കൊല്ലം∙ കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ഒാട്ടോറിക്ഷ യാത്രക്കാരൻ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.15ന് ആശ്രാമം ലിങ്ക് റോഡിലെ പാലത്തിലാണു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ 22 കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിന്ന് ഒാലയിൽക്കടവിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിൽ നിന്നാണ് യുവതി അഷ്ടമുടിക്കായലിലേക്ക് ചാടിയത്.
പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഈ സമയത്ത് രാജേഷിന്റെ സുഹൃത്തായ പള്ളിത്തോട്ടം സ്വദേശി മുനീർ ആശ്രാമം സ്വദേശി ശ്യാമിന്റെ ഒാട്ടോറിക്ഷയിൽ അവിടെ എത്തി. ഒരു യുവതി കായലിലേക്ക് ചാടിയിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞതിനെ തുടർന്നു മുനീറും കായലിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന യുവതിയുടെ മുടിയിൽ പിടിച്ചു പാലത്തിന്റെ തൂണിലേക്കു കയറാൻ മുനീർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജേഷും മറ്റുള്ളവരും അതുവഴി കടന്നു പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെ ഉച്ചത്തിൽ വിളിച്ചു സഹായം അഭ്യർഥിച്ചു.
ജീവനക്കാർ ഉടൻ ബോട്ട് സ്ഥലത്തേക്ക് അടുപ്പിച്ചു കയറും ലൈഫ് ബോയും ഇട്ടു കൊടുത്തു. ബോട്ടിലെ ജീവനക്കാരനും കായലിലേക്കു ചാടി യുവതിയെ പിടിച്ചു കയറ്റി. പ്രഥമശുശ്രൂഷയ്ക്കു ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഈരാറ്റുപേട്ട സ്വദേശിയായ കാമുകനുമായി പിണങ്ങിയതിനെ തുടർന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് യുവതി പൊലീസിനു മൊഴി നൽകി. യുവതി ഒാലയിൽക്കടവിനടുത്തുള്ള ഹോസ്റ്റലിലാണ് താമസിക്കുന്നത്. സംഭവം അറിഞ്ഞ് ഹോസ്റ്റൽ ജീവനക്കാർ ആശുപത്രിയിൽ എത്തി. വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചെന്ന് ഹോസ്റ്റൽ ജീവനക്കാർ പറഞ്ഞു.
തുണയായത് മുനീറിന്റെ മനസ്സാന്നിധ്യം
മുനീറിന്റെ മനസ്സാന്നിധ്യം ഒന്നു കണ്ടു മാത്രമാണ് കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റാനായത്. ഇന്നലെ രാവിലെ ആശ്രാമം ലിങ്ക് റോഡിൽ നിന്ന് അഷ്ടമുടി കായലിലേക്ക് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കോട്ടയം സ്വദേശിയായ യുവതിയെയാണ് പളളിത്തോട്ടം ഗാന്ധി നഗർ ഏച്ച് ആൻഡ് സി കോംപൗണ്ടിൽ മുനീർ(28) രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താനായി മുനീറിന് നേരത്തേ ലഭിച്ച പരീശീലനം മുതൽക്കൂട്ടായി. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് മുനീർ. ഒാലയിലുള്ള സുഹൃത്ത് രാജേഷിനെയും കൂട്ടി പടപ്പനാലിൽ ജോലിക്കായി പോകാനായി ആശ്രാമം സ്വദേശി ശ്യാമിന്റെ ഒാട്ടോയിൽ ഒാലയിൽക്കടവിലേക്കു വരുമ്പോഴാണ് യുവതി കായലിലേക്കു ചാടിയ വിവരം അറിയുന്നത്. മറ്റൊന്നും ചിന്തിക്കാതെ മുനീറും കായലിലേക്കു ചാടുകയായിരുന്നു. മുൻപ് തമിഴ്നാട്ടിൽ കടലിൽ വീണ മറ്റൊരാളെയും മുനീർ രക്ഷപ്പെടുത്തിയിട്ടുണ്ട്. English Summary:
A young woman attempted suicide in Ashtamudi Lake and was heroically rescued. The quick thinking and bravery of a local auto driver saved her life, pulling her from the water and ensuring she received medical attention. The incident highlights the importance of mental health support and community vigilance. |
|