ന്യൂഡൽഹി ∙ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭാര്യ ഗീതാഞ്ജലി അംഗ്മോ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനോടും ലഡാക്ക് ഭരണകൂടത്തിനോടും വിശദീകരണം തേടി. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും. ലഡാക്കിലെ സംഘർഷത്തെ തുടർന്ന് സെപ്റ്റംബർ 26നാണ് സാമൂഹിക പ്രവർത്തകനായ സോനത്തെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റു ചെയ്തത്.  
  
 -  Also Read  ‘കരാറുകാരുടെ കാര്യത്തിൽ മാത്രമേ ഉത്കണ്ഠയുള്ളോ, യാത്രക്കാരെയും പരിഗണിക്കേണ്ടേ’; ടോൾ നിരോധനം വീണ്ടും നീട്ടി   
 
    
 
ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്നു സമരനേതാവ് സോനം വാങ്ചുക്കിന്റെ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോധ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന സോനം വാങ്ചുക് അഭിഭാഷകൻ മുഖേനയാണു തന്റെ സന്ദേശം പുറത്തുവിട്ടത്.  
 
സോനത്തിന്റെ സഹോദരൻ ടെസ്റ്റെൻ ദോർജെയ് ലെയ്, ലേ എപെക്സ് ബോഡിയുടെ (എൽഎബി) നിയമോപദേശകൻ മുസ്തഫ ഹാജി എന്നിവർ ശനിയാഴ്ച അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ജനങ്ങൾക്കുള്ള സന്ദേശം എന്ന നിലയിൽ ഇവർക്കു കൈമാറിയ കത്താണു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ലഡാക്കിനു സ്വയംഭരണവും സംസ്ഥാനപദവിയും ആവശ്യപ്പെട്ടാണ് ലഡാക്കിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.  
  
 -  Also Read   പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം   
 
    
 
ഭരണഘടനയുടെ 370–ാം വകുപ്പ് റദ്ദാക്കി 2019ൽ ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനെത്തുടർന്നാണു ലഡാക്ക് കേന്ദ്രഭരണപ്രദേശമാകുന്നത്. ലേ, കാർഗിൽ എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്കിൽ നിയമസഭയില്ല. 2 ജില്ലാ കൗൺസിലുകളാണുള്ളത്. ഭരണം കേന്ദ്രം നിയോഗിച്ച ലഫ്. ഗവർണറും. English Summary:  
Supreme Court is seeking clarification from the central government and Ladakh administration regarding the arrest of Sonam Wangchuk, a social activist arrested under the National Security Act following protests in Ladakh. |