ഏതാണ്ട് ആറു പതിറ്റാണ്ടുമുൻപ് നമ്പൂതിരിയെ ആദ്യമായി കണ്ടത് ഡൽഹിയിലെ കൊണാട്ട്പ്ലേസിൽവച്ചാണ്. നേരിലല്ല, വരകളിലൂടെ. തൂണിൽ ചാരിനിന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകൾ മറിക്കുമ്പോൾ ഒരു വരപ്രസാദമായി അദ്ദേഹം എന്റെയുള്ളിൽ നിറഞ്ഞു. ‘ദാഹിക്കുന്ന ഭൂമി’ എന്ന എന്റെ ആദ്യകഥയ്ക്കു പടം വരച്ചത് അദ്ദേഹമായിരുന്നു. അതിലെ പ്രധാന കഥാപാത്രമായ കിഴവന്റെ വരണ്ടുവെടിച്ച മുഖത്തെ ചുളിവുകളിലൂടെ ആ മനുഷ്യന്റെ ദുരിതമയമായ ജീവിതം അനായാസമായി വരഞ്ഞിടുകയായിരുന്നു ആ മഹാനായ ചിത്രകാരൻ. പറയാനുള്ളതു നേർത്ത വരകളിലൂടെ അതിശക്തമായി പറയുകയെന്ന ജാലവിദ്യ കൈവശമുള്ള ചിത്രകാരൻ. അക്കാര്യത്തിലെ മുൻപൻ എം.വി. ദേവൻ തന്നെയായിരുന്നു. ആനവാരി സീരിസിലൂടെ ആസ്വാദകരെ കീഴടക്കിയ ദേവന്റെ പിന്മുറക്കാരനായിരുന്നു നമ്പൂതിരി.
- Also Read രേഖാചിത്രങ്ങളുടെ വരപ്രഭാവം
വർഷങ്ങൾ കഴിഞ്ഞ്, ഞാൻ ‘നനഞ്ഞ മണ്ണ്’ എന്ന ആദ്യകാല നോവൽ എഴുതിയപ്പോൾ അതു മലയാളനാട്ടിൽതന്നെ കൊടുക്കണമെന്നു പറഞ്ഞത് അന്നു പത്രാധിപസമിതിയിലുണ്ടായിരുന്ന സുഹൃത്ത് കാക്കനാടനായിരുന്നു. അങ്ങനെ കയ്യെഴുത്തുപ്രതിയുടെ പൊതിക്കെട്ടുമായി കൊല്ലത്തേക്ക്. വാരികയുടെ ഉടമസ്ഥനായിരുന്ന എസ്.കെ.നായർ ആ രംഗത്തു നിറഞ്ഞുനിന്നിരുന്ന കാലം. നോവൽ ആരു വരയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചപ്പോൾ എനിക്കു നിർദേശിക്കാനുണ്ടായിരുന്നത് ഒരേയൊരു പേരു മാത്രം. പക്ഷേ, അതു നടക്കാത്ത കാര്യമാണെന്ന് ഉറപ്പായിരുന്നു. ഒരു പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്നയാൾ മറ്റൊന്നിൽ വരയ്ക്കുക ഏറക്കുറെ അസാധ്യം. അപ്പോൾ എസ്കെയുടെ മുഖത്തുകണ്ട ചിരിയുടെ അർഥം മനസ്സിലായതു പിന്നീടാണ്. അതായത്, അസാധ്യം എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ലെന്നു തന്നെ. അങ്ങനെ എന്റെ രണ്ട് ആദ്യകാല കഥാപാത്രങ്ങൾക്കും ജീവൻ കൊടുക്കുകയെന്ന അപൂർവദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. മനോരമയ്ക്കായി നമ്പൂതിരി വരച്ചത്
വർഷങ്ങൾക്കു ശേഷം, കോഴിക്കോട്ട് ഇടയ്ക്കിടെ പോകാൻ തുടങ്ങിയപ്പോൾ നമ്പൂതിരിയുമായി നല്ല അടുപ്പമായി. അന്ന് ഇതു പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. ‘ഇതാണ് സേതു, നിയോഗംന്ന് പറേണത്. സേതു ഒരുപാട് ഉപയോഗിച്ചിട്ടുള്ള വാക്ക്’: അദ്ദേഹം പറഞ്ഞു. പിന്നീട് എന്റെ പല കഥകൾക്കും അദ്ദേഹം ചിത്രീകരണം നടത്തിയിട്ടുണ്ടെങ്കിലും എന്റെ പ്രധാന നോവലുകൾക്കെല്ലാം വരച്ചത് എ.എസ്.നായരായിരുന്നു. ഇതെപ്പറ്റി ഒരിക്കൽ ചോദിച്ചപ്പോൾ നിറഞ്ഞചിരിയായിരുന്നു മൂപ്പരുടെ മുഖത്ത്. എംടി തിരഞ്ഞെടുക്കുന്ന മാറ്ററെല്ലാം ട്രേയിൽ ആർട്ടിസ്റ്റുകളുടെ മുറിയിലെത്തുന്നു. അതിൽനിന്ന് അവർതന്നെ ഓരോന്നു തിരഞ്ഞെടുത്തു വരയ്ക്കുന്നു; അങ്ങനെയായിരുന്നു അന്നത്തെ സമ്പ്രദായം. അത്തരം തിരഞ്ഞെടുപ്പ് എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയായും അതേ ചിരി. ‘വികെഎന്നിന്റെയും കുഞ്ഞബ്ദുല്ലയുടെയും എന്തുകണ്ടാലും ഞാൻ കേറി എടുക്കും. അസാരം നർമവും കുസൃതിത്തരവും ഇഷ്ടമാണെനിക്ക്’. അങ്ങനെ വികെഎന്നും നമ്പൂതിരിയും ചേർന്നുള്ള മേളപ്പെരുക്കങ്ങളിലൂടെ ഒട്ടേറെ ഉയിരുള്ള കഥാപാത്രങ്ങൾ പിറന്നുവീണു. വർഷങ്ങൾക്കു മുൻപു പല ബഷീറിയൻ രചനകളെയും ഒരർഥത്തിൽ ‘പൂരിപ്പിക്കുകയെന്ന’ ദൗത്യം ഏറ്റെടുത്തതു ദേവനായിരുന്നു. അതുകൊണ്ടുതന്നെ ആ രചനകളെല്ലാം ആദ്യം പുസ്തകമായതു ദേവന്റെ ചിത്രങ്ങളോടെയാണ്. ഉമ്മാച്ചുവിന്റെ ആദ്യത്തെ കവറും ദേവൻ വരച്ച ഉമ്മാച്ചുവിന്റെ ചിത്രമാണ്.Artist Namboothiri, Mohanlal, Vanaprastham movie, Rekha Chitrangal (Line Art), Kerala Art, Contemporary Malayalam Weekly, MT Vasudevan Nair, Randamoozham illustrations, Malayala Manorama Online News, Kerala Renaissance Art, editorial, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ സേതുവിന്റെ ബാങ്ക് ജീവിത സ്മരണകളിലൂടെ
പിന്നീട് എഴുത്തുകാരനും ചിത്രകാരനും തമ്മിലുള്ള കൂട്ടായ്‌മ എന്ന സങ്കൽപം ഏറ്റവും സാർഥകമായത് എംടിയുടെ രണ്ടാമൂഴത്തിന്റെ രചനയിലായിരുന്നു. മലയാള നോവൽ ചരിത്രത്തിൽതന്നെ വേറിട്ടുനിന്ന രൂപങ്ങളായിരുന്നു അതിലെ ഭീമനും ദ്രൗപദിയും മറ്റും. കരുത്തനായ ഭീമന്റെയുള്ളിലെ നിസ്സഹായതയും വേദനയുമെല്ലാം നേർത്തവരകളിലൂടെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം കാട്ടിയ കയ്യടക്കം വിസ്മയകരമായിരുന്നു. ഗദയും കയ്യിൽപിടിച്ചു നീണ്ടുനിവർന്നുനിൽക്കുന്ന ഭീമന്റെ ചിത്രം പലരുടെയും മനസ്സിലുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങളില്ലാതെ രണ്ടാമൂഴത്തെപ്പറ്റി സങ്കൽപിക്കാനാവില്ല പലർക്കും. പുസ്തകത്തിന്റെ ആദ്യപതിപ്പിൽ ഈ ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഓർമ. ആരോ ചൂണ്ടിക്കാണിച്ചപോലെ ഭീമനെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത സങ്കൽപങ്ങളെയെല്ലാം തച്ചുടച്ച്, ആശങ്കകളും ആകുലതകളും ആർദ്രഭാവങ്ങളുമെല്ലാം ഉള്ളിലൊതുക്കി കഴിയുന്ന, എന്തിലും ഏതിലും രണ്ടാമനായി നിൽക്കേണ്ടി വന്ന സാധാരണ മനുഷ്യന്റെ നിസ്സഹായത വാക്കുകളിലൂടെ പകർത്തിവയ്ക്കാൻ നോവലിസ്റ്റ് ശ്രമിച്ചപ്പോൾ അതു പൂർണതയിലെത്തിക്കുന്നതിലുള്ള ചിത്രകാരന്റെ കൈത്താങ്ങ് വിസ്മയകരമായിരുന്നു.
പിന്നീട് എഴുപതുകളിൽ ഞാൻ തിരുവനന്തപുരത്തെത്തിയപ്പോൾ രസകരമായൊരു കൂട്ടായ്‌മയുടെ ഭാഗമായി. അരവിന്ദന്റെ നേതൃത്വത്തിൽ നട ക്കാറുള്ള, നികുഞ്ജം ഹോട്ടലിലെ ഒത്തുകൂടലുകളിലെ സജീവാംഗമായിരുന്നു നമ്പൂതിരി. അദ്ദേഹത്തിന്റെ ചില കലാസൃഷ്ടികളുമുണ്ടായിരുന്നു ആ ഹോട്ടലിൽ. പത്മരാജൻ, നെടുമുടി വേണു, ഭരതൻ അങ്ങനെ ആരൊക്കെ... പ്രായവ്യത്യാസം മറന്ന് എല്ലാവരോടുമൊപ്പം തമാശകൾ പൊട്ടിച്ചു രസിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു നമ്പൂതിരിക്ക്. ഒരിക്കൽ അദ്ദേഹത്തിന്റെ കരുവാട്ട്‌മനയിലേക്കു ക്ഷണിച്ചിരുന്നെങ്കിലും പോകാൻ കഴിയാത്തതിന്റെ ഖേദമുണ്ട്.
ഈ ജന്മശതാബ്ദി വേളയിൽ ആ മഹാനായ കലാകാരന്, മുതിർന്ന സുഹൃത്തിനു പ്രണാമം. English Summary:
Artist Namboothiri : Artist Namboothiri was a renowned artist known for his impactful contributions to Malayalam literature and art. His art brought life to many iconic Malayalam literary works. He left behind a legacy of artistic excellence, blending fine lines with deep emotional resonance. |