ജറുസലം ∙ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെ ആക്രമണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിലെ വീടുകൾ ഇടിച്ചുനിരത്തുന്നതു തുടർന്ന് ഇസ്രയേൽ.  
  
 -  Also Read  ‘ഡ്രോൺ ചോർ’ അഭ്യൂഹം: യുപിയിൽ ആൾക്കൂട്ടം മർദിച്ച യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് ഭാര്യാവീട്ടിലെത്തിയ യുവാവ്   
 
    
 
 ടാങ്കുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ സൈന്യം വീടുകൾ ഇടിച്ചുനിരത്തുന്നത്. ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തു. ബോംബാക്രമണം മയപ്പെടുത്തിയെങ്കിലും നിർത്തിവച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.   
 
അതേ സമയം, ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിലെ കയ്റോയിൽ ആരംഭിച്ചേക്കും. ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു ചർച്ച. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ പങ്കെടുക്കും. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റമാണു മുഖ്യചർച്ചാവിഷയം.  
 
ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു ഹമാസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കു തയാറാകുമോയെന്നതാണു പ്രധാന ചോദ്യം. മുൻപു നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടത് ഈ ആവശ്യത്തിന് ഹമാസ് വഴങ്ങാതിരുന്നതുകൊണ്ടാണ്. യുദ്ധാനന്തര ഗാസയിൽ പലസ്തീൻ ഭരണം എന്ന നിർദേശത്തിനും നെതന്യാഹു സർക്കാർ എതിരാണ്.  
 
അതേസമയം, യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇന്നലെ പലസ്തീൻ അനുകൂല റാലികൾ നടന്നു. ബാർസിലോനയിലെ റാലിയിൽ 70,000 പേർ പങ്കെടുത്തു. ബ്രിട്ടനിലെ നിരോധിത സംഘടനയായ പലസ്തീൻ ആക്‌ഷനെ പിന്തുണച്ചു പ്രകടനം നടത്തിയ 500 പേർ ലണ്ടനിൽ അറസ്റ്റിലായി. വർധിക്കുന്ന പലസ്തീൻ അനുകൂല സമരങ്ങൾ നേരിടാൻ പൊലീസിനു കൂടുതൽ അധികാരം നൽകുമെന്ന് ബ്രിട്ടിഷ് സർക്കാർ പറഞ്ഞു.  English Summary:  
Gaza: Gaza Peace Talks Commence Amidst Continued Israeli House Demolitions  |