ചെറുവത്തൂർ ∙ 50 രൂപയ്ക്ക് രണ്ടര കിലോ മത്തി. തീരങ്ങളിൽ കുഞ്ഞൻ മത്തിയുടെ ചാകര. തീരദേശത്തുനിന്ന് മത്തി വാരിക്കൂട്ടി ജനം. തൈക്കടപ്പുറം, വലിയപറമ്പ് എന്നിങ്ങനെ ജില്ലയുടെ വിവിധ തീരങ്ങളിൽ കുഞ്ഞൻ മത്തി അടിയുകയാണ്. കടൽതീരത്ത് കഴിഞ്ഞ ദിവസം പല ഭാഗങ്ങളിൽ നിന്നെത്തിയവരുടെ ഉത്സവമായിരുന്നു. ഒമാൻ, ഗോവൻ തീരങ്ങളിൽനിന്ന് എത്തിയ കുഞ്ഞൻ മത്തിയാണ് ഇപ്പോൾ കേരള തീരത്ത് അടിയുന്നത്. കുഞ്ഞൻ മത്തിക്ക് മത്സ്യ മാർക്കറ്റുകളിലും മറ്റും ആവശ്യക്കാർ കുറഞ്ഞു. വിൽക്കാൻ കൊണ്ടുവന്നതിൽ ബാക്കിയുള്ളവ കളയുന്ന സ്ഥിതിയാണിപ്പോൾ.
മത്സ്യ ബന്ധന വള്ളങ്ങളിൽനിന്ന് മതിപ്പുവിലയ്ക്ക് എടുക്കുന്ന കച്ചവടക്കാർ മംഗളൂരുവിലെ വളം നിർമാണ കമ്പനികളിലേക്കാണ് ഇവ കയറ്റിക്കൊണ്ടു പോകുന്നത്. 80 കിലോ മത്തിക്ക് 700 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. മംഗളൂരുവിലെ കമ്പനികളിൽനിന്ന് കച്ചവടക്കാർക്ക് ഒരുകിലോ മത്തിക്ക് 22 രൂപ വരെ കിട്ടിയിരുന്നു. വെള്ളിയാഴ്ച 18 രൂപയായി കുറഞ്ഞു. മംഗളൂരു തീരങ്ങളിൽനിന്നും സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിൽനിന്നും കുഞ്ഞ് മത്തി മംഗളൂരുവിലേക്ക് കയറ്റിക്കൊണ്ടുവരാൻ തുടങ്ങിയതോടെ സംഭരണം കുറഞ്ഞ വളം നിർമാണ കമ്പനിക്കാർ മടക്കി അയയ്ക്കാനും തുടങ്ങി.
ഇത് മീൻപിടിത്ത മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. കുഞ്ഞൻ മത്തിയും അയലയും മറ്റ് മീനുകളും കൂടുതൽ എത്താൻ തുടങ്ങിയതോടെ ആവോലി, അയ്ക്കൂറ എന്നിവ ഒഴിച്ചുള്ള വലിയ മീനുകൾക്ക് വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മത്തിയുടെ ചാകര കൊണ്ട് സമൃദ്ധമായിരിക്കുകയാണ് മത്സ്യബന്ധന തുറമുഖങ്ങൾ. English Summary:
Sardine abundance is currently impacting Kerala\“s fish markets. The influx of small sardines has led to price drops for larger fish varieties, creating challenges for fishermen and the industry. Consequently, surplus sardines are being diverted to fertilizer production in Mangalore. |