മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചതും തിരുവനന്തപുരം കോർപ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ബിജെപി അംഗങ്ങൾ ഗണഗീതം ആലപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതും ജോഹാനസ്ബർഗിന് സമീപം ബെക്കേഴ്സ്ഡാലിൽ അഞ്ജാത സംഘം നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നതും വാളയാർ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ കുടുംബം എസ്‍സി,എസ്‍ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി..
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങൾക്കിടെ വിബി–ജി റാം ജി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
MORE PREMIUM STORIES
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആകെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനുള്ള വിജ്ഞാപനമായിരുന്നു ഇറക്കിയത്.
ജോഹാനസ്ബർഗിന് സമീപം ബെക്കേഴ്സ്ഡാലിൽ അഞ്ജാത സംഘം നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പാണിത്. ജോഹാനസ്ബർഗ് നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞതായി എഎഫ്പി റി്പോർട്ട് ചെയ്തു.
ആക്ഷേപഹാസ്യങ്ങളിലൂടെയും നർമത്തിലൂടെയും മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിലേക്ക്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയംപേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു.
വാളയാർ ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാം നാരായണന്റെ (31) കുടുംബം കേരളത്തിലെത്തി. എസ്‍സി,എസ്‍ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണു കുടുംബത്തിന്റെ ആവശ്യം. നഷ്ടപരിഹാരം ലഭ്യമാകുന്നതു വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണു കുടുംബത്തിന്റെ നിലപാട്.