മട്ടന്നൂർ∙ തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയാകുന്നു. ഡിസംബറിനം സർവേ പൂർത്തീകരിക്കാനാണ് ശ്രമം. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള വിജ്ഞാപനം കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും കൈവശക്കാരുടെ വിശദാംശങ്ങളും ഉൾപ്പെടെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം വരെ 24.5 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടത്. പഴശ്ശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി, തലശ്ശേരി വില്ലേജുകളിലെ സ്ഥലമാണ് ഏറ്റെടുക്കുക. കെആർഎഫ്ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല.
സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.റോഡ് നിർമിക്കാനായി 188 പേരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നാണ് തൃക്കാക്കര ഭാരതമാത സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് തയാറാക്കിയ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ പറയുന്നത്. 749 വീടുകളും 140 കടകളും 15 പൊതുമേഖലാ സ്ഥാപനങ്ങളും പൂർണമായോ ഭാഗികമായോ പൊളിച്ചുനീക്കേണ്ടി വരും. 4441 മരങ്ങൾ മുറിച്ചുനീക്കണം. റോഡിന്റെ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടു വർഷം മുൻപ് പൂർത്തിയാക്കിയിരുന്നു. പ്രാഥമിക സർവേയും നടത്തി.
സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നുവരുന്നത്. ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ വി.പി.നസീമയുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. ഡിസംബറോടെ സർവേ പൂർത്തീകരിച്ച് മൂല്യനിർണയത്തിലേക്ക് കടക്കും. റവന്യു, കൃഷി, വനം വകുപ്പുകൾ ചേർന്നാണ് വസ്തുവകകളുടെ മൂല്യ നിർണയം നടത്തുക. തുടർന്ന് നഷ്ടപരിഹാരം നിശ്ചയിച്ച് സ്ഥലമേറ്റെടുപ്പ് നടത്തും. English Summary:
Kannur Airport Road Development focuses on the land acquisition process for the Thalassery-Koduvalli road aimed at improving connectivity to Kannur Airport. The project involves constructing a four-lane road and addressing the social and environmental impact of land acquisition. |