കൊച്ചി ∙ വികസന നടപടികൾ മുൻനിർത്തി കോർപറേഷൻ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനിറങ്ങിയ ഇടതുമുന്നണിക്ക് ഏറ്റ അപ്രതീക്ഷിത അടിയായി തമ്മനത്തെ ജല അതോറിറ്റിയുടെ ടാങ്ക് തകർന്ന സംഭവം. ഇതു തിരിച്ചറിഞ്ഞതോടെ അതിവേഗ നീക്കങ്ങളാണ് പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടുക്കിയിലായിരുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലത്തിലെ പരിപാടികളെല്ലാം റദ്ദാക്കി രാവിലെ 11 മണിയോടെ കൊച്ചിയിലെത്തുകയും സ്ഥലം സന്ദർശനത്തിനു ശേഷം ഉന്നതതല യോഗം വിളിച്ചു ചേർത്തതും ഇതിന്റെ തെളിവാണ്. കൊച്ചി കോർപറേഷൻ ഭരിക്കുന്ന ഇടതുപക്ഷത്തിന് ഒട്ടേറെ വികസന പദ്ധതികൾ എടുത്തു പറയാൻ ഉള്ളപ്പോഴാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. ആളപായമുണ്ടാവുകയോ വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാൽ വരും ദിവസങ്ങളിൽ വെള്ളം കിട്ടുന്നതിനു ബുദ്ധിമുട്ട് വന്നാലായിരിക്കും അത് ഇടതുമുന്നണിയുടെ സാധ്യതകളെ ബാധിക്കുക.
- Also Read ‘റോഡിന്റെ ഭാഗത്തേക്കാണ് ടാങ്ക് പൊട്ടിയിരുന്നതെങ്കിൽ എല്ലാം ഒഴുകിപ്പോയേനെ’; അവശേഷിക്കുന്ന ടാങ്കിന് ബലപരിശോധന
വൈറ്റില മുതൽ പേട്ട വരെയും തമ്മനം മുതൽ കോർപറേഷൻ പരിധിയും കടന്ന് ചേരാനല്ലൂർ വരെയും എളമക്കര അടക്കമുള്ള നഗര പ്രദേശങ്ങളിലുമെല്ലാം എത്തുന്ന വെള്ളത്തിന്റെ ബൂസ്റ്റർ ആയി പ്രവർത്തിച്ചിരുന്ന തമ്മനത്തെ ഒരു ടാങ്കാണ് തകർന്നത്. ആലുവ പെരിയാറിൽ നിന്ന് എത്തുന്ന വെള്ളത്തിന്റെ ശക്തി ദൂരപരിധി ഏറുന്തോറും കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ടാങ്കിൽ നിന്നുള്ള വെള്ളം കൂടി പമ്പ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലകളിെല ഉൾപ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടാതിരിക്കുക എന്നതാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും മുന്നിലുള്ള വെല്ലുവിളി. ഇതിനായി അതിവേഗ നടപടികളാണ് ഭരണതലത്തിലും പ്രായോഗികമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രണ്ട് കമ്പാർട്ടുമെന്റുകളായി നിർമിച്ചിട്ടുള്ള ടാങ്കിന്റെ ഒരു കമ്പാർട്ട്മെന്റിനാണ് നാശം സംഭവിച്ചത്. 68 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള രണ്ട് കമ്പാർട്ട്മെന്റുകളും പരസ്പരം ബന്ധിപ്പിച്ചിരുന്നു. ആലുവ, മരട് എന്നിവിടങ്ങളിൽ നിന്നായിരുന്നു ടാങ്കിലേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇതിൽ മരടിൽ നിന്നുള്ള വെള്ളം നിലവിൽ തകർന്ന കമ്പാർട്ട്മെന്റിലേക്കായിരുന്നു എത്തിയിരുന്നത്. ഇത് രണ്ടാമത്തെ കമ്പാർട്ട്മെന്റിലേക്ക് തിരിച്ചു വിടേണ്ടതുണ്ട്. എന്നാൽ രണ്ടാമത്തെ കമ്പാർട്ട്മെന്റിലും ചെറിയ തോതിലുള്ള ചോർച്ചയുണ്ട്. അതിനാൽ ഇത് കൂടി പരിഹരിച്ച ശേഷമായിരിക്കും രണ്ടാമത്തെ ടാങ്കിൽ നിന്നുള്ള കുടിവെള്ള വിതരണം പുനരാരംഭിക്കുക. ഇത് ഇന്ന് രാത്രിയോടെയെങ്കിലും പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ ഇരു ടാങ്കുകളേയും പരസ്പരം ബന്ധിപ്പിച്ചിരുന്നത് അടച്ചു.
