കൊച്ചി ∙ വിദ്യാർഥിനി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു സ്കൂളിലെത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിനു പരിഹാരമായി. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ചർച്ചയിൽ സ്കൂൾ മാനേജ്മെന്റ് നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കുന്നതിൽ വിരോധമില്ലെന്നു കുട്ടിയുടെ രക്ഷകർത്താവ് ഉറപ്പു നൽകിയതായി എംപി പറഞ്ഞു.
എന്നാൽ, ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയതിൽ വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയതു കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമ ലംഘനവുമാണെന്നാണ് റിപ്പോർട്ട്. വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്നും ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്കു തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു. English Summary:
Kochi Hijab Row: MP Says Resolved, Minister Cites Right to Education Act |