കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി വിഷയത്തിൽ ഉന്നതതല അന്വേഷണം (എസ്ഐടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുക. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. ‘സ്പോൺസർ’ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും പങ്ക് അന്വേഷിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പാർട്ട് നൽകാനും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനുമാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം.
- Also Read ശബരിമല സ്വർണപ്പാളി വിവാദം; സഭയിൽ ബഹളം, സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
സ്വർണപ്പാളി സംബന്ധിച്ച വിവാദത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയുെട ഇടപെടലിലൂടെയാണ് 2019ലെ വിവാദ സ്വർണം പൂശൽ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികള്‍ സ്പെഷൽ കമ്മിഷണറെ അറിയിക്കാതെ സ്വർണം പൂശാൻ ചെന്നൈയ്ക്കു കൊണ്ടുപോയ സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്ന്, ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് മുതലുള്ള കാര്യങ്ങൾ കോടതി ഇന്ന് പരാമർശിച്ചു. പലതും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു എന്നു വ്യക്തമാക്കിയാണ് കോടതി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. English Summary:
Sabarimala gold plating controversy investigation is now ordered by the High Court. A special investigation team headed by Crime Branch ADGP H. Venkatesh will be in charge of the investigation. |