നേരത്തേ 1.35 കോടി ലീറ്റർ വെള്ളം സംഭരിക്കാൻ കഴിഞ്ഞിടത്ത് ഇപ്പോൾ 68 ലക്ഷം ലീറ്റർ മാത്രമാണ് സംഭരിക്കാനാവുക. ഇതിനുള്ള പരിഹാരമെന്നോണം രണ്ടാമത്തെ കമ്പാർട്ട്മെന്റിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് നാല് മീറ്ററിൽ നിന്ന് 4.2 മീറ്ററാക്കി വർധിപ്പിക്കുമെന്നാണ് ഉന്നതതല യോഗത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ഇതുവഴി 85 ലക്ഷം ലീറ്റർ വെള്ളം വരെ ഈ കമ്പാർട്ട്മെന്റിൽ സംഭരിക്കാനും കുടിവെള്ള വിതരണം കുറച്ചെങ്കിലും പുനഃസ്ഥാപിക്കാനും സാധിക്കും. എന്നാൽ നേരത്തേ നൽകിയിരുന്ന അത്ര വെള്ളം വീടുകളിലടക്കം നിലവിലെ സാഹചര്യത്തിൽ ലഭ്യമാക്കുക ബുദ്ധിമുട്ടാണ്. 40 ശതമാനം ജലവിതരണം പുനഃസ്ഥാപിക്കാന്‍ സാധിച്ചേക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. വിദൂര പ്രദേശങ്ങളിലായിരിക്കും വെള്ളം ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുക. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനാണ് നിലവിൽ തീരുമാനം. ടാങ്കറുകൾക്ക് എത്താൻ കഴിയാത്ത കൊച്ചി കോർപറേഷന്റെയും ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റേയും പ്രദേശങ്ങളിൽ 5000, 10000 ലിറ്റർ ടാങ്കുകൾ സ്ഥാപിച്ച് ജലവിതരണം നടത്തുക.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ആരുടേയും പാകപ്പിഴ കൊണ്ടു സംഭവിച്ച ദുരന്തമല്ലല്ലോ എന്നാണ് ടാങ്ക് തകർച്ചയെക്കുറിച്ച് സിപിഎം വൃത്തങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ വെള്ളം കിട്ടാതെ വരുന്ന സാഹചര്യത്തിലായിരിക്കും പ്രശ്നങ്ങൾ സങ്കീർണമാവുക. ഡിസംബർ ഒമ്പതിനാണ് എറണാകുളം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമെങ്കിലും ഉണ്ടാക്കി പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് അംഗം സക്കീറാണ് നിലവിൽ തമ്മനത്തെ കൗൺസിലർ. ദുരന്ത വിവരം അറിഞ്ഞപ്പോള്‍ മുതൽ സക്കീർ സ്ഥലത്തുണ്ട്. എന്നാൽ തമ്മനം ഇത്തവണ വനിതാ വാർഡ് ആയതോടെ അദ്ദേഹത്തിന് ഇവിടെ ഇത്തവണ മത്സരിക്കാൻ സാധിക്കില്ല.
- Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
ഉമ തോമസ് എംഎൽഎയാണ് ദുരന്ത സ്ഥലത്ത് പിന്നീട് എത്തിയ ജനപ്രതിനിധി. വൈകാതെ മേയർ എം.അനിൽകുമാറും പിന്നാലെ കലക്ടർ ജി.പ്രിയങ്കയും സ്ഥലത്തെത്തി. ഇതിനു പിന്നാലെയാണ് റോഷി അഗസ്റ്റിൻ, പി.രാജീവ് തുടങ്ങിയ മന്ത്രിമാരും ടി.ആർ.വിനോദ് എംഎൽഎയുമെത്തുന്നത്. ജലവിഭവ വകുപ്പ് എൻജിനീയർമാര്‍ ആവട്ടെ, രാവിലെ തന്നെ പ്രാഥമിക പരിശോധനകൾ നടത്തുകയും കുസാറ്റിൽ നിന്നുള്ള വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു. അവരും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പിന്നീട് എറണാകുളം ഗെസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ അടിയന്തര യോഗവും ചേർന്നു. ഹൈബി ഈഡന്‍ എംപിയും യോഗത്തിനെത്തി. ‘‘തിരഞ്ഞെടുപ്പ് സമയത്ത് ആയതു തന്നായി, അതുകൊണ്ട് പ്രശ്നം പെട്ടെന്ന് പരിഹരിക്കപ്പെട്ടേക്കാം’’ എന്നാണ് പ്രദേശവാസികളിലൊരാൾ സർക്കാർ തലത്തിലെ അതിവേഗ നീക്കങ്ങൾ കണ്ടപ്പോൾ പ്രതികരിച്ചത്. English Summary:
Tammamam Water Tank Collapse has caused a major water supply disruption in Kochi. The government is taking swift action to address the issue and restore water distribution, especially ahead of the local body elections. |