ആലപ്പുഴ∙ വിജിലന്‍സ് കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല താലൂക്ക് കടക്കറപ്പള്ളി മാവേലി സ്റ്റോറില്‍ മാനേജരായിരുന്ന പൊന്നനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. മാവേലി സ്റ്റോറില്‍ നിന്നും 120 ക്വിന്റല്‍ (12000 കിലോഗ്രാം) പഞ്ചസാര തിരിമറി നടത്തിയ സംഭവത്തിലാണ് കേസ് എടുത്തത്. സര്‍ക്കാരിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നഷ്ടമുണ്ടാക്കിയെന്ന് ആലപ്പുഴ വിജിലന്‍സ് യൂണിറ്റ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
- Also Read ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിനെ സാക്ഷിയാക്കും, ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
കേസില്‍ പൊന്നന്‍ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലന്‍സ് കോടതി കണ്ടെത്തി വിവിധ വകുപ്പുകളിലായി ഏഴ് വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് പൊന്നന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുകയും, ഹൈക്കോടതി ശിക്ഷയില്‍ ഇളവ് വരുത്തി വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും, കോടതിയില്‍ കീഴടങ്ങുന്നതിനും ഉത്തരവായി. എന്നാൽ പ്രതി കോടതിയില്‍ കീഴടങ്ങാതെ ഒളിവില്‍ പോയി. തുടര്‍ന്ന് പൊന്നനെ ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. English Summary:
Accused Arrested in Alappuzha Maveli Store Scam: Alappuzha Vigilance arrested an absconding accused in a Maveli Store scam case. |