്ടിസി) സേന കഴിഞ്ഞ ദിവസമാണു മുകല്ല പിടിച്ചത്. യുഎഇയുടെ സഹായത്തോടെയാണിതെന്നും ഇത് അത്യന്തം അപകടകരമായ പ്രവൃത്തിയാണെന്നും സൗദി വിമർശിച്ചു. എന്നാൽ, ആരോപണം വാസ്തവവിരുദ്ധമാണെന്നും കപ്പലുകളിൽ ആയുധങ്ങളില്ലായിരുന്നുവെന്നും യുഎഇ പ്രതികരിച്ചു. യുഎഇയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച യെമനിലെ സൗദിപക്ഷ പ്രസിഡൻഷ്യൽ കൗൺസിൽ 24 മണിക്കൂറിനകം യുഎഇ സൈന്യം യെമൻ വിടണമെന്നും ആവശ്യപ്പെട്ടു. English Summary:
Saudi-UAE Rift Explodes: Saudi Forces Bomb UAE-Controlled Port in Yemen |