തിരുവനന്തപുരം∙ കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹ്യതയില്‍ ആരോപണ വിധേയനെതിരെ തമ്പാനൂര്‍ പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുത്തു. തുടര്‍ന്ന് കേസ് പൊന്‍കുന്നം പൊലീസിനു കൈമാറിയതായി തമ്പാനൂര്‍ സിഐ അറിയിച്ചു. അനന്തു അജി മരണമൊഴിയായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുക്കാമെന്ന് അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി നിയമോപദേശം നല്‍കിയിരുന്നു. അതേസമയം ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.   
  
 -  Also Read  കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; പ്രതി ഓടി രക്ഷപ്പെട്ടു   
 
    
 
തന്നെ പീഡിപ്പിച്ച ആളുടെ പേര് അനന്തു വിഡിയോയില്‍ പറഞ്ഞിരുന്നു. 3-4 വയസുള്ളപ്പോള്‍ മുതല്‍ അയല്‍വാസിയായ ആള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് അനന്തു പറയുന്നത്. ആര്‍എസ്എസ് ക്യാംപുകളില്‍ പീഡിപ്പിക്കപ്പെട്ടുവെന്നും എന്നാല്‍ പീഡിപ്പിച്ച ആളിന്റെ പേര് അറിയില്ലെന്നും അനന്തു പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിഷാദരോഗിയായ അനന്തുവിന്റെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയുമോ എന്നറിയാനാണ് പൊലീസ് നിയമോപദേശം.  
  
 -  Also Read  250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ് എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്; 3 പ്രതികൾ കൂടി പിടിയിൽ   
 
    
 
അനന്തുവിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തു മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി മൊഴി ലഭിച്ചതായാണു വിവരം. അനന്തുവിന്റെ മൊബൈൽ ഫോണും ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.  
 
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം anantwo_aj എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Ananthu Aji suicide case: Thampanoor police registering a case of unnatural sexual assault. The case will then be transferred to Ponkunnam police based on Ananthu\“s suicide video. |