ന്യൂഡൽഹി∙ കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളിൽ 15വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. ചീഫ് ജസ്റ്റിസ് ആർ.ബി.ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കോലിയെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽനിന്നും കോലി കുറ്റവിമുക്തനായി.
- Also Read കൊച്ചിയിൽ ആയേ റാം ഗയേ റാം, മറുകണ്ടം ചാടി സ്ഥാനാർഥികൾ; ചാക്കിട്ടുപിടിച്ച് രാഷ്ട്രീയ പാർട്ടികൾ
2006 ഡിസംബറിൽ കോലി ജോലി ചെയ്തിരുന്ന, വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥർ എന്നയാളുടെ വീടിന്റെ ഓടയിൽനിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയാണ് നിഥാരി കൊലപാതകങ്ങൾ ലോകമറിയുന്നത്. മൊനീന്ദറിന്റെ വീട്ടിൽ വച്ച് നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൊനീന്ദറിന്റെ വീടിനടുത്തുള്ള അഴുക്കുചാലിൽ നിന്ന് തലയോട്ടി ഉൾപ്പെടെയുള്ള 19 അസ്ഥികൂടങ്ങളാണു പൊലീസിനു ലഭിച്ചത്. ഇതിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊനീന്ദറും കോലിയും അറസ്റ്റിലായി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
- Also Read ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, കാറിലിരുന്ന് ആസൂത്രണം, ഡിറ്റണേറ്റർ സ്ഥാപിച്ചു; നടന്നത് ചാവേർ ആക്രമണം
ചണ്ഡീഗഡ് സ്വദേശിയായ വ്യവസായാണ് മൊനീന്ദർ സിങ് പാന്ഥർ. ഇയാൾക്ക് നോയിഡ സെക്ടർ രണ്ടിൽ വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഇവിടെ എത്തുമ്പോൾ താമസിക്കാനാണ് നോയിഡ സെക്ടർ 31ലെ ഡി ബ്ലോക്കിൽ അഞ്ചാം നമ്പർ വീട് വാങ്ങിയത്. അവിടെ കോലിയെ ജോലിക്കാരനായും നിയമിച്ചു. ഈ വീടിന് അടുത്താണ് നിഥാരി ഗ്രാമം. ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്കു തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും പിന്നീട് ഇവ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്കു തള്ളുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശരീരഭാഗങ്ങൾ മുറിച്ച് റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
തുടർന്ന് ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. എന്നാൽ 2023 ഒക്ടോബറിൽ 12 കൊലപാതകക്കേസുകളിൽ കോലിയെയും രണ്ട് കേസുകളിൽ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിട്ടുള്ളത്. 13ാമത്തെ കേസിലും കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DeadlyLaw എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Surendra Koli Acquitted in Nithari Killings case by the Supreme Court. The court has acquitted Surendra Koli in the last case related to the Nithari killings. This verdict effectively exonerates him from all charges connected to the infamous case. |